ഇലക്ട്രിക് കാറുകളിലേക്ക് മെഴ്‌സിഡസ്-ബെന്‍സ് അതിവേഗം ചുവടുമാറ്റുന്നു

ഇലക്ട്രിക് കാറുകളിലേക്ക് മെഴ്‌സിഡസ്-ബെന്‍സ് അതിവേഗം ചുവടുമാറ്റുന്നു

2022 ഓടെ 10.8 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് പത്ത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും

ബെര്‍ലിന്‍ : ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നതിന് അതിവേഗം പ്രവര്‍ത്തിക്കുകയാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ്. ഡീസല്‍ കാറുകളോട് യൂറോപ്യന്‍മാര്‍ മുഖം തിരിക്കുന്നതാണ് മെഴ്‌സിഡസ്-ബെന്‍സിന് തിരിച്ചറിവ് സമ്മാനിച്ചത്.

2022 ഓടെ 10.8 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് പത്ത് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ലോകത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബറില്‍ നടന്ന പാരിസ് ഓട്ടോ ഷോയില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ മൂന്ന് വര്‍ഷം മുന്നേ 2022 ല്‍ കാറുകള്‍ വിപണിയിലെത്തിക്കും.

പരമ്പരാഗത വാഹന സാങ്കേതികവിദ്യകളില്‍നിന്ന് അതിവേഗം പിന്‍വലിയാന്‍ വാഹനനിര്‍മ്മാതാക്കള്‍ കാണിക്കുന്ന വ്യഗ്രത ഇവര്‍ പ്രഖ്യാപിക്കുന്ന സമയക്രമങ്ങളില്‍നിന്ന് വ്യക്തമാണ്. പരിഷ്‌കരിച്ച ആന്തരിക ദഹന എന്‍ജിനുകള്‍ ‘പരിവര്‍ത്തന കാല’യളവിലേക്ക് മാത്രമായി തുടരുമെന്ന് മെഴ്‌സിഡസിന്റെ മാതൃകമ്പനിയായ ഡയ്മ്‌ലര്‍ അറിയിച്ചു.

വാഹന നിര്‍മ്മാണ വ്യവസായത്തിലെ ഈ അത്യുജ്ജ്വല പരിവര്‍ത്തനത്തെ മുന്നില്‍നിന്ന് നയിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബെര്‍ലിനില്‍ ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തിനുശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഡയ്മ്‌ലര്‍ ചെയര്‍മാന്‍ മാന്‍ഫ്രെഡ് ബിഷോഫ് വ്യക്തമാക്കി. ഇലക്ട്രിക് കാറുകളിലേക്ക് വാഹന നിര്‍മ്മാണ വ്യവസായം ചേക്കേറുകയും ഡ്രൈവറില്ലാ വാഹനങ്ങള്‍ പിറവിയെടുക്കുകയും ചെയ്യുന്ന കാലത്ത് വിപണിയില്‍ വിജയകരമായി തുടരുന്നതിന് ഡയ്മ്‌ലറിന് കൂടൂതല്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആവശ്യമായി വരുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം തിരിച്ചറിയുന്നു. ഡീസല്‍ കാറുകളുടെ മലിനീകരണ തോത് കുറച്ചുകാണിക്കുന്നതിന് ഫോക്‌സ്‌വാഗണ്‍ നടത്തിയ തട്ടിപ്പിനുശേഷമാണ് ഇലക്ട്രിക് കാറുകളിലേക്കുള്ള പരിവര്‍ത്തനത്തിന് വേഗം വര്‍ധിച്ചത്.

ഡിസംബറില്‍ ജര്‍മ്മനിയിലെ ഡീസല്‍ ആവശ്യകത 2010 സെപ്റ്റംബറിനുശേഷം ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ആകെ വില്‍പ്പനയുടെ 43 ശതമാനത്തോളമാണ് ഡീസല്‍ ആവശ്യകതയില്‍ ഇടിവ് വന്നിരിക്കുന്നതെന്നാണ് ദ്യുസ്ബര്‍ഗ്-എസ്സന്‍ സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ആന്തരിക ദഹന എന്‍ജിനുകളില്‍നിന്ന് കാര്‍ നിര്‍മ്മാതാക്കള്‍ കളംമാറ്റി ചവിട്ടുന്നതാണ് ഇത് തെളിയിക്കുന്നത്.

വാഹനങ്ങളുടെ ‘ഇലക്ട്രിഫിക്കേഷന്‍’ സാധാരണമായിതുടങ്ങിയതോടെ വാഹനനിര്‍മ്മാതാക്കള്‍ക്ക്, പ്രത്യേകിച്ച് ഡീസല്‍ എന്‍ജിന്‍ നിര്‍മ്മാതാക്കള്‍ക്ക് കാര്യമായൊന്നും പ്രവര്‍ത്തിക്കാനില്ലാത്ത അവസ്ഥയാണെന്ന് ഡയ്മ്‌ലര്‍ സൂപ്പര്‍വൈസറി ബോര്‍ഡിലെ യൂണിയന്‍ പ്രതിനിധി റോമന്‍ സിറ്റ്‌സെല്‍ബര്‍ഗര്‍ പറഞ്ഞു.

സെല്‍ഫ്-ഡ്രൈവിംഗ് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്ന മറ്റ് കമ്പനികളെപ്പോലെ ഡയ്മ്‌ലറും ഭാവി സാങ്കേതികവിദ്യകള്‍ക്കായി നിക്ഷേപം നടത്തുകയാണ്. ബാറ്ററി നിര്‍മ്മാണ കേന്ദ്രങ്ങളില്‍ കമ്പനി ഒരു ബില്യണ്‍ യൂറോ ചെലവഴിക്കാനാണ് തയ്യാറെടുക്കുന്നത്.

പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കുന്നത് ഡയ്മ്‌ലര്‍ തല്‍ക്കാലം അവസാനിപ്പിക്കില്ല. മെഴ്‌സിഡസിന് ഇപ്പോള്‍തന്നെ ഇത്തരം എട്ട് മോഡലുകള്‍ വില്‍പ്പനയ്ക്കുണ്ട്. പുതിയ ഹൈബ്രിഡ് എസ്-ക്ലാസ് സെഡാന് അമ്പത് കിലോമീറ്റര്‍ അധികം ബാറ്ററി റേഞ്ച് ഉണ്ടാകും. കക്ഷത്തിലുള്ളത് കളഞ്ഞിട്ട് ഉത്തരത്തിലുള്ളത് എടുക്കില്ലെന്നും പ്ലഗ്-ഇന്‍ ഹൈബ്രിഡും ഇലക്ട്രിക് കാറുകളും ഒരേപോലെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ഡയ്മ്‌ലര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡിറ്റര്‍ സെറ്റ്ഷി വ്യക്തമാക്കി.

 

Comments

comments

Categories: Auto