വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡെല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധര്‍,ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരെ ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അടുത്തയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നുവെന്ന് ഡെല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദത്തെ വെല്ലുവിളിച്ച കെജ്‌രിവാള്‍ വോട്ടിങ് യന്ത്രം തനിക്ക് നല്‍കിയാല്‍ 72 മണിക്കൂറിനുള്ളില്‍ കൃത്രിമം നടത്തുന്നത് എങ്ങിനെയെന്ന് തെളിയിക്കാമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. 2009 മുതല്‍ വോട്ടിങ് യന്ത്രം പരിശോധിക്കാന്‍ അവസരം നല്‍കിവരുന്നതാണെന്നും, എന്നാല്‍ ആരും ഇതുവരെ വോട്ടിങ് മെഷീന്റെ പോരായ്മ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കമ്മീഷന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ഡെല്‍ഹിയില്‍ നടക്കാനിരിക്കുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്നാണ് എഎപി യും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. പേപ്പര്‍ ബാലറ്റുകളാണ് വികസിത രാജ്യങ്ങളിലടക്കം ഉപയോഗിക്കുന്നതെന്നും കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന് വേണ്ടി ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ പരീക്ഷണ ഉപയോഗം നടത്തിയപ്പോള്‍ അപാകത ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ് സമാജ് വാദിപാര്‍ട്ടിക്കാണ് വോട്ട് ചെയ്തത്. എന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നാണ് മെഷീന്‍ രേഖപ്പെടുത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു പരീക്ഷണ വോട്ടെടുപ്പ്. ഇതിനെ തുടര്‍ന്നാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തത്.

Comments

comments

Categories: Politics, Top Stories