പൊന്‍തിളക്കത്തിന്റെ വിജയഗാഥ

പൊന്‍തിളക്കത്തിന്റെ വിജയഗാഥ

ഉപയോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റിയ മലബാര്‍ ഗ്രൂപ്പ് കെട്ടിട നിര്‍മാണരംഗത്തേക്കു തിരിയുമ്പോള്‍ മലബാറിന്റെ മാത്രമല്ല, കേരളത്തിന്റെ പ്രതിച്ഛായ മാറ്റാമെന്ന വിശ്വാസവും അമരക്കാരനായ എം.പി.അഹമ്മദിനുണ്ട്. സ്വര്‍ണവ്യാപാര രംഗത്തു പുലര്‍ത്തിയ സത്യസന്ധത നിര്‍മ്മാണരംഗത്തും പുലര്‍ത്തുമെന്നു മാത്രമല്ല സമഗ്രമായ സേവനവും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു

മലബാറുകാര്‍ക്ക് സൗന്ദര്യത്തോടൊപ്പം ഗുണമേന്‍ന്മയുടെ പ്രാധാന്യവും മനസിലാക്കിക്കൊടുത്ത കോഴിക്കോടിന്റെ സ്വന്തം ബിസിനസുകാരനാണ് എം.പി.അഹമ്മദ്. 17-)o വയസ്സില്‍ ബിസിനസ് രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം തന്റെ ബിസിനസ്സിന് തുടക്കം കുറിച്ചത് വലിയങ്ങാടിയില്‍ കൊപ്ര വ്യാപാരത്തിലൂടെയാണ്. ‘ഇല്‍ത്തുമിസ്’ എന്ന പേരില്‍ ആയിരുന്നു സംരംഭം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില പെട്ടെന്ന് ഇടിഞ്ഞതും സര്‍ക്കാര്‍ അവഗണനയുമാണ് കാര്‍ഷികമേഖല വിട്ടുപോകാന്‍ അഹമ്മദിനെ പ്രേരിപ്പിച്ചത്. കാര്‍ഷികോല്‍പ്പാദനം തീരെ കുറഞ്ഞ സാഹചര്യത്തിലാണു സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ അന്ന് കാര്‍ഷികമേഖല മൊത്തമായും അവഗണിക്കപ്പെട്ടിരുന്നു. അനാവശ്യനികുതികളും മറ്റും ഉല്‍പ്പന്നങ്ങളുടെയും വ്യാപാരികളുടെയും മേല്‍ ചുമത്തപ്പെട്ടിരുന്നു. അത്തരത്തിലുള്ള സര്‍ക്കാര്‍ പ്രവണതകള്‍ ഏതൊരാളെയും പോലെ അഹമ്മദിനെയും മാറി ചിന്തിപ്പിച്ചു. 2014 ല്‍ സര്‍ക്കാര്‍ കൊണ്ടു വന്ന പര്‍ച്ചേസ് ടാക്‌സ് പോലുള്ളവ ബിസിനസിനെ തകര്‍ക്കുകയാണ്. ഈ ടാക്‌സ് നിലനില്‍ക്കുന്നിടത്തോളം സ്വര്‍ണാഭരണ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് എം.പി അഹമ്മദ് പറഞ്ഞു.

1993 ല്‍ കേരളത്തിലെ സ്വര്‍ണവിപണിയെക്കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത് കോഴിക്കോട്ട് മലബാര്‍ ഗ്രൂപ്പിന്റെ ആദ്യ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ത്തന്നെ കൂട്ടുവ്യാപാരം ആയിരുന്നു. പരിചയക്കാരും സുഹൃത്തുക്കളുമടക്കം മലബാര്‍ മേഖലയിലെ ഏഴോളം ആളുകളായിരുന്നു അന്ന് അഹമ്മദിന് കൂട്ട്. എല്ലാവരും മലബാറുകാര്‍ ആയതുകൊണ്ടു തന്നെയാണ് സ്ഥാപനത്തിന് മലബാര്‍ ഗോള്‍ഡ് എന്ന പേര്‍ സ്വീകരിച്ചത്. ഇന്ന് വിദേശത്തും ഇന്ത്യയിലുമടക്കം 2,400 ഓളം പേര്‍ മലബാര്‍ ഗ്രൂപ്പില്‍ പാര്‍ട്ട്‌ണേഴ്‌സായി ഉണ്ട്.

