രാജ്യത്തെ ട്രാക്ടര്‍ വിപണി വളര്‍ന്നു

രാജ്യത്തെ ട്രാക്ടര്‍ വിപണി വളര്‍ന്നു

2016 ഏപ്രില്‍-2017 ജനുവരി കാലയളവില്‍ ആഭ്യന്തര വില്‍പ്പന 18.2 ശതമാനം വര്‍ധിച്ചു. കയറ്റുമതിയില്‍ മാറ്റമില്ല

ന്യൂ ഡെല്‍ഹി : 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ട്രാക്ടര്‍ വില്‍പ്പനയില്‍ വളര്‍ച്ച. 2016 ഏപ്രില്‍-2017 ജനുവരി കാലയളവില്‍ ആഭ്യന്തര വില്‍പ്പന 18.2 ശതമാനം വര്‍ധിച്ചപ്പോള്‍ കയറ്റുമതിയില്‍ മാറ്റം പ്രകടമായില്ല. കാര്‍ഷിക മേഖലയിലെ അനുകൂല സാഹചര്യങ്ങളും കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളെ അപേക്ഷിച്ച് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മികച്ചതായതും ആഭ്യന്തര വിപണിയില്‍ ട്രാക്ടര്‍ വില്‍പ്പന വര്‍ധിക്കുന്നതിന് കാരണമായി.

മണ്‍സൂര്‍ തിമിര്‍ത്തുപെയ്തത് ഖാരിഫ് വിളയ്ക്ക് അനുഗ്രഹവര്‍ഷമായി മാറി. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നത് റാബി വിള കാലത്ത് പ്രയോജനപ്പെട്ടതായി പുതിയ റിപ്പോര്‍ട്ടില്‍ റേറ്റിംഗ് ഏജന്‍സിയായ ഇക്ര ചൂണ്ടിക്കാട്ടി. ആഭ്യന്തര വിപണിയിലെ വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ 2018 സാമ്പത്തിക വര്‍ഷത്തില്‍ ട്രാക്റ്റര്‍ വിപണി 6-7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഇക്രയുടെ നിഗമനം. ട്രാക്ടര്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന ദീര്‍ഘകാല സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കായ 8-9 ശതമാനത്തിന് താഴെയാണിത്. വിപണിയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതായും ഇക്ര ചൂണ്ടിക്കാട്ടി.

ഗ്രാമീണ വികസനത്തിനും കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തിനും കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ കാര്‍ഷിക മേഖലയുടെ സ്ഥിതി മെച്ചപ്പെടുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ചത് ഇതുതന്നെയാണ്. ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പുതിയ വകയിരുത്തലുകള്‍ നടത്തി തുടര്‍ച്ചയായ പിന്തുണ നല്‍കി വരുന്നത് മഴയെ ആശ്രയിക്കുന്നതില്‍നിന്ന് കര്‍ഷകരെ ക്രമേണ പിന്തിരിപ്പിക്കും. ഗ്രാമീണ മേഖലയില്‍ മെച്ചപ്പെട്ട കൂലി ലഭിക്കുന്നതും കാര്‍ഷിക മേഖലയില്‍ പണിക്ക് ആളെ കിട്ടാത്തതും ദീര്‍ഘകാലത്തേക്ക് ട്രാക്ടര്‍ വിപണിയില്‍ വില്‍പ്പന വളര്‍ച്ച ഉറപ്പാക്കും.

ട്രാക്ടര്‍ വിപണിയുടെ കുതിപ്പിന് നവംബറില്‍ തടസ്സം നേരിട്ടുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതാണ് ട്രാക്ടര്‍ വിപണിയെയും ബാധിച്ചത്. 2015 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 13 ശതമാനം ഇടിവാണ് സംഭവിച്ചത്. എന്നാല്‍ പിന്നീട് വിപണി കരകയറി. ഡിസംബറില്‍ എട്ട് ശതമാനവും 2017 ജനുവരിയില്‍ ആറ് ശതമാനവുമാണ് ട്രാക്ടര്‍ വില്‍പ്പനയില്‍ വളര്‍ച്ച നേടിയത്. ഫെബ്രുവരിയിലും പ്രമുഖ ട്രാക്ടര്‍ നിര്‍മ്മാതാക്കള്‍ക്കെല്ലാം ആഭ്യന്തര വിപണിയില്‍ നല്ല വില്‍പ്പന കൈവരിക്കാനായി.

