അംബേദ്കര്‍ ജന്മദിനത്തില്‍ ആധാര്‍ പേ നിലവില്‍ വരും

അംബേദ്കര്‍ ജന്മദിനത്തില്‍ ആധാര്‍ പേ നിലവില്‍ വരും

അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ആധാര്‍ പേയില്‍ 5 ലക്ഷം വ്യാപാരികളെത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സംരംഭമായ ആധാര്‍ പേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. എഴുത്തും വായനയും അറിയില്ലാത്ത ആളുകള്‍ക്ക് ഡിജിറ്റല്‍ ബാങ്കിംഗ് പ്രാപ്തമാക്കുകയെന്നതാണ് ആധാര്‍ പേയുടെ പ്രധാന ലക്ഷ്യം. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഭീം റാവു അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14നാണ് ആധാര്‍ പേ നിലവില്‍ വരിക.

ബയോമെട്രിക് അധിഷ്ഠിത പേമെന്റ് സംവിധാനമാണ് ആധാര്‍ പേ. വിരലടയാളം ഉപയോഗിച്ച്, ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് എക്കൗണ്ടിലൂടെ ഉടമസ്ഥന് ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. എല്ലാ പൊതുമേഖലാ ബാങ്കുകളോടും ഏപ്രില്‍ 14നകം ആധാര്‍ പേയുടെ ഭാഗമാകണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഡിഎഫ്‌സിയാണ് ആധാര്‍ പേയുമായി ആദ്യം സഹകരിച്ച പൊതുമേഖലാ ബാങ്കെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ആധാര്‍ പേ യുടെ ഭാഗമാകാന്‍ വ്യാപാരികളെ പ്രോത്സാഹിപ്പിക്കണമെന്ന് ധനമന്ത്രാലയം പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ആധാര്‍ പേയില്‍ 5 ലക്ഷം വ്യാപാരികളെത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ഒരിക്കല്‍ പാവപ്പെട്ടവര്‍ അംങ്കൂത ചാപ് (ഒപ്പിനു പകരം വിരലടയാളം പതിപ്പിക്കുന്നവര്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് വിരലടയാളം അവരുടെ ബാങ്ക്, ഐഡന്റിറ്റി, ബിസിനസ്സ് എന്നിവയിലേക്കെല്ലാമുള്ള വഴിയായി മാറിയെന്ന് മൊബൈല്‍ ആപ്പായ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) യുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഭീം ആപ്പ് കൂടുതലായും സാധാരണക്കാര്‍ക്കിടയിലെ ഇടപാടുകള്‍ പരിഗണിച്ചാണ് തയാറാക്കിയതെങ്കില്‍ വ്യാപാരികളെ ലക്ഷ്യംവെച്ചാണ് ആധാര്‍ പേ വരുന്നത്.

പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷീനുകള്‍ സ്ഥാപിച്ച ചെറുകിട വ്യാപാരികളില്‍ നിന്ന് പ്രതിമാസം 100 രൂപയില്‍ കൂടുതല്‍ വാടക പേമെന്റുകള്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്ന രീതിയില്‍ നിരക്ക് ക്രമീകരിക്കണമെന്ന് സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഫെബ്രുവരി വരെ ഇന്ത്യയിലെ 108 കോടിയിലധികം ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Top Stories