ഗുണമേന്മ സംസാരിച്ചുകൊണ്ടാണ് അന്നും ഇന്നും മലബാര്‍ ഗ്രൂപ്പ് മുന്നോട്ട് പോവുന്നത് ‘ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി’ എന്നായിരുന്നു തുടക്കം മുതല്‍ അവരുടെ ക്യാപ്ഷന്‍. കളവു ചെയ്യാതെയും എല്ലായിടത്തും സത്യസന്ധത പുലര്‍ത്തിയും മാനുഷിക മൂല്യങ്ങള്‍ക്ക് വലിയ വില നല്‍കിക്കൊണ്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്താന്‍ മലബാര്‍ ഗ്രൂപ്പ് എന്നും ശ്രദ്ധിച്ചിരുന്നു. 50 ലക്ഷത്തില്‍ തുടങ്ങി ഇന്ന് 26,000 കോടി രൂപയില്‍ എത്തി നില്‍ക്കുകയാണ് ഇന്ന് മലബാര്‍ ഗ്രൂപ്പിന്റെ നേട്ടങ്ങള്‍.

കോഴിക്കോട് നഗരത്തില്‍ തുടക്കം കുറിച്ച മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബിസിനസിന് സംസ്ഥാനത്ത് ഇന്ന് കണ്ണൂര്‍, മലപ്പുറം, കൊച്ചി, തിരുവന്തപുരം, തൃശ്ശൂര്‍, കോട്ടയം എന്നിവിടങ്ങളിലും ഷോറൂമുകളുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി 150 ല്‍ കൂടുതല്‍ ഷോറൂമുകള്‍ മലബാര്‍ ഗോള്‍ഡിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന് പുറത്ത് 2005 ല്‍ ആണ് ആദ്യ ഷോറൂം തുടങ്ങുന്നത് അത് ബെംഗളൂരിലാണ്.

2012 ലാണ് മലബാര്‍ ഗോള്‍ഡ് എന്ന പേരിന്റെ ഒപ്പം ഡയമണ്ട്‌സ് കൂടെ ചേര്‍ന്നത്. ആരംഭഘട്ടത്തില്‍ സ്വര്‍ണവും രത്‌നവും മാത്രമായിരുന്നു മുഖ്യ ബിസിനസ്സ് എന്നാല്‍ പര്‍ച്ചേ്‌സ് ടാക്‌സ് പോലുള്ളവ ഇന്ന് സ്വര്‍ണ ബിസിനസ് ഇടിയാന്‍ കാരണമായി. ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ സര്‍ക്കാര്‍ വലിയ താല്‍പര്യം കാണിക്കാത്ത സാഹചര്യമാണിപ്പോള്‍, അതുകൊണ്ടു തന്നെ മലബാര്‍ ഗ്രൂപ്പ് ഇനി കെട്ടിടനിര്‍മ്മാണത്തില്‍ ശ്രദ്ധപതിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളും ഒരുങ്ങിക്കഴിഞ്ഞുവെന്ന് എം.പി അഹമ്മദ് പറഞ്ഞു.

മലബാര്‍ ഗ്രൂപ്പ് ബില്‍ഡേഴ്‌സ് രംഗത്ത്

2005 ലാണ് സ്വര്‍ണബിസിനസില്‍ നിന്ന് ഒരു മാറ്റം മലബാര്‍ ഗ്രൂപ്പിനുണ്ടാവുന്നത്. മലബാര്‍ ഡെവലപ്പ്‌മെന്റ്‌സ് ഒരുക്കുന്ന മാള്‍ ഓഫ് ട്രാവന്‍കൂര്‍ ഈ വര്‍ഷം ഉദ്ഘാടനം നടത്താനാണ് മലബാര്‍ ഗ്രൂപ്പ് തീരുമാനിച്ചിട്ടുള്ളത്. 2014 ലാണ് ഈ പദ്ധതിയുടെ തുടക്കം. ആറു ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന മാളില്‍ 3.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് സ്ഥലം പാര്‍ക്കിങ്, പ്ലേ ഗ്രൗണ്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ചെലവഴിച്ചിരിക്കുന്നത്. ഇവരുടെ തന്നെ മാള്‍ ഓഫ് കൊച്ചിയും ഈ വര്‍ഷം തന്നെ ഉദ്ഘാടനം നടക്കും.

