മദ്യ വിപണി വളര്‍ത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍

മദ്യ വിപണി വളര്‍ത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍

മദ്യപാനം മുമ്പത്തേപ്പോലെയല്ല, നിയമവും ചട്ടങ്ങളും കര്‍ശനമാകുമ്പോള്‍ വീര്യം കുറഞ്ഞ മദ്യം മുതല്‍ മദ്യപിച്ച ശേഷം വാഹനസൗകര്യം വരെ ഒരുക്കുന്ന നിരവധി ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് മദ്യപരെ ലക്ഷ്യമാക്കി വളരുന്നത്

ഇന്ത്യയിലെ മദ്യ ഉപഭോഗം കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രതിവര്‍ഷം ശരാശരി 8.9 ശതമാനം വരെ വര്‍ധിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം വില്‍പ്പന 22 ബില്യണ്‍ ഡോളറിലെത്തി. ലോകത്തെ മൂന്നാമത്തെ വലിയ മദ്യവിപണിയാണ് ഇന്ത്യ.

മൊത്തത്തിലുള്ള ചില്ലറ വിപണിയുടെ വലുപ്പം പ്രതിവര്‍ഷം 35 ബില്യണ്‍ ഡോളര്‍ വരെയാണ്. പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടന, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ( ഒഇസിഡി ) സംഘടിപ്പിച്ച പഠനപ്രകാരം കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ മദ്യ ഉപയോഗം 55 ശതമാനത്തിലധികമായാണ് വര്‍ധിച്ചത്. 1992 മുതല്‍ 2012 വരെയുള്ള കാലഘട്ടമാണ് ഇവര്‍ പഠനത്തിന് ആധാരമാക്കിയത്.

മദ്യപിക്കുന്നതിനുള്ള ശരാശരി പ്രായപരിധി ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. 18 മുതല്‍ 25 വരെയാണിത്. 2013ലെ കണക്കുകള്‍ പ്രകാരം നിയമപരമായി അനുവദിക്കപ്പെട്ട പ്രായത്തില്‍ മദ്യപിക്കുന്നവരായി 485 മില്യണ്‍ ജനങ്ങളാണ് ഇന്ത്യയിലുള്ളത്. മെക്‌സിക്കോയിലെയും അമേരിക്കന്‍ ഐക്യനാടുകളിലെയും ആകെ ജനസംഖ്യയേക്കാള്‍ അധികമാണിത്.

2018 ആകുമ്പോഴേക്കും ഇതിലേക്ക് 150 മില്യണ്‍ ജനങ്ങള്‍ കൂടി ചേരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യയിലെ ഉപഭോഗ സാധ്യത ശക്തമാണെന്നല്ല, അതിശക്തമാണ് എന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് പെര്‍നോഡ് റിച്ചാര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അലക്‌സാന്‍േ്രഡ റിച്ചാര്‍ഡ് ഫെബ്രുവരിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡിസ്റ്റിലര്‍ റോയല്‍ സ്റ്റാഗും ഇംപീരിയല്‍ ബ്ലൂ വിസ്‌കിയും ഇന്ത്യയില്‍ വില്‍ക്കുന്നു.

വലിയ ബ്രാന്‍ഡുകള്‍ മാത്രമല്ല, യുവാക്കളായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് വിപണി കീഴടക്കാന്‍ നിരവധി സ്റ്റാര്‍ട്ടപ്പുകളും മേഖലയില്‍ സജീവമാണ്. മൈക്രോബ്രൂവെറീസും ആപ്പുകളും അടക്കം വിപുലമാണ് ഈ മേഖല.

