ഗ്യാസ് പവര്‍ പ്ലാന്റുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം ആവശ്യമാണ്: പീയുഷ് ഗോയല്‍

ഗ്യാസ് പവര്‍ പ്ലാന്റുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം ആവശ്യമാണ്: പീയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: ഇന്ധന ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയിലെ ഗ്യാസ് പവര്‍ പ്ലാന്റുകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍. പ്രതിസന്ധി നേരിടുന്ന പവര്‍ സ്റ്റേഷനുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇറക്കുമതി ചെയ്ത ഗ്യാസ് ലഭ്യമാക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി മാര്‍ച്ച് 31ന് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ദീര്‍ഘകാലത്തേക്ക് ഇന്ധന ദൗര്‍ലഭ്യം അനുഭവപ്പെടാതിരിക്കുന്നതിന് ആവശ്യമായ മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്.

‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കു കീഴില്‍ സൗരോര്‍ജ മേഖലയ്ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രാദേശിക സൗരോര്‍ജ ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇത് പ്രധാനമായും സൗരോര്‍ജ പാനലുകളുടെയും ഇറക്കുമതി ആശ്രയിച്ചാണിരിക്കുന്നതെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി. സൗരോര്‍ജ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്നവര്‍ എന്‍ടിപിസി പവര്‍ പ്ലാന്റിനു സമീപത്തായി അതിനുള്ള സൗകര്യം കണ്ടെത്തണമെന്നും, അങ്ങനെയാണെങ്കില്‍ ഊര്‍ജ വിതരണത്തിന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ കല്‍ക്കരി ഉല്‍പ്പാദനം ആഭ്യന്തര ആവശ്യങ്ങളേക്കാള്‍ അധികമാണ്. കോള്‍ ഇന്ത്യയില്‍ 60 മെട്രിക് ടണ്‍ കല്‍ക്കരിയാണ് സ്‌റ്റോക്ക് ഉള്ളത്. ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കുന്ന അള്‍ട്രാ മെഗാ പവര്‍ പ്ലാന്റുകളില്‍ നിന്നും ആഭ്യന്തര കല്‍ക്കരി അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളിലേക്ക് തങ്ങളുടെ പദ്ധതികള്‍ മാറ്റുന്നതിന് വിവിധ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും പീയുഷ് ഗോയല്‍ പറയുന്നു. തമിഴ്‌നാട് ആഭ്യന്തര കല്‍ക്കരി അധിഷ്ഠിത അള്‍ട്രാ മെഗാ പവര്‍ പ്ലാന്റ് ആരംഭിക്കുന്നതിന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൊത്തം 24,000 മെഗാ വാട്ട് ശേഷിയുള്ള പവര്‍ പ്ലാന്റുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇറക്കുമതി ചെയ്ത ഗ്യാസ് എത്തിക്കുന്നതിനുള്ള പദ്ധതി തുടരണമെന്ന് ആവശ്യപ്പെട്ട് വിവിധ വ്യാവസായിക അസോസിയേഷനുകളുടെ പ്രതിനിധികള്‍ ഊര്‍ജ മന്ത്രാലയത്തെ സമീപിച്ചിരുന്നു. പൊതുമേഖലാ ഗ്യാസ് വിതരണ കമ്പനിയായ ഗെയ്ല്‍ ഇന്ത്യയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഗ്യാസിന്റെ വിലയിലുണ്ടായ കുറവും സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയില്‍ നിന്നു പിന്‍മാറിയതും കാരണം പദ്ധതി നീട്ടികൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്നാണ് ഊര്‍ജ മന്ത്രാലയം വിശദീകരിക്കുന്നത്.

Comments

comments