രണ്ട് മാളുകളുടെയും പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഒപ്പം തൃശ്ശൂരും കോട്ടയത്തും പദ്ധതികള്‍ തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ കഴിഞ്ഞതായി മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. തൃശ്ശൂരില്‍ തുടങ്ങാനുദേശിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിനൊപ്പം ഐടി പാര്‍ക്കു കൂടി ഒരുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും വീട് എന്നുള്ള സ്വപ്‌നം 2020 ആവുമ്പോഴേക്കും സാക്ഷാല്‍ക്കരിക്കാന്‍ സര്‍ക്കാരിനൊപ്പം മലബാര്‍ ഗ്രൂപ്പും ഉണ്ട്. കേരളത്തില്‍ അതിനായുള്ള സ്ഥലങ്ങളും അവര്‍ കണ്ടു വച്ചിട്ടുണ്ട്.

കേരളത്തില്‍ മാത്രമല്ല, മംഗലാപുരം, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലും പദ്ധതിക്കായി ഭൂമി വാങ്ങിയിട്ടുണ്ട്. സ്മാര്‍ട്ട് ഹോംസ് എന്ന പേരില്‍ 25 ലക്ഷം രൂപയ്ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഫഌറ്റുകളാണ് ഒരുക്കുന്നത്. ആദ്യത്തെ വീട് കോഴിക്കോട്ടു തന്നെ തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. സ്ഥലപരിധി കുറവാണെങ്കിലും സൗകര്യങ്ങള്‍ കൊണ്ട് സംതൃപ്തരായിരിക്കും വാങ്ങുന്നവര്‍.

ഉപയോക്താക്കള്‍ക്ക് ഫഌറ്റുകള്‍ മാത്രമല്ല ലഭിക്കുക, ഒപ്പം 24 മണിക്കൂര്‍ സേവനങ്ങളും ലഭ്യമാണ്. ചെറിയ ചെലവുകള്‍ മാത്രം ഈടാക്കി ശുചീകരണം, അറ്റകുറ്റപ്പണികള്‍ തുടങ്ങി എല്ലാ സേവനങ്ങളും എം 24 എന്ന പേരില്‍ 24 മണിക്കൂര്‍ ലഭ്യമാണ്. സ്‌കില്‍ ഡെവലപ്പ്‌മെന്റ് എന്ന പേരില്‍ ഇവിടുത്തെ ആളുകളിലെ കഴിവുകളും താല്‍പര്യങ്ങളും വളര്‍ത്തിയെടുക്കാനുള്ള പദ്ധതികളും മലബാര്‍ ഗ്രൂപ്പ് ഒരുക്കുന്നുണ്ട്. അതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കുട്ടികളിലെ കഴിവുകള്‍ മനസ്സിലാക്കി അതിനനുസരിച്ച് അവര്‍ക്ക് പരിശീലനം നല്‍കി, ഓരോരുത്തര്‍ക്കും ജീവിക്കാനുള്ള ചുറ്റുപാട് ഉണ്ടാക്കി നല്‍കാനാണ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് പദ്ധതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്.

മലബാര്‍ ഗ്രൂപ്പിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍

കാരുണ്യം എന്ന വാക്കിലല്ല, സമൂഹത്തിന് നമുക്ക് എന്താണോ നല്‍കാന്‍ കഴിയുക എന്നതിലാണ് കാര്യം എന്ന അഭിപ്രായക്കാരനാണ് എം.പി. അഹമ്മദ്. ബിസിനസിലൂടെ ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം സമൂഹത്തില്‍ ആവശ്യമുള്ളവര്‍ക്കായി നല്‍കുന്നുണ്ട്. പതിനായിരത്തില്‍പ്പരം ആളുകള്‍ക്ക് വീട് വെക്കാനുള്ള സഹായം നല്‍കിയിട്ടുണ്ട്. സഹായങ്ങള്‍ ദുരുപയോഗം ചെയ്തു പോവാതിരിക്കാന്‍ സര്‍ക്കാരുമായി ഇടപെട്ട് മാത്രമാണ് മാലബാര്‍ ഗ്രൂപ്പ് സഹായങ്ങള്‍ നല്‍കിപ്പോരുന്നത്.

