മേക്ക് ഇന്‍ ഇന്ത്യയും ഇലക്ട്രിക് വാഹനങ്ങളും: നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് നിസാന്‍

മേക്ക് ഇന്‍ ഇന്ത്യയും ഇലക്ട്രിക് വാഹനങ്ങളും: നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച് നിസാന്‍

‘മലയാളി ഉപഭോക്താക്കള്‍ അന്താരാഷ്ട്ര ധാരണയുള്ളവര്‍’

ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കാര്‍ നിര്‍മാതാക്കളായ നിസ്സാന്‍ പുതിയ ടെറാനോ അവതരിപ്പിച്ചുകൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുന്‍ വര്‍ഷങ്ങളിലെ പ്രകടനത്തിലൂടെ ഇന്ത്യയില്‍ 50 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും വലിയ വിപണി വിഹിതം നേടാനുള്ള ശ്രത്തിലാണ് കമ്പനിയെന്നും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് അതുല്‍ ഷാഹ്നെ ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ നിസ്സാന്‍ ബ്രാന്‍ഡിന്റെ വളര്‍ച്ചയെകുറിച്ച്?

നിസാന്‍ ഇവിടെ ഒരു പുതിയ കമ്പനി തന്നെയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 50 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഞങ്ങള്‍ വിപണിയില്‍ നിരവധി മോഡലുകളും ഇതിനിടയില്‍ അവതരിപ്പിച്ചു. എട്ട് പുതിയ മോഡലുകള്‍ 2020ഓടെ അവതരിപ്പിക്കാനാണ് പദ്ധതി. വലിയ വിപണി വിഹിതം നേടാനുള്ള ശ്രത്തിലാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ നിസാന്‍ വളര്‍ച്ചാ ഭൂപടത്തിലാണെന്നാണ് എന്റെ വിശ്വാസം. ബ്രാന്‍ഡിന്റെ ഈ വളര്‍ച്ചയില്‍ നിന്ന് ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയോജനം ലഭിച്ചിട്ടുമുണ്ട്.

മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് നിസ്സാനെ വ്യത്യസ്തമാക്കുന്ന ഘടകം?

ജപ്പാന്‍ സാങ്കേതികവിദ്യ ഞങ്ങള്‍ക്ക് ഒരു മുതല്‍കൂട്ട് തന്നെയാണ്. ജപ്പാന്‍ പാരമ്പര്യത്തേയും ഇന്ത്യയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരേയും ഒന്നിച്ചുചേര്‍ത്ത് ഒരു അപൂര്‍വ്വ സംയോജനമാണ് ഞങ്ങളുടെ ഉല്‍പ്പന്നം.

ഇന്ത്യയിലെ നിസ്സാന്റെ പ്രധാന വിപണി?

എല്ലാ വിപണികളും പ്രധാനമാണെന്നാണ് എനിക്ക് തോന്നുന്നത്. ചെറിയ വിപണിയില്‍ നിന്നാണെങ്കിലും വലിയ വിപണിയില്‍ നിന്നാണെങ്കിലും എല്ലാ ഉപഭോക്താക്കളും പ്രധാനമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. എന്നാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയാണ് ഞങ്ങളെ കൂടുതല്‍ പിന്തുണയ്ക്കുന്നത്.

കേരള വിപണിയെ എങ്ങനെ നോക്കികാണുന്നു?

കേരളം സുപ്രധാനമായ വിപണികളിലൊന്നാണ്. കേരളത്തില്‍ നിന്നുള്ള ആളുകള്‍ അധികവും അന്താരാഷ്ട്ര വിപണിയിലെ ട്രെന്‍ഡുകളെക്കുറിച്ച് അറിവുളളവരാണ്. അതുകൊണ്ടുതന്നെ ഇവിടെ പലര്‍ക്കും നിസ്സാന്റെ പ്രത്യേകതകള്‍ അറിയാം. അതിനാല്‍ കേരളം ഞങ്ങളുടെ ഇഷ്ട വിപണികളില്‍ ഒന്നാണ്. ടെറാനോയുടെ കാര്യത്തിലും വളരെ നല്ല പ്രതികരണമാണ് കേരളത്തില്‍ നിന്ന് ലഭിക്കുന്നത്.

