മദ്യശാല നിരോധനം : മൂന്ന് മാസത്തെ സമയം തേടി കേരളം സുപ്രീം കോടതിയെ സമീപിക്കും

മദ്യശാല നിരോധനം : മൂന്ന് മാസത്തെ സമയം തേടി കേരളം സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം: സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയെ സമീപിക്കും. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ മദ്യശാലകളും ബാറുകളും പാടില്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് ഹര്‍ജി നല്‍കാന്‍ തീരുമാനമായത്. ഹര്‍ജി നല്‍കുന്നതിന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 207 ലിക്കര്‍ ഔട്ട്‌ലെറ്റുകളാണ് മാറ്റി സ്ഥാപിക്കേണ്ടതായുള്ളത്. ഇതിന് മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുക. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാകണം, സംസ്ഥാനത്തെ പ്രത്യേക ഭൂപ്രകൃതിയും സ്ഥല പരിമിതിയും, മദ്യ വില്‍പ്പനശാലകള്‍ പെട്ടെന്ന് മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് എന്നിവ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ ഇക്കാര്യങ്ങള്‍ കാണിച്ച് കോടതിയെ സമീപിച്ചിട്ടില്ല. അതിനാല്‍ ആദ്യമായി നല്‍കുന്ന ഹര്‍ജിയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എക്‌സൈസ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നിരോധനം മറികടക്കാന്‍ സംസ്ഥാനപാതകള്‍ ഡീനോട്ടിഫൈ ചെയ്യുന്നതും കള്ളുഷാപ്പുകള്‍ വഴി വിദേശമദ്യം വിതരണം ചെയ്യുന്നതും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

Comments

comments

Categories: Top Stories

Related Articles