ഇതിനു പുറമെ കര്‍ണാടക,തമിഴ്‌നാട് എന്നിവിടങ്ങളിലെ 20,000 ത്തോളം പെണ്‍കുട്ടികള്‍ക്ക് പ്ലസ് ടു മുതല്‍ തുടര്‍ന്ന് പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്. ഇവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നല്‍കാത്ത സാഹചര്യം കണക്കിലെടുത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണിത് നടപ്പാക്കി വരുന്നത്. ഇതിനു പുറമെ കേരളത്തിലെ മലബാര്‍ ഷോറൂമുകളില്‍ ജോലിചെയ്യുന്നവരുടെ മക്കള്‍ക്ക് പഠിക്കാനായി പലിശ ഈടാക്കാതെ ലോണ്‍ അനുവദിക്കുന്നുണ്ട്.

ജോലി ലഭിച്ചതിനു ശേഷം തിരിച്ചടക്കാവുന്നവിധം ആണ് ഇത് നല്‍കി വരുന്നത്. ആര്‍ക്കെങ്കിലുമൊക്കെ സഹായം നല്‍കുന്നതിനു പകരം ഗവണ്‍മെന്റുമായി സഹകരിച്ച് ആവശ്യക്കാരില്‍ അത് എത്തിക്കാന്‍ നമുക്ക് സാധിക്കുമ്പോഴാണ് അത് യഥാര്‍ത്ഥമായും കാരുണ്യപ്രവര്‍ത്തനമാകുന്നത് എന്നാണ് അഹമ്മദിന്റെ കാഴ്ചപ്പാട്. ആര്‍ക്കും അനാവശ്യമായി സഹായങ്ങള്‍ ഒന്നും തന്നെ നല്‍കാന്‍ അദ്ദേഹം തയാറല്ല. ആവശ്യക്കാരെ കണ്ടെത്തി സഹായം കൊടുക്കുന്നതിലാണ് കാര്യം.

കൃഷിയോടും കാര്‍ഷിക മേഖലയോടുമുള്ള താല്‍പര്യം.

കാര്‍ഷിക മേഖലയുമായുള്ള അടുപ്പം ഇപ്പോഴും കൂടെ കൊണ്ടുനടക്കാന്‍ അഹമ്മദ് ശ്രദ്ധിക്കുന്നുണ്ട്. തന്റെ എല്ലാ ബില്‍ഡിംഗുകളിലും ഹരിതസാന്നിധ്യം നിലനിര്‍ത്തിയിരിക്കുന്നു അദ്ദേഹം. ഒപ്പം പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാമകരണം ചെയ്യുമ്പോഴും മരങ്ങളുടെ പേരുകള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നു. ഇന്ന് 200 ല്‍പ്പരം ഫലവൃക്ഷങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഉണ്ട്.

അദ്ദേഹത്തിന് ഏറ്റവും പ്രിയവും നാടന്‍ഭക്ഷണങ്ങളോടാണ്. കാലാവസ്ഥ ഒരു പ്രശ്‌നമല്ലേ എന്ന ചോദ്യത്തിനുള്ള മറുപടി ഇതായിരുന്നു, ”ഇപ്പോള്‍ ഏതു കാലാവസ്ഥ വേണമെങ്കിലും നമുക്കത് കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയുമല്ലോ. പിന്നെ ചെയ്യാനുള്ള മനസ്സ് ഉണ്ടായാല്‍ എന്താണ് അസാധ്യം”

