പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ സാധ്യത

പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാന്‍ സാധ്യത

പണമൊഴുക്ക് നിയന്ത്രിക്കുന്നതിന് നടപടികളുണ്ടായേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ റിസര്‍വ് ബാങ്കിന്റെ ആദ്യ ദ്വൈമാസ പണ നയ അവലോകന യോഗം ഇന്ന് ചേരും. 2017-2018 സാമ്പത്തിക വര്‍ഷത്തെ ആര്‍ബിഐയുടെ പ്രധാന ലക്ഷ്യങ്ങളും പണ നയ അവലോകന കമ്മിറ്റി (എംപിസി) പ്രഖ്യാപിക്കും. രാജ്യത്ത് അധിക പണമൊഴുക്ക് തടയുന്നതിനും ബാങ്കിംഗ് സംവിധാനത്തില്‍ വായ്പാ ആവശ്യകത പ്രോത്സാഹിപ്പിക്കുന്നതിനും കിട്ടാക്കടം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും പണ നയ അവലോകന യോഗത്തില്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിക്കാനിടയുള്ള നടപടികളിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇത്തവണ പലിശ നിരക്ക് കുറയ്ക്കുന്നതിലേക്ക് ആര്‍ബിഐ ശ്രദ്ധകേന്ദ്രീകരിക്കില്ലെന്നാണ് അവലോകന ഏജന്‍സികള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ മാനുഫാക്ചറിംഗ് രംഗം മോശം സാമ്പത്തിക സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആര്‍ബി ഐ വിലയിരുത്തും. വ്യാവസായിക രംഗത്തേക്കുള്ള ബാങ്ക് വായ്പ കുറയുന്നതിലും വിവിധ മേഖലകളില്‍ നിക്ഷേപം കുറയുന്നതിലും കേന്ദ്ര ബാങ്കിന് ആശങ്കയുള്ളതായി ഫെബ്രുവരി 7-8 തീതികളില്‍ നടന്ന നയ അവലോകനത്തിന്റെ മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ കോര്‍പ്പറേറ്റ് മേഖലകളിലേക്കുള്ള മൊത്തം വായ്പാ വളര്‍ച്ച ജനുവരിയിലെ 3.5 ശതമാനത്തില്‍ നിന്നും 3.3 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനു പുറമെ ആഗോള തലത്തില്‍ അനുഭവപ്പെടുന്ന പണപ്പെരുപ്പത്തിന്റെ കാര്യത്തിലും ആര്‍ബിഐ ആശങ്കയറിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷം സാധനങ്ങളുടെ വില ഉയര്‍ന്നിട്ടുണ്ടെങ്കിലും സമീപകാലത്ത് വിലയില്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും രൂപ കാര്യമായി ശക്തിപ്പെട്ടതായും ഈഡില്‍വെയ്‌സ് സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു.

ഇതിനനുസരിച്ച് ഫെബ്രുവരിയില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ)യില്‍ ചെറിയ ആശ്വാസം നിരീക്ഷിക്കാനായിട്ടുണ്ടെന്നും നിലവില്‍ സിപിഐ ആശ്വാസകരമാണെന്നും ഈഡില്‍വെയ്‌സ് സെക്യൂരിറ്റീസ് പറഞ്ഞു. ഈ പ്രവണത തുടര്‍ന്നാല്‍ വീണ്ടും പലിശ നിരക്ക് കുറയുന്നതിലേക്ക് വഴിയൊരുങ്ങും. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സാധ്യത. അധിക പണലഭ്യത ഇല്ലാതാക്കുന്നതിന് ചില നടപടികളുണ്ടാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഈഡില്‍വെയ്‌സ് സെക്യൂരിറ്റീസ് വ്യക്തമാക്കി.

Comments

comments

Categories: Banking