വിപണി കീഴടക്കാന്‍ ആഭ്യന്തര ബിയര്‍ ബ്രാന്‍ഡുകള്‍

2015-2020 കാലഘട്ടത്തില്‍ ബിയര്‍ വില്‍പ്പനയില്‍ ശരാശരി 5.7 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വീര്യമേറിയ മദ്യത്തിന്റെ വളര്‍ച്ച രണ്ട് ശതമാനത്തിലും താഴെയായിരിക്കും. ഗവേഷണ സ്ഥാപനം യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ കണ്ടെത്തലുകള്‍ പ്രകാരം മധ്യവര്‍ഗ്ഗത്തിന്റെ വ്യാപനവും സമൂഹ മദ്യപാനത്തിലെ വര്‍ധനവും ബിയര്‍ ഉപഭോഗത്തിലുള്ള വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും വീര്യം കൂടി മദ്യം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ബിയറിന്റെ ഉപഭോഗത്തില്‍ വര്‍ധനവുണ്ടാകുന്നതിന് പ്രധാനകാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.

വീര്യമേറിയ മദ്യത്തെ അപേക്ഷിച്ച് ബിയര്‍ തുടക്കക്കാര്‍ക്കുള്ള പാനീയമെന്ന നിലയിലാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ക്രാഫ്റ്റ് ബിയര്‍വില്‍പ്പനയുടെ ഒരു തരംഗം തന്നെയാണ് കാണാന്‍ സാധിച്ചിരുന്നത്. വീര്യമേറിയ മദ്യത്തിനെതിരേ മിക്ക സംസ്ഥാനങ്ങളും ശക്തമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ വരാനിരിക്കുന്ന നിരോധനങ്ങള്‍ ബിയറിനെ അപേക്ഷിച്ച് മദ്യത്തെയാണ് ഏറെ ബാധിക്കുക എന്നാണ് കരുതപ്പെടുന്നത്.

ബിയര്‍ വിപണിയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇഷാന്‍ പുരി ഇന്ത്യയിലെ ആദ്യത്തെ ക്രാഫ്റ്റ് ബിയര്‍ ‘വൈറ്റ് റിനോ’ 2016 ഒക്‌റ്റോബറില്‍ ലോഞ്ച് ചെയ്തത്. വിപണിയിലിറങ്ങിയ ഉടന്‍ തന്നെ ബിയര്‍ പ്രേമികളുടെ ഇഷ്ട ബ്രാന്‍ഡായി വൈറ്റ് റിനോ മാറി. 2015 ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത ബിറ 91ന്റെ പാറ്റേണിലുള്ള ക്രാഫ്റ്റ് ബിയറാണ് ഇതും. അങ്കൂര്‍ ജെയിന്‍ എന്ന ഡെല്‍ഹിക്കാരനായ സംരംഭകന്റെ തലയിലുദിച്ച ആശയമായിരുന്നു ബിറ 91.

ഇന്ത്യയില്‍ ലഭ്യമായ മദ്യത്തില്‍ അസംതൃപ്തി തോന്നിയ ജെയിന്‍, ബെല്‍ജിയത്തിലെ ഫഌന്‍ഡേഴ്‌സില്‍ മദ്യനിര്‍മാണ കേന്ദ്രം ആരംഭിക്കാനും അവിടെ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും തീരുമാനിച്ചു. ന്യൂയോര്‍ക്കില്‍ ഈ വേനല്‍ക്കാലത്ത് ലോഞ്ച് ചെയ്ത ബിറ 91 ഡെല്‍ഹി, മുംബൈ, ബെംഗളൂരു, പൂനെ, ഗോവ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഈ ബ്രാന്‍ഡ് ലഭ്യമാണ്. ന്യൂയോര്‍ക്കില്‍ ചെറിയ ഓഫീസും ടീമും ജെയിന്‍ ഒരുക്കിയിട്ടുണ്ട്.

