രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര നീക്കം

രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സ് നേടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മദ്യശാലകളുടെ നിരോധനം നിരവധി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക, വിനോദ സഞ്ചാര മേഖലകളില്‍ പ്രതിസന്ധി ഉണ്ടാക്കിയതും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രം ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറലുമായി കൂടിയാലോചന നടത്തി. ഉത്തരവിനെതിരെ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയാണെങ്കില്‍ കേന്ദ്രം പിന്തുണയ്ക്കും.

സുപ്രീംകോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന ഏകനടപടിയാണ് രാഷ്ട്രപതിയുടെ റഫറന്‍സ്. പൊതുപ്രാധാന്യമുള്ള ഏതെങ്കിലും വിഷയം സുപ്രീംകോടതിയുടെ റഫറന്‍സിന് വിടാന്‍ രാഷ്ട്രപതിയെ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ 143 അനുച്ഛേദം പ്രകാരം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലാണ് കേന്ദ്രസര്‍ക്കാരിന് നടപടി സ്വീകരിക്കാന്‍ സാധിക്കുക. രാഷ്ട്രപതി മുഖേന സര്‍ക്കാര്‍ ചോദിക്കുന്ന വിശദീകരണങ്ങള്‍ക്കും സംശയങ്ങള്‍ക്കും സുപ്രീംകോടതി മറുപടി നല്‍കണം. കര്‍ണ്ണാടക സര്‍ക്കാര്‍ ഇതിനകം തന്നെ കേന്ദ്രത്തെ സമീപിച്ചുവെന്നാണ് സൂചന. കേരളമടക്കമുള്ള സംസ്ഥാനങ്ങളും നിയമവിദഗ്ദരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

സുപ്രീംകോടതിക്ക് ‘പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്’ നല്‍കിയ സന്ദര്‍ഭങ്ങള്‍ മുമ്പ് ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ട് .പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ രാഷ്ട്രപതി സുപ്രീംകോടതിയോട് വ്യക്തത ആവശ്യപ്പെട്ടാല്‍ കോടതി മൂന്നംഗ ബെഞ്ചോ അഞ്ചംഗ ബെഞ്ചോ രൂപീകരിച്ച് വിഷയം വീണ്ടും പരിശോധിക്കും. കേസിലുള്‍പ്പെട്ട കക്ഷികളുമായോ വിദഗ്ധരുമായോ കോടതിക്ക് കൂടിയാലോചന നടത്താം. റഫറന്‍സ് അംഗീകരിക്കാനും തള്ളാനും സുപ്രീംകോടതിയ്ക്ക് അധികാരമുണ്ട്.

Comments

comments

Categories: Top Stories

Related Articles