ഇക്വഡോറില്‍ ഇടതിന് വന്‍ വിജയം

ഇക്വഡോറില്‍ ഇടതിന് വന്‍ വിജയം

ക്വറ്റോ(ഇക്വഡോര്‍): ഞായറാഴ്ച ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി ലെനിന്‍ മൊറേനോ വിജയിച്ചു. ഇടത് പാര്‍ട്ടികള്‍ തിരിച്ചടി നേരിടുന്ന ലാറ്റിനമേരിക്കയില്‍ ലെനിന്‍ മൊറേനോയുടെ വിജയം നല്‍കിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല.

സമീപകാലത്ത് ബ്രസീലിലും അര്‍ജന്റീനയിലും പെറുവിലും വലത് പാര്‍ട്ടികള്‍ അധികാരത്തിലേറിയിരുന്നു. ക്രമേണ മറ്റ് രാജ്യങ്ങളിലേക്കും വലത് തരംഗം ആഞ്ഞടിക്കുമെന്നു കരുതിയ വേളയിലാണ് ഇക്വഡോറില്‍ ഇടത് പാര്‍ട്ടി വിജയിച്ചത്.

മൊറേനോയുടെ വിജയത്തില്‍ ഏറ്റവുമധികം ആശ്വസിക്കുന്നതു വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ ആസാന്‍ജായിരിക്കും. കാരണം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ലണ്ടനിലെ ഇക്വഡോറിന്റെ എംബസിയില്‍ രാഷ്ട്രീയാഭയം പ്രാപിച്ചിരിക്കുന്ന ജൂലിയന്‍ അസാന്‍ജിനെ പുറത്താക്കുമെന്ന് വലത് സ്ഥാനാര്‍ഥിയായി മത്സരിച്ച ഗ്വില്ലേര്‍മോ ലസോ പ്രഖ്യാപിച്ചിരുന്നു.
മൊറേനോയുടെ വിജയത്തില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ അഭിനന്ദനം അറിയിച്ചു. അതേസമയം മൊറേനോയുടെ വിജയം അംഗീകരിക്കില്ലെന്ന് അറിയിച്ചു കൊണ്ടു നിരവധി പേര്‍ തെരുവിലിറങ്ങി. മൊറേനോയുടെ വിജയം കൃത്രിമമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

മെയ് 24നായിരിക്കും ഇക്വഡോറില്‍ പുതിയ പ്രസിഡന്റായി മൊറേനോ അധികാരമേല്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വെടിയേറ്റതിനെ തുടര്‍ന്ന് ഇരുകാലുകള്‍കളും നഷ്ടപ്പെട്ട മൊറേനോ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്.

Comments

comments

Categories: Politics, World

Related Articles