അങ്കൂര്‍ ജെയിനില്‍ നിന്നു വ്യത്യസ്തമായി ഇഷാന്‍പുരി വൈറ്റ്‌റിനോയുടെ വിതരണം ഗുരുഗ്രാമില്‍ പരിമിതപ്പെടുത്തുകയാണ് ഉണ്ടായത്. 2016 ഡിസംബര്‍ അവസാനം ന്യൂഡെല്‍ഹിയില്‍ എത്തുന്നതിന് മുമ്പ് വരെ ഇതു തുടര്‍ന്നു. നാലുമാസങ്ങളായി വൈറ്റ്‌റിനോയുടെ വില്‍പ്പന അരമില്യണ്‍ ലിറ്റര്‍ എന്ന വലിയ നിലയിലേക്കുയര്‍ന്നു. ഇപ്പോള്‍ ഡെല്‍ഹിയിലും ഗുരുഗ്രാമിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ഭാവിയില്‍ കൂടുതല്‍ വിപുലീകരണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് ഇഷാന്‍ പുരി ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ വേനലില്‍ തന്നെ കര്‍ണാടക- മഹാരാഷ്ട്ര വിപണികളിലേക്ക് ചുവുവയ്ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇന്ന് രണ്ട് വിഭാഗത്തിലാണ് വൈറ്റ്‌റിനോ വിപണിയില്‍ ലഭ്യമാകുന്നത്. ബെല്‍ജിയന്‍ രീതിയിലെ ഗോതമ്പ് ബിയര്‍, മ്യൂണിച്ച് സ്റ്റൈലിലുള്ള മറ്റൊരു വിഭാഗം എന്നിവയാണവ. ന്യൂഡെല്‍ഹിയില്‍ 160 രൂപയും ഗുരുഗ്രാമില്‍ 150 രൂപയുമാണിതിന്റെ വില.

മദ്യം വാങ്ങാം സ്മാര്‍ട്ട്‌ഫോണുകള്‍ വഴിയും

2013ലാണ് അനീഷ് ഭാസിനും ഷിലാദിത്യ മുഖോപാധ്യായയും ചേര്‍ന്ന് ഹിപ്കാസ്‌ക് ബിയര്‍ സ്ഥാപിക്കുന്നത്. തുടക്കത്തില്‍ മുംബൈയിലെ ചില പ്രമുഖ പബ്ബുകളുമായും റസ്റ്റൊറന്റുകളുമായും ഇവര്‍ക്ക് പങ്കാളിത്തമുണ്ടായിരുന്നു. അവര്‍ വിശദമാക്കുന്ന രീതിയില്‍ ഒരു ‘ പ്രീ പെയ്ഡ് ബിയര്‍ പ്ലാനാ’യി ഉപഭോക്താക്കള്‍ക്ക് ഇത് വാങ്ങാവുന്നതാണ്. ഹിപ്കാസ്‌കിന് പങ്കാളിത്തമുള്ള റസ്റ്റൊറന്റുകളിലും ബാറുകളിലും പ്രത്യേക ബ്രാന്‍ഡിലുള്ള ബിയറുകള്‍ക്കു മേല്‍ ഇവര്‍ പ്രത്യേക ഓഫറുകളും വിലക്കിഴിവും നല്‍കും.

ഇന്നത്തെ രൂപത്തിലുള്ള ആവിര്‍ഭാവത്തിന് മുന്‍പ് ബിയര്‍, വിസ്‌കി, വൈന്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു കണ്ടന്റ് ഡിസ്‌കവറി ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിസ്‌കികള്‍ക്കും വൈനുകള്‍ക്കും പാസ്‌പോര്‍ട്ടുകള്‍ നല്‍കാനും ഈ വര്‍ഷം ഹിപ്കാസ്‌ക് പദ്ധതിയിടുന്നുണ്ട്.

ഹിപ്പ് ബാര്‍ ആപ്പ് എന്ന മൊബീല്‍ കാറ്ററിംഗ് നെറ്റ്‌വര്‍ക്കും പുതുതായി ഇതിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കുകളിലും നിരക്കിളവുകളിലും ഇപഭോക്താക്കള്‍ക്ക് ഈ വാലറ്റ് വഴി മദ്യം ലഭ്യമാകും. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ ഓണ്‍ലൈനില്‍വാങ്ങാന്‍ ഇതുവഴി അവര്‍ക്ക് സാധിക്കും. രാജ്യത്തെ ഏത് റസ്റ്റൊറന്റുകളിലും ഹോട്ടലുകളിലും ഈ സേവനം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

