ഒലീവ് ലൈഫ്‌സയന്‍സ് സബിന്‍സയ്ക്ക് 2.2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്

ഒലീവ് ലൈഫ്‌സയന്‍സ് സബിന്‍സയ്ക്ക് 2.2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: ലോകത്തില്‍ ഡയറ്റ് ഉല്‍പ്പന്നങ്ങളുടെ വിതരണരംഗത്തെ മുന്‍നിരക്കാരായ സബിന്‍സ കോര്‍പ്പറേഷന്‍, ഒലിവ് ലൈഫ്‌സയന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സബിന്‍സയ്ക്ക് അനുകൂലമായി കോടതി ഉത്തരവ്. ഒലിവ് ലൈഫ്‌സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ദീര്‍ഘകാലമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പേറ്റന്റില്‍ മനഃപൂര്‍വ്വമായ നിയമലംഘനം നടത്തുന്നതായി ആരോപിച്ച് 2014 ജൂലൈ 30ന് യുഎസിലെ ജില്ലാ കോടതിയില്‍ സബിന്‍സ കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം സബിന്‍സ കോര്‍പ്പറേഷന് ഒലിവ് ലൈഫ്‌സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 2.2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

സബിന്‍സ ഗ്രൂപ്പിന്റെ മഞ്ഞളില്‍ അധിഷ്ഠിതമായ സി3 കോംപ്ലെക്‌സ് പേറ്റന്റ് അനധികൃതമായി ഉപയോഗപ്പെടുത്തി ഒലിവ് ഉല്‍പ്പന്നങ്ങള്‍ തയാറാക്കി വില്‍ക്കുന്നതായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സബിന്‍സ ഗ്രൂപ്പിന്റെ പേറ്റന്റില്‍ ഒലിവ് മനഃപൂര്‍വം നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിനെ തുടര്‍ന്നാണ് സബിന്‍സയ്ക്ക് അനുകൂലമായി കോടതി ഉത്തരവുണ്ടായത്.

തങ്ങള്‍ക്ക് ബൗദ്ധികാവകാശമുള്ള ഉല്‍പ്പന്നങ്ങളില്‍ മറ്റ് കമ്പനികള്‍ക്ക് എളുപ്പത്തില്‍ നിയമലംഘനം നടത്താന്‍ സാധിക്കില്ലെന്നാണ് ഊ കേസിലൂടെ വ്യക്തമാകുന്നതെന്ന് സബിന്‍സ സ്ഥാപകന്‍ ഡോ. മുഹമ്മദ് മജീദ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ നിരവധി കേസുകളില്‍ തങ്ങള്‍ക്ക് അനുകൂലമായി വിധി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി പ്രൊഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഹെര്‍ബക്രാഫ്റ്റ് ഇന്‍ക്, ന്യൂട്രിബയോലിങ്ക് എല്‍എല്‍സി, ചെമില്‍ ഇന്‍ക് നാച്ചുറല്‍ ഇന്‍ഗ്രെഡിയന്‍സ് എല്‍എല്‍സി തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് പേറ്റന്റിലുള്ള കടന്നുകയറ്റം ആരോപിച്ച് സബിന്‍സ ഗ്രൂപ്പ് മുന്‍പ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

സബിന്‍സ ഗ്രൂപ്പിന്റെ ബൗദ്ധിക സമ്പത്തില്‍ കടന്നുകയറ്റം നടത്താനുദ്ദേശിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനു പകരം സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ എതിരാളികള്‍ തയാറുകുകയാണ് വേണ്ടതെന്നും മജീദ് പറയുന്നു.

Comments

comments