ദേശീയ പാതയോരത്തെ മദ്യശാലാ നിരോധനം; ഒരു മില്യണ്‍ ജീവനക്കാരെ ബാധിച്ചേക്കും

ദേശീയ പാതയോരത്തെ മദ്യശാലാ നിരോധനം; ഒരു മില്യണ്‍ ജീവനക്കാരെ ബാധിച്ചേക്കും

ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് വന്‍ വരുമാന നഷ്ടം ഉണ്ടാക്കും

ന്യൂഡെല്‍ഹി: ദേശീയ പാതയോരത്ത് 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള ബാറുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഒരു മില്യണ്‍ ജീവനക്കാരെ ബാധിച്ചേക്കുമെന്ന് ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ചുറ്റളവിനുള്ളില്‍ മദ്യക്കടകള്‍ നിരോധിച്ച് ഡിസംബര്‍ 15ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പിന്‍വലിക്കണമെന്നും വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നും വ്യക്തതകള്‍ വരുത്തണമെന്നും ആവശ്യപ്പെടുന്ന 54 ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

20,000ല്‍ താഴെ ജനസംഖ്യയുള്ള തദ്ദേശഭരണ പ്രദേശങ്ങളില്‍ 220 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ക്കാണ് വിധി ബാധകമായിട്ടുള്ളതെന്നും പുതിയ വിധിയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഏകദേശം ഒരു മില്യണിനടുത്ത് തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സുപ്രീം കോടതി വിധി ബാധിക്കാന്‍ സാധ്യതയുള്ള ബാറുകളുടെയും ഹോട്ടലുകളുടെയും എണ്ണം കണക്കാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ദേശീയ റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് റിയാസ് അംലാനി പറഞ്ഞു. മഹാരാഷ്ട്രയിലെ ഏകദേശം 2,000 ഹോട്ടലുകളെയും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 10,000 റെസ്റ്റോറന്റുകളെയും സുപ്രീം കോടതി വിധി ബാധിക്കുമെന്നാണ് രാജ്യത്തെ ഹോട്ടല്‍, റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഫെഡറേഷന്‍ അംഗമായ പ്രദീപ് ഷെട്ടി കണക്കാക്കിയിട്ടുള്ളത്.

ഒരു വ്യാവസായിക രംഗമെന്ന നിലയില്‍ സുപ്രീം കോടതി വിധി തങ്ങള്‍ക്കേറ്റ വലിയൊരടിയാണെന്നാണ് പ്രദീപ് ഷെട്ടി പ്രതികരിച്ചത്. മഹാരാഷ്ട്ര, ആസാം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ലിക്കര്‍ ഷോപ്പുകള്‍ക്കു മാത്രമായി ഒതുക്കണമെന്ന് അഭിപ്രായമുണ്ടായിരുന്നു. വിധി നടപ്പിലാക്കുന്നതോടെ തങ്ങള്‍ക്ക് ഏകദേശം 40 ശതമാനത്തോളം വരുമാന നഷ്ടമുണ്ടാകുമെന്നും പ്രദീപ് ഷെട്ടി പറഞ്ഞു. ആകസ്മികമായ നഷ്ടങ്ങള്‍ ചെലവ് ചുരുക്കലിന് ഇടയാക്കുമെന്നും ഏകദേശം ഒരു മില്യണ്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ ദേശീയ പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ട്രൈഡന്റ്, ലീല തുടങ്ങിയ പ്രമുഖ ഹോട്ടലുകളെയും സുപ്രീം കോടതി വിധി ബാധിച്ചേക്കും. ലൈസന്‍സ് കാലാവധി അവസാനിച്ചിട്ടില്ലാത്ത ബാറുകള്‍ പുതിയ ഉത്തരവ് അംഗീകരിച്ചുകൊണ്ട് മാറ്റിസ്ഥാപിക്കുന്നതിന് കോടതി സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഗോവയില്‍ എക്‌സൈസ് വകുപ്പ് ഒരു ടീം രൂപീകരിച്ചിട്ടുണ്ട്. ഗോവയില്‍ 3000ത്തോളം മദ്യ വില്‍പ്പനക്കാരെ കോടതി ഉത്തരവ് പ്രതിസന്ധിയിലാക്കും.

ദൂരപരിധി പാലിക്കണമെങ്കില്‍ സമുദ്രത്തിലോ മലയിലോ മദ്യക്കട സ്ഥാപിക്കേണ്ട സ്ഥിതിയിലാണ് ചില സംസ്ഥാനങ്ങളെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മദ്യം കുടിക്കേണ്ടവര്‍ എവിടെയുമെത്തുമെന്നായിരുന്നു ബെഞ്ച് മറുപടി നല്‍കിയത്. ചീഫ് ജസ്റ്റിസ് ജെ എസ് കേഹാര്‍ അധ്യക്ഷനായ ബെഞ്ചന്റേതാണ് സുപ്രധാന വിധി.

Comments

comments

Categories: Top Stories