എച്ച്എഎല്‍ വില്‍പ്പന 4% ഉയര്‍ന്നു

എച്ച്എഎല്‍ വില്‍പ്പന 4% ഉയര്‍ന്നു

ബെംഗളൂരു: പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡ് (എച്ച്എഎല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. 2016-2017ല്‍ കമ്പനിയുടെ വില്‍പ്പന നാല് ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി 17,406 കോടി രൂപയിലെത്തിയതായി എച്ച്എഎല്‍ അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 16,736 കോടി രൂപയായിരുന്നു.

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനി പ്രതീക്ഷയ്ക്കനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നാണ് എച്ച്എഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ടി സുവര്‍ണ രാജു അഭിപ്രായപ്പെട്ടത്. 800 കോടി രൂപ സര്‍ക്കാരിന് ഇടക്കാല ലാഭവിഹിതം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നികുതിക്കു മുന്‍പുള്ള ലാഭം മുന്‍ വര്‍ഷത്തെ 3,288 കോടിയില്‍ രൂപയില്‍ നിന്നും 0.18 ശതമാനം വര്‍ധിച്ച് 3,294 കോടി രൂപയിലെത്തിയിട്ടുണ്ട്.

12 എസ്‌യു-30 എംകെഐ എയര്‍ക്രാഫ്റ്റുകളുടെ നിര്‍മാണം, 24 അത്യാധുനിക ഹെലികോപ്റ്ററുകളുടെ നിര്‍മാണം, 197 എയര്‍ക്രാഫ്റ്റുകളുടെ നവീകരണം, 473 എന്‍ജിനുകള്‍, 178 പുതിയ എയ്‌റോ സ്ട്രക്ച്ചര്‍ നിര്‍മാണം എന്നിവയാണ് 2016-2017 സാമ്പത്തിക വര്‍ഷത്തെ എച്ച്എഎല്ലിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഇതേ വര്‍ഷം 21,000 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ ലഭിച്ചതായും എച്ച്എഎല്‍ അറിയിച്ചു. ഇന്ത്യന്‍ നേവിക്കു വേണ്ടി 12 ഡു-228 എയര്‍ക്രാഫ്റ്റുകള്‍, ഇന്ത്യന്‍ നേവിക്കും കോസ്റ്റ് ഗാര്‍ഡിനുമായി 32 അത്യാധൂനിക ലൈറ്റ് ഹെലികോപ്റ്റര്‍, എസ്‌യു-30 എംകെഐ ക്കു വേണ്ടി എല്‍-31 എഫ്പി എന്‍ജിനുകള്‍ എന്നിവയുട ഓര്‍ഡറുകള്‍ എച്ച്എഎല്ലിനു ലഭിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: HAL, India