യുഎസ് വ്യാപാര കമ്മി ഫെബ്രുവരിയില്‍ 9.6% താഴ്ന്നു

യുഎസ് വ്യാപാര കമ്മി ഫെബ്രുവരിയില്‍ 9.6% താഴ്ന്നു

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ട്രംപിന്റെ കൂടികാഴ്ച ഇന്ന്

വാഷിംഗ്ടണ്‍: യുഎസ് വ്യാപാര കമ്മി ഫെബ്രുവരിയില്‍ 9.6 ശതമാനം താഴ്ന്ന് 43.6 ബില്യണ്‍ ഡോളറിലെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജനുവരിയില്‍ അമേരിക്കയുടെ വ്യാപാര കമ്മി അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിരുന്നു. ഫെബ്രുവരിയില്‍ 44.5 ബില്യണ്‍ ഡോളര്‍ വ്യാപാര കമ്മി രേഖപ്പെടുത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാല്‍, സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വ്യാപാര കമ്മി ഇടിഞ്ഞതായി എഫെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുഎസിലേക്കുള്ള ഇറക്കുമതിയില്‍ 1.8 ശതമാനത്തിന്റെ കുറവാണ് ഫെബ്രുവരിയില്‍ അനുഭവപ്പെട്ടിട്ടുള്ളത്. ഇറക്കുമതി 1.8 ശതമാനം കുറഞ്ഞ് 236.4 ബില്യണ്‍ ഡോളറിലെത്തി. അതേസമയം കയറ്റുമതിയില്‍ വളര്‍ച്ച രേഖപ്പെടുത്തിയതയാണ് റിപ്പോര്‍ട്ട്. കയറ്റുമതി 0.20 ശതമാനം ഉയര്‍ന്ന് 192.9 ബില്യണ്‍ ഡോളറിലെത്തിയതായി യുഎസ് വാണിജ്യ വകുപ്പ് അറിയിച്ചു.
എന്നാല്‍ നടപ്പുവര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലെയും വ്യാപാര കമ്മി മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.1 ശതമാനം കൂടുതലാണ്.

ചൈനയുമായുള്ള വ്യാപാരത്തില്‍ അമേരിക്കയുടെ വ്യാപാര കമ്മി ജനുവരിയിലെ 31.3 ബില്യണ്‍ ഡോളറില്‍ നിന്നും ഫെബ്രുവരിയില്‍ 23 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചൈനയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ചൈന അന്യായമായ രീതിയില്‍ വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് ട്രംപ് കുറ്റപ്പെടുത്തിയത്. ട്രംപ് ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ഇന്ന് കൂടികാഴ്ച നടത്താനിരിക്കുകയാണ്.

അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലെ ആശാസ്യകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് എന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ വാരം ട്രംപ് രണ്ട് എക്‌സിക്യൂട്ടിവ് ഓര്‍ഡറുകളില്‍ ഒപ്പുവെച്ചിരുന്നു. ഇത്തരം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ യുഎസില്‍ ഉല്‍പ്പാദന മേഖലയുമായി ബന്ധപ്പെട്ട ദശലക്ഷകണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും ട്രംപ് ആരോപിച്ചിരുന്നു.

Comments

comments

Categories: Business & Economy, World