ജിബ്രാള്‍ട്ടര്‍ ദ്വീപിന്റെ ഉടമസ്ഥതയെച്ചൊല്ലി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടസപ്പെടുമോ ?

ജിബ്രാള്‍ട്ടര്‍ ദ്വീപിന്റെ ഉടമസ്ഥതയെച്ചൊല്ലി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടസപ്പെടുമോ ?

മൂന്ന് നൂറ്റാണ്ട് മുന്‍പു സ്‌പെയ്‌നിന്റെ തെക്കേയറ്റത്തുള്ള ജിബ്രാള്‍ട്ടറെന്ന പ്രദേശത്ത് ബ്രിട്ടന്‍ പരമാധികാരം സ്ഥാപിച്ചെടുത്തു. ഈ പ്രദേശത്തെ ചൊല്ലി ലണ്ടനും മാഡ്രിഡും തമ്മില്‍ തര്‍ക്കവുമുണ്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്നും ബ്രിട്ടന്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചതോടെ ജിബ്രാള്‍ട്ടറില്‍ പരമാധികാരം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണു സ്‌പെയ്ന്‍. ഇക്കാര്യത്തില്‍ ഇയുവിന്റെ പിന്തുണ സ്‌പെയ്ന്‍ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ജിബ്രാള്‍ട്ടറിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു തന്നെയാണെന്ന് ബ്രിട്ടനും ആവര്‍ത്തിച്ചു പറയുമ്പോള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഈ ചെറിയ പ്രദേശത്തെ ചൊല്ലി തടസപ്പെടുമോ എന്ന ചോദ്യവും ഉയര്‍ന്നിരിക്കുന്നു.

സ്‌പെയ്‌നിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ചെറിയ ഭൂപ്രദേശമാണു ജിബ്രാള്‍ട്ടര്‍. 6.8 ചതുരശ്ര കിലോമീറ്ററാണു വിസ്തീര്‍ണം. ഈ പ്രദേശത്ത് നിറഞ്ഞുനില്‍ക്കുന്നത് വലിയൊരു പാറയാണ്. ഇതിനെ ജിബ്രാള്‍ട്ടര്‍ പാറ എന്നു വിളിക്കുന്നു. ജിബ്രാള്‍ട്ടറിലെ ജനസംഖ്യ 30,000-ത്തില്‍ താഴെയാണ്. സ്‌പെയ്‌നില്‍ 1704-ല്‍ പിന്തുടര്‍ച്ചാവകാശത്തെ ചൊല്ലി നടന്ന യുദ്ധത്തിനിടെയാണ് ആംഗ്ലോ-ഡച്ച് സൈന്യം ജിബ്രാള്‍ട്ടര്‍ സ്‌പെയ്‌നില്‍നിന്നും പിടിച്ചെടുത്തത്.

ജിബ്രാള്‍ട്ടറിനു മീതെയുള്ള പരമാധികാരം ബ്രിട്ടന്‍ 1713-ല്‍ സ്ഥാപിക്കുകയും 1830-ല്‍ ഈ പ്രദേശം ബ്രിട്ടന്റെ കോളനിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ കൊച്ചു പ്രദേശത്തെ ചൊല്ലി മാഡ്രിഡും ലണ്ടനും തമ്മില്‍ ദീര്‍ഘകാലത്തെ തര്‍ക്കമുണ്ടെങ്കിലും 1967ലും 2002-ലും ജിബ്രാള്‍ട്ടറില്‍ നടന്ന ജനഹിത പരിശോധനയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത് ജിബ്രാള്‍ട്ടര്‍ ബ്രിട്ടനോടൊപ്പം നിലനില്‍ക്കണമെന്നാണ്.

ഇപ്പോള്‍ ഈ കൊച്ചു പ്രദേശം വീണ്ടും വാര്‍ത്തയിലിടം നേടിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍(ഇയു)നിന്നും അംഗത്വം ഉപേക്ഷിക്കാന്‍ ബ്രിട്ടന്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചതോടെയാണു ജിബ്രാള്‍ട്ടറിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. ജിബ്രാള്‍ട്ടര്‍ ബ്രിട്ടന്റെ അധീനതയിലാണ് ഇപ്പോള്‍. എന്നാല്‍ ജിബ്രാള്‍ട്ടറിനെ ചൊല്ലി സ്‌പെയ്‌നുമായി ബ്രിട്ടന്‍ തര്‍ക്കത്തിലാണ്. ഈ തര്‍ക്കത്തില്‍ സ്‌പെയ്‌നിനെ പിന്തുണയ്ക്കാനാണ് ഇയു തീരുമാനിച്ചിരിക്കുന്നത്.

ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കു മുന്നോടിയായി യൂറോപ്യന്‍ കൗണ്‍സില്‍ തയാറാക്കിയ ഒന്‍പത് പേജ് ഉള്‍പ്പെടുന്ന മാര്‍ഗനിര്‍ദേശങ്ങളുടെ കരട് കഴിഞ്ഞ വെള്ളിയാഴ്ച 27 ഇയു അംഗരാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് അയച്ചു കൊടുത്തിരുന്നു. ഈ കരടിലാണു ജിബ്രാള്‍ട്ടര്‍ പരാമര്‍ശ വിഷയമായത്. ബ്രിട്ടനുമായി ഇയു ഏര്‍പ്പെടുന്ന കരാറിലെ വ്യവസ്ഥകള്‍ ബ്രിട്ടന്റെ അധീനതയിലുള്ള ജിബ്രാള്‍ട്ടറിനു ബാധകമാകണമെങ്കില്‍ സ്‌പെയ്‌നിന്റെ അനുമതി കൂടി ലഭ്യമാക്കേണ്ടതുണ്ടെന്നു കരട് രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്. അതായത് ബ്രിട്ടന് ജിബ്രാള്‍ട്ടറിലുള്ളതു പോലുള്ള അവകാശവും പരമാധികാരവുമൊക്കെ സ്‌പെയ്‌നിനും ഉണ്ട്. ഇക്കാര്യം ബ്രിട്ടന്‍ സമ്മതിക്കണമെന്നാണു ഇയു കരട് രേഖയില്‍ പറയുന്നത്. എന്നാല്‍ ഈ നിര്‍ദേശം ബ്രിട്ടനെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

ജിബ്രാള്‍ട്ടറിനെ ചൊല്ലി ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വിവാദത്തെ ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സാമ്യപ്പെടുത്തുന്നത് 1982-ലെ ഫാല്‍ക്ക്‌ലാന്‍ഡ്‌സ് തര്‍ക്കത്തോടാണ്. അന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറാണ്.1982-ല്‍ തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള ഫാല്‍ക്ക്‌ലാന്‍ഡ്‌സ് ദ്വീപിന്റെ അധികാരത്തെച്ചൊല്ലി അര്‍ജന്റീനയും ബ്രിട്ടനും തമ്മില്‍ ഏര്‍പ്പെട്ട യുദ്ധമാണു ഫാല്‍ക്ക്‌ലാന്‍ഡ്‌സ് യുദ്ധം. മാല്‍വിനാ യുദ്ധമെന്നും ഇത് അറിയപ്പെടുന്നുണ്ട്. അര്‍ജന്റീനയ്ക്കു തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന സൗത്ത് ജോര്‍ജ്ജിയ, സാന്‍ഡ്‌വിച്ച് ദ്വീപുകളെച്ചൊല്ലിയുള്ള തര്‍ക്കം ഇതിനു മുന്‍പു തന്നെ ഈ രാജ്യങ്ങള്‍ തമ്മില്‍ ഉടലെടുത്തിരുന്നു.

1982 ഏപ്രില്‍ രണ്ടിനു അര്‍ജന്റീനിയന്‍ സൈന്യം ഫാല്‍ക്ക്‌ലാന്‍ഡ്‌സ് ദ്വീപുകളിലേയ്ക്കു സൈനിക സന്നാഹം നടത്തുകയും അവിടെ താവളമുറപ്പിയ്ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നു മാര്‍ഗരറ്റ് താച്ചറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഭരണകൂടം നാവിക, വ്യോമ സൈനിക നീക്കങ്ങള്‍ നടത്തി. പോരാട്ടത്തിനൊടുവില്‍ ദ്വീപുകള്‍ തിരിച്ചു പിടിയ്ക്കുകയും ചെയ്തു. 74 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഇരുവിഭാഗങ്ങളിലും നാശനഷ്ടമുണ്ടായി. ബ്രിട്ടനില്‍ താച്ചറിന്റെ ജനപ്രീതി ഉയര്‍ന്നു. അര്‍ജന്റീനയിലാവട്ടെ സൈനിക ഭരണകൂടം നിലംപൊത്തുകയും രാജ്യത്തു പൊതുതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.

1982-ല്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി ഒരു സ്ത്രീയായിരുന്നു. 2017-ലും ബ്രിട്ടന്റെ പ്രധാനമന്ത്രി ഒരു സ്ത്രീയാണ്. 1982-ല്‍ ബ്രിട്ടന് ഫാല്‍ക്ക്‌ലാന്‍ഡ്‌സ് ദ്വീപിന്റെ ഉടമസ്ഥതയെച്ചൊല്ലിയാണ് തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നതെങ്കില്‍ ഇപ്പോള്‍ ജിബ്രാള്‍ട്ടറിന്റെ ഉടമസ്ഥതയിലാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ 1982-ല്‍ മാര്‍ഗരറ്റ് താച്ചര്‍ അനുവര്‍ത്തിച്ച നയം തന്നെയായിരിക്കണം തെരേസ മേയും പിന്തുടരേണ്ടതെന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് മൈക്കല്‍ ഹോവാര്‍ഡ് പറയുന്നു. ഹോവാര്‍ഡിന്റെ അഭിപ്രായം തന്നെയാണു യുകെ പ്രതിരോധമന്ത്രി മൈക്കള്‍ ഫാലനും ബ്രിട്ടന്റെ വിദേശമന്ത്രി ബോറിസ് ജോണ്‍സനുമുള്ളത്.

Comments

comments

Categories: World