കുടുംബം

തിരക്കുപിടിച്ച ബിസിനസ് ജീവിതത്തിനിടയിലും കുടുംബത്തിനായി ഇദ്ദേഹം ഏറെ സമയം കണ്ടെത. ബിസിനസ്സ് ജീവിതത്തിനും തിരക്കുപിടിച്ച ഓട്ടത്തിനുമിടയില്‍ കുടുംബത്തെ മറന്നു പോവുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും കഴിയാത്ത മറ്റ് ബിസിനസ്സുകാരില്‍ നിന്നും അഹമ്മദിനെ വ്യത്യസ്തനാക്കുന്നു. കുടുംബത്തോടൊപ്പൊമുളള സമയം മാത്രമാണ് ഏറ്റവും മനോഹരമെന്ന അഭിപ്രായക്കാരനാണ് ഈ തിരക്കു പിടിച്ച മലബാറിലെ ബിസിനസ്സുകാര്‍. ഭാര്യ സുബൈദയ്ക്കും മക്കളായ ഷംലാല്‍ അഹമ്മദ്, സൗജത്ത് അഷര്‍ അവരുടെ മക്കള്‍ക്കൊപ്പവും അഹമ്മദ് ഇന്ന് സന്തുഷ്ടനാണ്. സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ലഭിക്കുന്ന സ്‌നേഹമാണ് ഏറ്റവും വലുതും വിലയേറിയതും. അത് മനസ്സിലാക്കാന്‍ സാധിക്കുന്നവര്‍ക്ക് എന്നും വിജയം നേടാന്‍ കഴിയുമെന്ന് അഹമ്മദ് പറഞ്ഞു.

പുതു സംരംഭകരോട് പറയാനുള്ളത്.

ബിസിനസ്സ് രംഗത്തേക്ക് പുതുതായി പ്രവേശിക്കുന്നവരോട് ആദ്യം പറയാനുള്ളത്, എടുത്ത് ചാടി ഒന്നും ചെയ്യരുത് എന്നുള്ളതാണ്. ശ്രദ്ധിച്ച് മാര്‍ക്കറ്റിനെക്കുറിച്ച് പഠിച്ച് മെല്ലെ മുന്നോട്ട് പോവാന്‍ ശ്രമിക്കുക, ഒറ്റയടിക്ക് ഉയരങ്ങള്‍ കീഴടക്കടക്കാന്‍ ശ്രമിക്കരുത്. പരമാവധി കഠിനാധ്വാനം ചെയ്ത് മല്‍സരാധിഷ്ഠിത വിപണിയില്‍ മുന്‍നിരയില്‍ എത്താനായി പരിശ്രമിക്കുക. 100 ശതമാനം സത്യസന്ധരായി മുന്നോട്ട് പോവുക.

‘ആവശ്യത്തിനുള്ള മാനുഷിക കരുത്താണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. ഏറ്റവും വില പിടിച്ചതും മനുഷ്യവിഭവങ്ങള്‍ തന്നെയാണ് അത് പ്രയോജനപ്പെടുത്താന്‍ കഴിയണം. ഇവിടുള്ള ആളുകള്‍ പുറത്തേക്ക് പോയി ലോകം മുഴുവന്‍ അറിയണം നമ്മുടെ മനുഷ്യവിഭവങ്ങളുടെ കരുത്ത്. വിശക്കുന്ന ആളുകളുടെ നാടാണ് ഇന്ത്യ, വിശപ്പ് ഉള്ളവന് മാത്രമേ അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടാവൂ. അതിനായി വികസനത്തിലൂന്നിയ ചര്‍ച്ചകള്‍ നടത്തുക. ‘ എം.പി അഹമ്മദ് പറഞ്ഞു.

എം.പി അഹമ്മദ്, ചെയര്‍മാന്‍,  മലബാര്‍ ഗ്രൂപ്പ്

” ആവശ്യത്തിനുള്ള മാനുഷിക കരുത്താണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. ഏറ്റവും വില പിടിച്ചതും മനുഷ്യവിഭവങ്ങള്‍ തന്നെയാണ് അത് പ്രയോജനപ്പെടുത്താന്‍ കഴിയണം. ഇവിടുള്ള ആളുകള്‍ പുറത്തേക്ക് പോയി ലോകം മുഴുവന്‍ അറിയണം നമ്മുടെ മനുഷ്യവിഭവങ്ങളുടെ കരുത്ത്. വിശക്കുന്ന ആളുകളുടെ നാടാണ് ഇന്ത്യ, വിശപ്പ് ഉള്ളവന് മാത്രമേ അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടാവൂ. അതിനായി വികസനത്തിലൂന്നിയ ചര്‍ച്ചകള്‍ നടത്തുക “

 

 

Comments

comments