ഇന്‍ഫോസിസ് സിഒഒയുടെ വേതന വര്‍ധനക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാരായണമൂര്‍ത്തി

ഇന്‍ഫോസിസ് സിഒഒയുടെ വേതന വര്‍ധനക്കെതിരെ രൂക്ഷവിമര്‍ശനവുമായി നാരായണമൂര്‍ത്തി

മുതലാളിത്തം കൂടുതല്‍ ജനങ്ങളെ ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്

ബംഗളുരു: ഇന്‍ഫോസിസ് ചീഫ് ഓപ്പറേറിങ് ഓഫീസര്‍ (സിഒഒ) യു ബി പ്രവീണ്‍ റാവുവിന്റെ നഷ്ടപരിഹാര തുകയില്‍ വര്‍ധന വരുത്തിയ ഡയറക്റ്റര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്ഥാപകരിലൊരാളായ എന്‍ ആര്‍ നാരായണമൂര്‍ത്തി. തീരുമാനം ഉചിതമല്ലെന്നും ജീവനക്കാര്‍ക്ക് മാനേജ്‌മെന്റിലും ബോര്‍ഡിലുമുള്ള വിശ്വാസം ഇല്ലാതാക്കുന്നതിന് ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫോസിസിലെ നിലവിലെ ഭരണനിലവാരം മോശമാണെന്നും ടോപ് മാനേജ്‌മെന്റിലുള്ള ഉദ്യോഗസ്ഥരുടെ പ്രീതി മാത്രമാണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു ഉയര്‍ന്ന തലത്തിലുള്ള വ്യക്തിയുടെ കോംപന്‍സേഷന്‍ തുക 60 ശതമാനം മുതല്‍ 70 ശതമാനം (പ്രകടനമുള്‍പ്പടെ അടിസ്ഥാനമാക്കി) വരെയാക്കി വര്‍ധിപ്പിക്കുന്നു. എന്നാല്‍ കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരുടെയും നഷ്ടപരിഹാര തുകയില്‍ വരുത്തുന്നത് വെറും 6 മുതല്‍ 7 ശതമാനം വരെ വര്‍ധനവാണ്. തന്റെ അഭിപ്രായത്തില്‍ ഇത് ശരിയല്ലെന്നും നാരായണമൂര്‍ത്തി തുറന്നടിച്ചു.

പ്രൊജക്റ്റ് മാനേജര്‍മാര്‍, ഡെലിവറി മാനേജര്‍മാര്‍, അനലിസ്റ്റുകള്‍, പ്രോഗ്രാമര്‍മാര്‍, ഫില്‍ഡിലിറങ്ങി വില്‍പ്പന നടത്തുന്നവര്‍, എന്‍ട്രി ലെവല്‍ എന്‍ജിനീയര്‍മാര്‍, ക്ലര്‍ക്ക്, ഓഫീസ് ബോയ്‌സ് എന്നിവരുള്‍പ്പെട്ട ഇന്‍ഫോസിസിലെ ഭൂരിപക്ഷ ജീവനക്കാരും കമ്പനിയെ മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്ത് മനഃസാക്ഷിയുടെ പുറത്താണ് പ്രവീണിനെപ്പോലെ മാന്യനായൊരു വ്യക്തി തന്റെ കീഴിലുള്ളവരോട് കഠിനമായി ജോലി ചെയ്യണമെന്നും ചെലവ് ചുരുക്കുന്നതിനും ലാഭം സംരക്ഷിക്കുന്നതിനുമായി ത്യാഗം ചെയ്യണമെന്നും പറയുന്നതെന്ന് നാരായാണ മൂര്‍ത്തി ചോദിക്കുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്യുന്ന പല ഇമെയിലുകളും തനിക്ക് ലഭിച്ചതായും. ഇത്തരത്തിലുള്ള താഴ്ന്ന തീരുമാനങ്ങള്‍ കമ്പനിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ പ്രവീണിനോട് എനിക്ക് അതിയായ സ്‌നേഹമുണ്ട്. 1985ലാണ് താന്‍ പ്രവീണിനെ റിക്രൂട്ട് ചെയ്തത്. എല്ലാവിധ ശിക്ഷണവും നല്‍കിയിട്ടുണ്ട്. 2013ല്‍ ഇന്‍ഫോസിസില്‍ തിരികെയെത്തിയപ്പോള്‍ പ്രവീണ്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പോലുമല്ലായിരുന്നു. ക്രിസും ഷിബുവും ഞാനുമാണ് പ്രവീണിന് പ്രോത്സാഹനങ്ങള്‍ നല്‍കിയത്. ബോര്‍ഡിലേക്ക് ഉയര്‍ത്തുകയും വിശാല്‍ സിക്കയെ സിഇഒ ആയി റിക്രൂട്ട് ചെയ്തതിനൊപ്പം തന്നെ പ്രവീണിനെ സിഒഒ ആയി നിയമിക്കുകയും ചെയ്തു,’ നാരായണ മൂര്‍ത്തി പറഞ്ഞു.

ഇന്ത്യന്‍ കമ്പനികളിലെ മുതിര്‍ന്ന മാനേജ്‌മെന്റ് വ്യക്തിത്വങ്ങള്‍ക്ക് തങ്ങള്‍ സ്വീകരിക്കുന്ന നഷ്ടപരിഹാരത്തിലും ശമ്പളം കൂടാതെയുള്ള മറ്റ് സൗജന്യങ്ങളിലും ആത്മനിയന്ത്രണമുണ്ട്. ഇന്ത്യ പോലൊരു പാവപ്പെട്ട രാജ്യത്ത് താഴ്ന്ന ശമ്പളവും ഉയര്‍ന്ന ശമ്പളവും തമ്മില്‍ ഉചിതമായ അനുപാതം സൂക്ഷിക്കാനാണ് അവര്‍ പോരാടുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ നല്‍കുന്നതിന് വേണ്ട അഭിപ്രായ അന്തരീക്ഷവും ബോര്‍ഡ് സൃഷ്ടിക്കുന്നു.

ഭൂരിപക്ഷവും ദരിദ്രരായ ഇന്ത്യയില്‍ മുതലാളിത്ത വ്യവസ്ഥിതിക്ക് മനസ്സലിവില്ലെങ്കില്‍ കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കാനും ദാരിദ്ര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയില്ല. നിലവിലെ കോര്‍പ്പറേറ്റ് നേതാക്കള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ മുതലാളിത്തം അവസാനിക്കുന്നത് വിദൂരത്തിലല്ലെന്നും നാരായണ മൂര്‍ത്തി വ്യക്തമാക്കി.

Comments

comments

Categories: Business & Economy