ജീവനക്കാര്‍ക്ക് പുതിയ വൈദഗ്ധ്യങ്ങള്‍ നല്‍കി ടെലികോം കമ്പനികള്‍

ജീവനക്കാര്‍ക്ക് പുതിയ വൈദഗ്ധ്യങ്ങള്‍ നല്‍കി ടെലികോം കമ്പനികള്‍

വന്‍ തൊഴില്‍ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്

മുംബൈ: ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ ഏകീകരണ ഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ടെലികോം മേഖല സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സംയോജനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. ഇതിന്റെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ടെലികോം കമ്പനികള്‍. ജീവനക്കാരെ പുതിയ വൈദഗ്ധ്യങ്ങള്‍ പരിശീലിപ്പിച്ച് സാധ്യമെങ്കില്‍ സ്ഥാപനത്തില്‍ തന്നെ നിലനിര്‍ത്തുന്നതിനും അല്ലെങ്കില്‍ മറ്റു ജോലികള്‍ തേടുന്നതിന് സഹായിക്കാനുമാണ് ടെലികോം കമ്പനികളുടെ ശ്രമം.

വിവധ തലങ്ങളിലുള്ള ജീവനക്കാര്‍ക്ക് പുതിയ ചുമതലകളില്‍ കൂടുതല്‍ മികവും വേഗതയുമുണ്ടാകാനുള്ള പരിശീലനം നല്‍കാന്‍ വിദഗ്ധരെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടെലികോം മേഖലയിലെ എക്‌സിക്യൂട്ടിവുകളും ഔട്ട്‌പ്ലേസ്‌മെന്റ് ഏജന്‍സികളും പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് പ്രമുഖ ടെലികോം കമ്പനികളുമായി ഇത് സംബന്ധമായ ഇടപെടല്‍ നടത്തിയിരുന്നുവെന്ന് മുന്‍നിര ഔട്ട്‌പ്ലേസ്‌മെന്റ് കമ്പനിയായ റൈറ്റ് മാനേജ്‌മെന്റ് പറയുന്നു. അവരുടെ തൊഴില്‍ ശക്തിയെ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാണമെന്നതായിരുന്നു അവരുടെ നിര്‍ദേശം.

ടെലികോം മേഖലയില്‍ ഏകീകരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ബിസിനസ് മോഡലുകളില്‍ വ്യത്യാസം വരുന്നില്ല. അതിനാല്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനുള്ള വ്യാപ്തി ഏകീകരിക്കപ്പെട്ട കമ്പനികള്‍ക്കുണ്ടാകില്ലെന്ന് റൈറ്റ് മാനേജ്‌മെന്റിന്റെ കണ്‍ട്രി മാനേജരായ പ്രശാന്ത് പാണ്ഡെ പറയുന്നു.ജീവനക്കാര്‍ അവധി ആവശ്യപ്പെട്ടുവെന്നാണ് ടെലികോം കമ്പനികള്‍ കാണിക്കുക. ഇല്ലെങ്കില്‍ അത് കമ്പനിയില്‍ തുടരുന്നവരെ ബാധിക്കാനും കമ്പനിയുടെ തൊഴില്‍ സംസ്‌കാരത്തിന് നാശം സംഭവിക്കാനും കാരണമായേക്കാമെന്നും അദ്ദേഹം പറയുന്നു.

ജോലിക്കുറവും മറ്റ് കാരണങ്ങള്‍ കൊണ്ടും ഒരു കമ്പനി ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് മറ്റ് കമ്പനികളില്‍ ജോലി നേടിയെടുക്കുന്നതിന് സഹായിക്കുന്ന സേവനമാണ് ഔട്ട്‌പ്ലേസ്‌മെന്റ് കമ്പനികള്‍ ചെയ്യുന്നത്. ചില ടെലികോം കമ്പനികളാകട്ടെ നേരത്ത് ഔട്ട്‌സോഴ്‌സ് ചെയ്തിരുന്ന പല ജോലികളെയും കമ്പനിയില്‍ അധികമാകുന്ന ജീവനക്കാരെ കൊണ്ട് ചെയ്യിക്കാനാകുമോയെന്ന് ശ്രമിക്കുന്നുണ്ട്. ഇതിനാവശ്യമായ പരിശീലനങ്ങളും അവര്‍ നല്‍കുന്നുണ്ടെന്നും ഒരു മുതിര്‍ന്ന ടെലികോം അനലിസ്റ്റ് പറയുന്നു. ജോലിയില്‍ ഉയര്‍ന്ന് വരുന്ന വെല്ലുവിളികളെയും അവസരങ്ങളെയും നേരിടുന്നതിനാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. മാത്രമല്ല അവര്‍ക്ക് ഭരണപരമായ കഴിവുകളും നേതൃത്വ മികവും നേടിയെടുക്കാനും ഇത്തരം പരിശീലനം സഹായിക്കുന്നുെവന്ന് എയര്‍സെല്ലിലെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറായ സന്ദീപ് ഗാന്ധി പറഞ്ഞു.

റിലയന്‍സ് ജിയോയുടെ കടന്നുവരവിനെ തുടര്‍ന്നാണ് ടെലികോം മേഖലയില്‍ ഏകീകരണ പ്രവണത ശക്തി പ്രാപിച്ചത്. രാജ്യത്തെ ടെലികോം മേഖലയിലെ രണ്ടും മൂന്നും സ്ഥാനക്കാരായിരുന്ന ഐഡിയയും വൊഡാഫോണും തമ്മില്‍ ലയനം പ്രഖ്യാപിച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, എയര്‍സെല്‍,എംടിഎസ് എന്നിവയും തങ്ങളുടെ ബിസിനസ്സ് ഏകീകരിക്കുകയാണ്. വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ഭാരതി എയര്‍ടെല്ലാകട്ടെ ടെലിനോര്‍ ഇന്ത്യയെ വാങ്ങുന്നു. അടുത്ത 12-18 മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഏകീകരണം വഴി നേരിട്ടും അല്ലാതെയും മൂന്ന് ലക്ഷത്തിലേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും.

Comments

comments

Categories: Business & Economy