5,400 മെഗാവാട്ടിന്റെ വിന്‍ഡ് പവര്‍ ശേഷി കൂട്ടിച്ചേര്‍ത്ത് ഇന്ത്യ

5,400 മെഗാവാട്ടിന്റെ വിന്‍ഡ്  പവര്‍ ശേഷി കൂട്ടിച്ചേര്‍ത്ത് ഇന്ത്യ

കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കിയത് ആന്ധ്ര പ്രദേശ്

ന്യൂഡെല്‍ഹി: 2016-17 കാലയളവില്‍ ഇന്ത്യ 5,400 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ശേഷി കൂട്ടിച്ചേര്‍ത്തെന്ന് കണക്കുകള്‍. ഇതൊരു റെക്കോര്‍ഡ് നേട്ടമാണ്. ഈ കാലയളവില്‍ 4,000 മെഗാവാട്ടായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2011-12 ല്‍ 3,197 മെഗാവാട്ടും 2015-16 ല്‍ 3,423 മെഗാവാട്ടും വീതം കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജശേഷിയാണ് ചേര്‍ത്തതെന്നും ന്യൂ ആന്‍ഡ് റിനീവബിള്‍ എനര്‍ജി മന്ത്രാലയം വ്യക്തമാക്കി.

ഏകദേശം 3,026 മെഗാവാട്ട് വിന്‍ഡ് പവര്‍ 2017 മാര്‍ച്ചില്‍ മാത്രം കൂട്ടിച്ചേര്‍ത്തു. ഇതോടെ രാജ്യത്തെ മൊത്തം കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദന ശേഷി ഏതാണ്ട് 32,177 മെഗാവാട്ടിലെത്തി. സൗരോര്‍ജ്ജ പദ്ധതികളുടെ വിജയകരമായ ലേലം തുടങ്ങിയതോടെ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ ത്വരിതപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുനരുപയോഗ ഊര്‍ജ്ജ മേഖലയ്ക്കായി സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ നടപ്പിലാക്കി. ഓക്ഷന്‍ ഇന്‍ഡക്ഷന്‍, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം-സോളാര്‍-ജലവൈദ്യുത നിലയം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദനത്തിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പാകത്തിലെ ശക്തമായ കാറ്റുള്ളത്. ഇതില്‍ ആന്ധ്ര പ്രദേശ് 2,190 മെഗാവാട്ടിന്റെ പദ്ധതികള്‍ നടപ്പിലാക്കി. ഗുജറാത്ത് 1,275 മെഗാവാട്ടും കര്‍ണ്ണാടക 882 മെഗാവാട്ടും മധ്യപ്രദേശ് 357 മെഗാവാട്ട്, രാജസ്ഥാന്‍ 288 മെഗാവാട്ട്, മഹാരാഷ്ട്ര 118 മെഗാവാട്ട്, തെലങ്കാന 23 മെഗാവാട്ട്, കേരളം 8 മെഗാവാട്ട് എന്നിങ്ങനെയും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ ശേഷി ചേര്‍ത്തു. 2015-16 സാമ്പത്തികവര്‍ഷം മധ്യപ്രദേശാ(1,291 മെഗാവാട്ട്)ണ് കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ പദ്ധതികള്‍ സ്ഥാപിച്ചതില്‍ മുന്നില്‍നിന്നത്.

രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്ര എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തിയിരുന്നു.
2016-17 ല്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ മേഖലയില്‍ പുതിയ സംരംഭങ്ങളുണ്ടായി. വിന്‍ഡ് പവര്‍ നിരക്ക് കിലോവാട്ട് അവറിന് 3.46 രൂപയ്ക്കു താഴയെത്തിച്ച ആദ്യത്തെ ലേലം സംഘടിപ്പിച്ചതാണ് അതില്‍ ഏറെ പ്രത്യേകതയുള്ള നടപടി.

Comments

comments

Categories: Top Stories