റിലയന്‍സ് ജിയോ ഡിടിഎച്ച് സേവനത്തിലേക്ക്

റിലയന്‍സ് ജിയോ ഡിടിഎച്ച് സേവനത്തിലേക്ക്

മുംബൈ: ഇന്ത്യയിലെ ഏറ്റവും പുതിയ ടെലികോം നെറ്റ്‌വര്‍ക്ക് സേവനദാതാക്കളായ റിലയന്‍സ് ജിയോ രാജ്യത്തെ ടെലിവിഷന്‍ മേഖലയിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്. തുടക്കത്തില്‍ 300 ചാനലുകളുമായി ഡിടിഎച്ച് സേവനം ആരംഭിക്കാനും ഘട്ടം ഘട്ടമായി ഇത് വര്‍ദ്ധിപ്പിക്കാനുമാണ് ജിയോയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വീഡിയോ സ്ട്രീമിങ് വെബ്‌സൈറ്റായ ഹോട്ട്സ്റ്റാറുമായി ജിയോ ഇതിനകം പങ്കാളിത്തമുറപ്പിച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമുമായും നെറ്റ്ഫിക്‌സുമായും പങ്കാളിത്തം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടെലികോം മേഖലയ്ക്കു ശേഷം ബ്രോഡ്ബാന്റ് വിപണിയില്‍ (ഫൈബര്‍ ടു ദ ഹോം എഫ്ടിടിഎച്ച്) ചുവടുറപ്പിക്കുന്ന ജിയോ ശക്തമായ മത്സരമുയര്‍ത്താനാണ് ശ്രമിക്കുന്നത്. മുംബൈ, പൂനൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ റിലന്‍സ് ജിയോ ഇന്‍ഫോകോം ചില സേവനങ്ങള്‍ നല്‍കിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു ബ്രോഡ്ബാന്റിനെ ഏറ്റെടുത്ത് കൊണ്ട് വൊഡാഫോണും ഈ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ റിലയന്‍സ് ജിയോ ബ്രോഡ്ബാന്റ് അഖിലേന്ത്യാ തലത്തില്‍ എന്നാണ് സേവനമാരംഭിക്കുക എന്നതു സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ബ്രോഡ്ബാന്റ് വിപണിയിലേക്കുള്ള ജിയോയുടെയും വൊഡാഫോണിന്റെയും പ്രവേശനം ഭാരതി എയര്‍ടെല്ലിനും ബിഎസ്എന്‍എല്ലിനും വന്‍വെല്ലുവിളിയാണ് ഉയര്‍ത്തുക. ബ്രോഡ്ബാന്റ് മേഖലയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് എയര്‍ടെലും ബിഎസ്എന്‍എല്ലുമാണ്.

അതേസമയം ജിയോയുടെ സെറ്റ് ടോപ് ബോക്‌സിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. കാന്‍ഡി ടെക്, ഡിടിഎച്ച് ഫോറം എന്നീ വെബ്‌സൈറ്റുകളില്‍ റിലയന്‍സ് ജിയോയുടെ ബ്രാന്‍ഡ് ലോഗോയോട് കൂടിയ റീട്ടെയ്ല്‍ ബോക്‌സിന്റെ ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്നു. വരാന്‍ പോകുന്ന ഉപകരണങ്ങളുടെ യഥാര്‍ത്ഥ ചിത്രങ്ങളാണോ ഇതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പുറത്തായ സെറ്റ് ടോപ്പ് ബോക്‌സിന്റെ ചിത്രത്തില്‍ എച്ച്ഡിഎംഐ പോര്‍ട്ട്, യുഎസ്ബി പോര്‍ട്ട്, എതര്‍നെറ്റ് പോര്‍ട്ട്, മറ്റ് കേബിള്‍ പോര്‍ട്ടുകള്‍ എന്നിവയുണ്ട്.

Comments

comments