ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ രണ്ട് വിഭാഗങ്ങള്‍ കൈമാറിയേക്കും

ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ രണ്ട് വിഭാഗങ്ങള്‍ കൈമാറിയേക്കും

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിഗരറ്റ് നിര്‍മാതാക്കളാണ് ജിപിഐ

കൊല്‍ക്കത്ത: ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ (ജിപിഐ)യുടെ വിപണന, വിതരണ വിഭാഗങ്ങളെ ലളിത് മോദി വിറ്റേക്കും. കമ്പനി ബോര്‍ഡ് അംഗവും ലളിത് മോദിയുടെ മകനുമായ രുചിര്‍ മോദിയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. വില്‍പ്പനക്കായി അന്താരാഷ്ട്ര കമ്പനികളുമായി ചര്‍ച്ചകള്‍ തുടരുന്നതായും ഒരു ദേശീയ മാധ്യമത്തിന് കഴിഞ്ഞദിവസം അനുവദിച്ച അഭിമുഖത്തില്‍ രുചിര്‍ വ്യക്തമാക്കി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിഗരറ്റ് നിര്‍മാതാക്കളാണ് ജിപിഐ. 2016 ഡിസംബറില്‍ സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ നല്‍കിയ വിവരമനുസരിച്ച് ജിപിഐയില്‍ ലളിത് മോദിയുടെ കുടുംബം 46.96 ശതമാനവും ഫിലിപ്‌സ് മോറിസ് 25.1 ശതമാനവുമാണ് ഓഹരി കൈയാളുന്നത്.

വിപണന, വിതരണ വിഭാഗങ്ങളുടെ വില്‍പ്പന യാഥാര്‍ത്ഥ്യമാക്കേണ്ട ചുമതല ക്രെഡിറ്റ് സൂസെയ്ക്കാണെന്ന് പറഞ്ഞ രുചിര്‍ ഫിലിപ്പ് മോറിസ്, ജപ്പാന്‍ ടൊബാക്കോ എന്നിവരുമായി കമ്പനി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അറിയിച്ചു.

സിഗരറ്റ് നിര്‍മാണത്തില്‍ വിദേശ നിക്ഷേപത്തിന് ഇന്ത്യയില്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ വിപണനത്തിനും വിതരണത്തിനും വിദേശ നിക്ഷേപം അനുവദിക്കുന്നതായും രുചിര്‍ ചൂണ്ടിക്കാട്ടി. നിയമം പാലിക്കാന്‍ വേണ്ടി വിപണന, വിതരണ വിഭാഗങ്ങളെ വേര്‍തിരിക്കുന്നതിനാണ് ജിപിഐ പദ്ധതിയിടുന്നത്. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ആ കമ്പനിക്ക് വേണ്ടി ജിപിഐ സിഗരറ്റ് നിര്‍മിച്ചു നല്‍കും-അദ്ദേഹം പറഞ്ഞു.

ജിപിഐയിലെ ഓഹരികള്‍ വില്‍ക്കുന്നതിന് പ്രൊമോട്ടര്‍ കുടുംബം ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ ചില വിഭാഗങ്ങള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ ഇതാദ്യമായാണ് ജിപിഐയുടെ ഒരു ബോര്‍ഡംഗം സ്ഥിരീകരിക്കുന്നത്. ഇന്ത്യയില്‍ മാല്‍ബറോ സിഗരറ്റുകള്‍ നിര്‍മിക്കുന്നതിനും വിപണനം നടത്തുന്നതിനും ജിപിഐയ്ക്ക് ഫിലിപ്പ് മോറിസുമായി ലൈസന്‍സ് കരാറുണ്ട്. പത്ത് മുതല്‍ പന്ത്രണ്ട് ശതമാനംവരെയാണ് ജിപിഐയുടെ വിപണി വിഹിതം.

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവയുടെ നികുതി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ആകെയുള്ള പുകയില ഉപഭോഗം വര്‍ധിക്കുന്നതിനനുസരിച്ച് വില കുറഞ്ഞതും നികുതിയേര്‍പ്പെടുത്താത്ത രൂപത്തിലും കമ്പനികള്‍ സിഗരറ്റുകള്‍ പുറത്തിറക്കിവരുന്നു. ഇന്ത്യന്‍ സിഗരറ്റ് കമ്പനികള്‍ക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല. 2010 മുതല്‍ സിഗരറ്റ് നിര്‍മാണത്തില്‍ വിദേശ നിക്ഷേപത്തിനും നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി.

Comments

comments

Categories: Business & Economy