ഇനിയും തീരാത്ത നോട്ട് ദാരിദ്ര്യം

ഇനിയും തീരാത്ത നോട്ട് ദാരിദ്ര്യം

എടിഎമ്മുകളില്‍ ഇപ്പോഴും ആവശ്യത്തിന് 500, 100 രൂപ നോട്ടുകള്‍ എത്തുന്നില്ലെന്ന പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്. ജനങ്ങള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു ഇപ്പോഴും

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെയായിരുന്നു ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. അതിന് ശേഷം എടിഎമ്മുകള്‍ കാലിയായി കിടന്നപ്പോള്‍ ജനങ്ങള്‍ നന്നേ ബുദ്ധിമുട്ടി. സാമ്പത്തിക ക്രയവിക്രയത്തിന്റെ ഭാഗമായ 85 ശതമാനം നോട്ടുകളായിരുന്നു സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇന്ത്യയിലങ്ങോളമിങ്ങോളം ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുകയും സാധാരണക്കാരുടെ ജീവിതം അവതാളത്തിലാക്കുകയും ചെയ്തു.

അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരെയും ഉള്ള പോരാട്ടത്തിന്റെ ഭാഗമായും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനവും ലക്ഷ്യമിട്ട് നടപ്പാക്കിയ ധീരവും പ്രശ്‌നബാധിതവുമായ തീരുമാനമായിരുന്നു നോട്ട് അസാധുവാക്കല്‍. അതിന് ഒരുപോലെ ശരിതെറ്റുകള്‍ നിരവധിയുണ്ടെങ്കിലും പൊതുവേ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വന്‍ വിജയം സൂചിപ്പിക്കുന്നത് സഹിച്ച ബുദ്ധിമുട്ടുകള്‍ക്കപ്പുറം ജനങ്ങള്‍ അതിന്റെ നല്ല വശം കാണാന്‍ തയാറായി എന്നുമാണ്.

അതേസമയം, നോട്ട് അസാധുവാക്കല്‍ കാരണം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്റെ വേഗം അത്ര പോരെന്ന അഭിപ്രായങ്ങളും കണക്കിലെടുത്തേ മതിയാകു. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം വേഗത്തില്‍ പണമെത്തിച്ചെന്നും ഇപ്പോള്‍ നോട്ട് അസാധുവാക്കലിന്റെ അനുരണനങ്ങള്‍ ഏതാണ്ട് അവസാനിച്ചെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍. കാഷ് സപ്ലൈ മെച്ചപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്.

എന്നാല്‍ ഇപ്പോഴും കുറഞ്ഞ മൂല്യമുള്ള 500, 100 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ വേണ്ടത്ര എത്തുന്നില്ല എന്നതാണ് വാസ്തവം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് പ്രചാരത്തിലുള്ള കറന്‍സി 13.12 ട്രില്ല്യണ്‍ രൂപയുടേതാണ്. 2016 നവംബര്‍ നാലിന് പ്രചാരത്തിലുണ്ടായിരുന്നത് 17.97 ട്രില്ല്യണ്‍ രൂപയുടെ നോട്ടുകളാണ്. നോട്ടുകള്‍ പിന്‍വലിച്ചത്ര വേഗത്തിലല്ല അവയുടെ തിരിച്ചുവരവ് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

നോട്ടുകളുടെ അച്ചടിയില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. എല്ലാ ഡിനോമിനേഷനുകളിലുമായി മുമ്പ് ഒരു ദിവസം 150 മില്ല്യണ്‍ നോട്ടുകളാണ് പ്രിന്റ് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 110 മില്ല്യണ്‍ ആയി കുറഞ്ഞിട്ടുണ്ട്. ഇതാണ് എടിഎമ്മുകളിലും നിഴലിക്കുന്നത്. വേണ്ടത്ര 100 രൂപ നോട്ടുകള്‍ മെഷീനുകളില്‍ എത്താത്തത് പിന്‍വലിക്കുന്ന തുകയുടെ അളവ് കുറച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാന്‍ പലരും മടിക്കുന്നതായാണ് എടിഎം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന വിവരം. ദൈനംദിന സാമ്പത്തിക ക്രയവിക്രയത്തിന് 100ന്റേയും 500ന്റേയുമെല്ലാം നോട്ടുകളാണ് സാധാരണക്കാരനു താല്‍പ്പര്യം.

അടുത്തിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകള്‍ നോക്കുക. ജനുവരി 13ന് അവസാനിച്ച ആഴ്ച്ചയില്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ട തുക 52,800 കോടി രൂപയായിരുന്നു. ഇത് മാര്‍ച്ച് 24ന് അവസാനിച്ച ആഴ്ച്ചയില്‍ 32,500 കോടി രൂപയായി കുറഞ്ഞു. പണം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ഒഴിവാക്കിയതിനു ശേഷവും തുകയില്‍ കൂടുതല്‍ വന്നില്ലെന്നത് ശ്രദ്ധേയമാണ്.

കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ എടിഎമ്മുകളില്‍ കൂടുതല്‍ എത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും പ്രത്യേക ഊന്നല്‍ നല്‍കണം. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ ജനങ്ങള്‍ക്ക് അല്ലലില്ലാതെ അവരുടെ പണം പിന്‍വലിക്കാന്‍ സാധിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

Comments

comments

Categories: Editorial