ഇന്ത്യയുടെ അഭിമാന നിമിഷം : ചെനാനി-നസ്രി തുരങ്ക പാത തുറന്നു

ഇന്ത്യയുടെ അഭിമാന നിമിഷം : ചെനാനി-നസ്രി തുരങ്ക പാത തുറന്നു

ന്യൂഡെല്‍ഹി: ഹിമാലയത്തിന്റെ ഹൃദയഭാഗത്തുകൂടി നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചെനാനി-നസ്രി തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കതുവാ-ഉധംപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംപി ജിതേന്ദ്ര സിംഗ് തുടങ്ങിയവരും മോദിയോടൊപ്പം ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറയും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ചേര്‍ന്നാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ അതീവ സുരക്ഷയാണ് ഒരുക്കിയത്.

ഉധംപൂര്‍ ജില്ലയിലെ ചെനാനിയില്‍ നിന്നാരംഭിച്ച് റംബാന്‍ ജില്ലയിലെ നശ്രിയില്‍ അവസാനിക്കുന്ന തുരങ്കത്തിന്റെ ദൈര്‍ഘ്യം 9.2 കിലോ മീറ്ററാണ്. 3,720 കോടി രൂപയാണ് തുരങ്ക പാതയുടെ നിര്‍മാണ ചെലവ്. സമുദ്രനിരപ്പില്‍ നിന്നും 1,200 മീറ്റര്‍ ഉയരത്തിലാണ് തുരങ്ക പാത സ്ഥിതി ചെയ്യുന്നത്. തുരങ്കപാത തുറക്കുന്നതോടെ കുദ്, പറ്റ്‌നിടോപ് എന്നിവിടങ്ങള്‍ വഴിയുള്ള ദുര്‍ഘടമായ യാത്രയ്ക്ക് പരിഹാരമാകും. പുതിയ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ 30 കിലോമീറ്ററും രണ്ടര മണിക്കൂര്‍ യാത്രാസമയവും ലാഭിക്കാനാകും.

അതീവ സുരക്ഷ ഉറപ്പുവരുത്തി നിര്‍മിച്ചിരിക്കുന്ന തുരങ്കത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി അത്യാധൂനിക സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രധാനമന്ത്രി കശ്മീരില്‍ സന്ദര്‍ശനത്തിനെത്തുന്നതിരെ കശ്മീരി വിഘടനവാദികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Comments

comments

Categories: Top Stories