കാര്‍ നിര്‍മ്മാതാക്കളോടുള്ള നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുന്നു

കാര്‍ നിര്‍മ്മാതാക്കളോടുള്ള നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുന്നു

ഈ സാമ്പത്തിക വര്‍ഷം പാസഞ്ചര്‍ കാര്‍ വിപണി 8-10 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷ

ന്യൂ ഡെല്‍ഹി : മറ്റ് വാഹന സെഗ്‌മെന്റുകളേക്കാള്‍ കൂടുതല്‍ വില്‍പ്പന സാധ്യത പാസഞ്ചര്‍ കാര്‍ കമ്പനികളോടുള്ള നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുന്നതിന് കാരണമാകുന്നു. ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന പാസഞ്ചര്‍ കാറുകള്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകിയുടേതാണ്.

2018 സാമ്പത്തിക വര്‍ഷം പാസഞ്ചര്‍ കാര്‍ വിപണി 8-10 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊമേഴ്‌സ്യല്‍, ട്രാക്ടര്‍, ഇരുചക്ര വാഹന സെഗ്‌മെന്റുകള്‍ വില്‍പ്പന മാന്ദ്യം നേരിടുമെന്നും കണക്കാക്കപ്പെടുന്നു.

പാസഞ്ചര്‍ കാറുകളോടുള്ള പ്രിയം വര്‍ധിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണ്. നിലവില്‍ ഇന്ത്യയിലെ കാര്‍ വ്യാപനം (car penetration) ആയിരം പേര്‍ക്ക് 28 കാര്‍ എന്നതാണ്. വരും വര്‍ഷങ്ങളില്‍ ഈ അനുപാതത്തില്‍ വലിയ പുരോഗതി പ്രകടമാകും. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ സമാനമായ കാര്‍ വ്യാപനം യഥാക്രമം 1962, 1985, 2006 വര്‍ഷങ്ങളില്‍ കൈവരിച്ചതാണ്. ഈ ഓരോ രാജ്യങ്ങളിലെയും കാര്‍ ആവശ്യകത ഒരു ദശാബ്ദത്തോളം പ്രതിവര്‍ഷം പത്ത് ശതമാനമെന്ന നിരക്കിലാണ് വര്‍ധിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആറ് ശതമാനത്തിന് മുകളില്‍നില്‍ക്കുന്നിടത്തോളം കാലം ഈ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ട അതേ കാര്‍ വ്യാപനം രാജ്യത്തും സാധ്യമാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

പ്രമുഖ പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കള്‍ 2012 മുതല്‍ തന്നെ ബിഎസ്-4 വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചയിലെ സുപ്രീം കോടതി വിധി ഇവരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയ്ക്ക് കാരണമായിരുന്നില്ല. അതേസമയം ബിഎസ്-3 വാഹനങ്ങള്‍ വില കുറച്ച് വിറ്റതിലൂടെ ഇരുചക്ര-കൊമേഴ്‌സ്യല്‍ വാഹന നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തന ലാഭം കുറഞ്ഞേക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ പാസഞ്ചര്‍ കാറുകള്‍ നല്ലപോലെ വാങ്ങുന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. 2016 ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ മാരുതിയുടെ ആകെ വില്‍പ്പനയുടെ 20 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായിരുന്നു. കുറച്ച് വര്‍ഷം മുമ്പ് ഇത് അഞ്ച് ശതമാനത്തില്‍താഴെ മാത്രമായിരുന്നു. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതോടെ കാര്‍ ആവശ്യകത ശക്തമായിതന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ യുബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളുടെ ബിസിനസ് വളരുന്നത് പാസഞ്ചര്‍ കാറുകളുടെ ആവശ്യകത പിന്നെയും വര്‍ധിപ്പിക്കും. നിലവില്‍ രാജ്യത്തെ ആകെ കാര്‍ ആവശ്യകതയുടെ പത്ത് ശതമാനം മാത്രമാണ് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളുടെ വക.

വരും വര്‍ഷങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കാര്യമായി വര്‍ധിപ്പിക്കാന്‍ തന്നെയാണ് യുബറും ഒലയും തീരുമാനിച്ചിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനിക്കുകീഴിലെ കാറുകളുടെ എണ്ണം രണ്ട് ലക്ഷമായി വര്‍ധിപ്പിക്കാനാണ് യുബറിന്റെ പദ്ധതി. 2017 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മാരുതി സുസുകി ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കള്‍ക്കുമാത്രം 60,000 കാറുകള്‍ വിറ്റു. മാരുതിയുടെ ആകെ വില്‍പ്പനയുടെ അഞ്ച് ശതമാനം മാത്രമാണിത്.

Comments

comments

Categories: Auto