മിഡില്‍ ഈസ്റ്റ് സ്വാധീനം ഉള്ളതുകൊണ്ടുതന്നെ കേരളത്തിലുള്ളവര്‍ക്ക് നിസ്സാന്‍ എന്ന ബ്രാന്‍ഡിനോട് വളരെയധികം താല്‍പ്പര്യമുണ്ട്. ഇവിടെയുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് വേണ്ട ഉല്‍പ്പന്നത്തെകുറിച്ച് നിര്‍ബന്ധം ഉള്ളവരാണ്. ഏറ്റവും പുതിയ സവിശേഷതകളെകുറിച്ച് കൃത്യമായ ധാരണ കേരള ഉപഭോക്താക്കള്‍ക്കുണ്ട്. അതോടൊപ്പംതന്നെ വരാനിരിക്കുന്ന മാറ്റങ്ങളെകുറിച്ച് അറിയാനുള്ള ആഗ്രഹവും ഇവിടെയുള്ളവര്‍ക്കുണ്ട്. അത് വളരെ നല്ല കാര്യമാണ്.

ആഡംബര കാറുകളോട് താല്‍പ്പര്യം കണ്ടുവരുന്ന ഒരു നഗരമായി മാറുകയാണ് കൊച്ചി. ജിടിആര്‍ പോലുള്ള ആഡംബര മോഡലുകള്‍ ഇവിടെ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടോ?

ജിടിആര്‍ ഇവിടെ അവതിരിപ്പിച്ചുകഴിഞ്ഞു. ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പദ്ധതികളുണ്ട്. ഈ വര്‍ഷംതന്നെ മറ്റൊരു മോഡല്‍ കൂടെ ഈ വിഭാഗത്തില്‍ അവതരിപ്പിക്കുന്നതാണ്. ആഡംബര മോഡലുകള്‍ കേരളത്തില്‍ എത്തിച്ചിട്ടില്ലെങ്കിലും ഉപഭോക്താക്കളുടെ ഇഷ്ട മോഡലുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിസ്സാന്റെ ഏത് മോഡലാണ് കൂടുതല്‍ കയറ്റുമതിചെയ്യപ്പെടുന്നത്?

മൈക്രയും സണ്ണിയുമാണ് കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. മെക്രോ കൂടുതലും യൂറോപ്പിലേക്കും സണ്ണി ഗള്‍ഫ് മേഖലയിലേക്കുമാണ് കയറ്റുമതി ചെയ്യുന്നത്.

ഓട്ടോമൊബീല്‍ രംഗത്ത് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ്?

മലിനീകരണ മാനദണ്ഡങ്ങളോടൊപ്പംതന്നെ സുരക്ഷയുറപ്പാക്കാനുള്ള മാനദണ്ഡങ്ങളും സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലിനീകരണം പോലെതന്നെ ആളുകള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന ഒരു ആശങ്കയാണ് സുരക്ഷയെസംബന്ധിച്ചുള്ളത്. എങ്കിലും ഭാവി മുന്നില്‍കാണുമ്പോള്‍ മലിനീകരണ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുക എന്നത് വലിയ ആവശ്യകത തന്നെയാണ്. ഈ രണ്ട് കാര്യങ്ങളില്‍ വരും നാളുകളില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നു. ഇന്ന് പത്രങ്ങള്‍ നോക്കിയാല്‍ ഡെല്‍ഹി പോലുള്ള ഇടങ്ങളിലെ മലിനീകരണമം പ്രതിപാദിക്കപ്പെടുന്നത് കാണാം. ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ നോക്കികാണുന്നു?

നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അനുകൂലമായവയാണ്. ശരിയായ തന്ത്രങ്ങളിലൂടെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതൊക്കെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. മേക്ക് ഇന്‍ ഇന്ത്യ പോലുള്ളവയും നിസ്സാന്റെ പ്രവര്‍ത്തനരീതിയുമായി ചേര്‍ന്നുപോകുന്നവയാണ്.

Comments

comments