ജീപ്പ് കോംപാസ് ചിന്നം വിളിച്ച് വരും

ജീപ്പ് കോംപാസ് ചിന്നം വിളിച്ച് വരും

വില 20-30 ലക്ഷമായിരിക്കുമെന്നാണ് സൂചന

ന്യൂ ഡെല്‍ഹി : വാഹന പ്രേമികളുടെ പുതിയ കാത്തിരിപ്പ് അടുത്തയാഴ്ച്ച അവസാനിക്കും. ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപാസ് അവതരിപ്പിക്കുന്നതിന് ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ് അടുത്തയാഴ്ച്ചയാണ് മുഹൂര്‍ത്തം കണ്ടുവെച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയില്‍ മികച്ച സവാരിഗിരിഗിരി ഒരുക്കുകയാണ് ഇന്ത്യന്‍ നിര്‍മ്മിത കോംപാസിലൂടെ ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ്. ഗ്രാന്റ് ചെറോക്കി, ഗ്രാന്റ് ചെറോക്കി സമ്മിറ്റ്, ഗ്രാന്റ് ചെറോക്കി എസ്ആര്‍ടി, റാങ്കഌ മോഡലുകള്‍ ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും വില ബാലികേറാമലയായിരുന്നു.

172 ബിഎച്ച്പി കരുത്ത് സമ്മാനിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി കരുത്ത് പകരുന്ന 1.4 ലിറ്റര്‍ മള്‍ട്ടിലെയര്‍ പെട്രോള്‍ എന്‍ജിനുമാണ് കോംപാസിലുള്ളത്. നിലവില്‍ വിദേശ വിപണികളില്‍ ലഭ്യമായ കോംപാസില്‍ എഴുപതിലധികം സുരക്ഷാ സംവിധാനങ്ങളുണ്ട്. ഇന്ത്യന്‍ പതിപ്പില്‍ എത്രയെണ്ണമുണ്ടാകുമെന്ന് വ്യക്തമല്ല.

6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം 9-സ്പീഡ് ഓട്ടോമാറ്റിക് വകഭേദത്തിലും കോംപാസ് ലഭിക്കും. 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കാറിലുണ്ടാകും. 221 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

വില എത്രയെന്ന് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ 20-30 ലക്ഷമായിരിക്കുമെന്നാണ് സൂചന. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ കമ്പനി ആലോചിക്കുന്നുണ്ട്.

മാതൃ കമ്പനിയായ ഫിയറ്റിന്റെ പുണെയിലെ പ്ലാന്റിലാണ് ഇന്ത്യന്‍ കോംപാസ് നിര്‍മ്മിച്ചത്. റൈറ്റ് ഹാന്‍ഡ് ഡ്രൈവാണ് നല്‍കിയിരിക്കുന്നത്.

ടോയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട സിആര്‍-വി, ഫോര്‍ഡ് എന്‍ഡവര്‍, ഹ്യുണ്ടായ് ടക്‌സണ്‍ തുടങ്ങിയ കരുത്തന്‍മാരോടാണ് കോംപാസിന് ഇന്ത്യയില്‍ ഏറ്റുമുട്ടേണ്ടത്.

Comments

comments

Categories: Auto, Trending