പാര്‍ട്ടികളിലെ ഉപഭോക്താക്കള്‍ക്കായി

സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ക്കായി യൂബര്‍, ഒല എന്നിവ പോലുള്ള ആപ് അധിഷ്ഠിത ക്യാബ് സേവനദാതാക്കള്‍ പല സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഡ്രൈവ് യു, പാര്‍ട്ടി ഹാര്‍ഡ് ഡ്രൈവേഴ്‌സ് തുടങ്ങിയ സംവിധാനങ്ങള്‍ പാര്‍ട്ടി കഴിഞ്ഞ് ഉപഭോക്താക്കളെ യഥാസ്ഥാനങ്ങളില്‍ എത്തിക്കാനുള്ളതാണ്. വീടുകളില്‍ പാര്‍ട്ടി നടത്താന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി നിരവധി ലേറ്റ് നൈറ്റ് ഡെലിവറി സ്റ്റാര്‍ട്ടപ്പുകളും ഉദയം ചെയ്തിട്ടുണ്ട്.

മിഡ്‌നൈറ്റ് എക്‌സ്പ്രസ്, ഫ്‌ളൈ ബൈ നൈറ്റ്, മാഡ് ബൈറ്റ്‌സ്,ക്രേവ്‌ ബസ്റ്റേര്‍സ്, ബാറ്റ്മാന്‍ ഡെലിവേര്‍സ്, നൈറ്റ് ഔട്ട് തുടങ്ങിയവ ഭക്ഷണം, സിഗററ്റ് തുടങ്ങി ഇത്തരത്തിലുള്ള നിശാ പാര്‍ട്ടികള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു നല്‍കുന്നു. പാര്‍ട്ടികളിലാണ് മദ്യത്തിന്റെ ഏറ്റവും വലിയ ഒഴുക്കു നടക്കുന്നത്. ഹിമാലയയുടെ ലിവ്52 മുതല്‍ പാര്‍ട്ടി സ്മാര്‍ട്ട് പില്‍ വരെ പാര്‍ട്ടികളുടെ ഹാംഗ്ഓവര്‍ ബ്രാന്‍ഡുകളാണ് ഇന്ത്യയില്‍ ലഭ്യമാവുന്നത്. മോര്‍ണിംഗ് ഫ്രഷ് പോലുള്ള ബ്രാന്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്.

2015 നവംബറില്‍ ലോഞ്ച് ചെയ്ത മോര്‍ണിംഗ് ഫ്രെഷ് സില്‍ക്ക് പ്രൊട്ടീന്‍ ഹൈഡ്രോലിസേറ്റ്, വൈറ്റമിന്‍ സി, മള്‍ബറി എക്‌സ്ട്രാക്റ്റ് എന്നിവയാല്‍ സമ്പന്നമാണ്. 125 രൂപയില്‍ താഴെയാണ് ഇതിന്റെ വില. മികച്ച രീതിയില്‍ പാക്ക് ചെയ്തിട്ടുള്ള ഇവയ്ക്ക് കോള, മിന്റ്, സ്‌ട്രോബറി തുടങ്ങിയ പാനീയങ്ങളുമായി സാദൃശ്യമുണ്ട്. തുടക്കത്തില്‍ 200 മുതല്‍ 300 കുപ്പികള്‍ മാത്രമാണ് പ്രതിമാസം ഈ ബ്രാന്‍ഡില്‍ വിറ്റുപോയിരുന്നത്. ഇന്ന് പ്രതിമാസം 300 ബോട്ടിലുകള്‍ വരെയാണ് മോര്‍ണിംഗ് ഫ്രെഷിന്റെ വില്‍പ്പന. പ്രധാന പബ്ബുകള്‍, റസ്റ്റൊറന്റുകള്‍, ഇ – കൊമേഴ്‌സ്, ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകള്‍ തുടങ്ങിയവ വഴിയാണ് ഇതിന്റെ വില്‍പ്പന നടക്കുന്നത്. ഇന്ത്യയിലെങ്ങും ഇതിന് ഡിമാന്‍ഡ് ഉണ്ട്.

Comments

comments