എന്നാല്‍ ട്രാക്ടറുകളുടെ കയറ്റുമതി വളര്‍ച്ച 2016-17 സാമ്പത്തിക വര്‍ഷത്തിലും ദുര്‍ബലമായിരുന്നുവെന്ന് ഇക്ര റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള വിപണികളില്‍ ആവശ്യകത കുറഞ്ഞതാണ് വില്‍പ്പന കണക്കുകളില്‍ മാറ്റം വരാതിരിക്കുന്നതിന് കാരണം. വിവിധ രാജ്യങ്ങളിലെ വിതരണ ശൃംഖലകള്‍ വര്‍ധിപ്പിച്ചും ഓരോ വിപണിക്കും അനുയോജ്യമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയും ട്രാക്ടര്‍ നിര്‍മ്മാതാക്കള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ആഗോള വിപണികളിലെ മോശം ആവശ്യകത കയറ്റുമതിയെ ബാധിച്ചു. വിപണിയുടെ നേതൃത്വം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കൈകളില്‍തന്നെ ഭദ്രമായപ്പോള്‍ ‘ടാഫേ’ കമ്പനിക്ക് വിപണിവിഹിതം കുറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ വിവിധ കമ്പനികളുടെ വിപണി വിഹിതത്തില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും ആഭ്യന്തര ട്രാക്ടര്‍ വിപണിയിലെ മത്സര തീവ്രത ഉയര്‍ന്നുതന്നെയാണ്. 2017 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 44 ശതമാനം വിപണി വിഹിതത്തോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തന്നെയാണ് അനിഷേധ്യനായി മുന്നില്‍നില്‍ക്കുന്നത്. രാജ്യത്തെ എല്ലാ പ്രാദേശിക വിപണികളില്‍നിന്നും വിപണി വിഹിതം ഉറപ്പാക്കാന്‍ മഹീന്ദയ്ക്ക് സാധിച്ചു. ബ്രാന്‍ഡ് നാമവും പാന്‍-ഇന്ത്യാ സാന്നിധ്യവും കമ്പനിയെ തുണച്ചു.

രണ്ടാം സ്ഥാനത്തുള്ള ചെന്നൈ ആസ്ഥാനമായ ടാഫേയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി വിവിധ വിപണികൡല്‍നിന്നുള്ള വിഹിതം കുറയുകയാണ്. രാജ്യത്തെ നാലാമത്തെ വലിയ ട്രാക്ടര്‍ നിര്‍മ്മാതാക്കളായ എസ്‌കോര്‍ട്‌സ് മിക്ക വിപണികളില്‍നിന്നും വിപണി വിഹിതം പിടിച്ചെടുത്തു. വൈവിധ്യമാര്‍ന്ന ട്രാക്ടറുകളുടെ നിരയാണ് കമ്പനിയെ ഇതിന് സഹായിച്ചത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ കമ്പനിക്ക് വലിയ സ്വാധീനമില്ലാത്തത് രാജ്യമൊട്ടാകെയുള്ള വിപണി വിഹിതം കുറയുന്നതിനിടയാക്കി.

2016 സാമ്പത്തിക വര്‍ഷം വില്‍പ്പന വളര്‍ച്ച നേടിയ ഒരേയൊരു കമ്പനിയായ ‘ജോണ്‍ ഡീര്‍’ വിപണിയിലെ സാന്നിധ്യം ഇത്തവണ വര്‍ധിപ്പിച്ചു. ദക്ഷിണേന്ത്യയാണ് ജോണ്‍ ഡീറിന് നേട്ടമുണ്ടാക്കിക്കൊടുത്തത്.

Comments

comments

Categories: Auto, Business & Economy