ചരിത്രം സൃഷ്ടിച്ച് സ്‌പേസ് എക്‌സ്; ഫാല്‍ക്കണ്‍ 9 വീണ്ടും കുതിച്ചു

ചരിത്രം സൃഷ്ടിച്ച് സ്‌പേസ് എക്‌സ്; ഫാല്‍ക്കണ്‍ 9 വീണ്ടും കുതിച്ചു

വാഷിംഗ്ടണ്‍: യൂസ്ഡ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് തിരിച്ചിറക്കികൊണ്ട് ബഹിരാകാശ വാഹനങ്ങളുടെ ചരിത്രത്തില്‍ പുതുയുഗം സൃഷ്ടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്ന റോക്കറ്റ് നിര്‍മാണ കമ്പനി. ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റാണ് പുതുക്കി നിര്‍മിച്ച് വീണ്ടും വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഫാല്‍ക്കണ്‍ 9 എന്ന യൂസ്ഡ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

നിശ്ചിത സമയത്തെ ദൗത്യത്തിനു ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിലയുറപ്പിച്ചിരുന്ന കപ്പലിന്റെ മേല്‍ത്തട്ടില്‍ റോക്കറ്റ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിക്ഷേപിച്ച റോക്കറ്റ് തിരികെ കപ്പലില്‍ ലാന്‍ഡ് ചെയ്യിക്കുക എന്ന ദൗത്യം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ സ്‌പേസ് എക്‌സ് സ്വന്തമാക്കിയിരുന്നു. അതേ റോക്കറ്റ് തന്നെയാണ് ഇപ്പോഴത്തെ വിക്ഷേപണത്തിനായി പുതുക്കി നിര്‍മിച്ച് ഉപയോഗിച്ചിട്ടുള്ളത്. 15 വര്‍ഷത്തോളം കമ്പനി ഇതിന്റെ പണിപ്പുരയിലായിരുന്നു.

ബഹിരാകാശ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് പ്രതികരിച്ചു. റോക്കറ്റ് പുനരുപയോഗിക്കുന്നതിലൂടെ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്‌പേസ് എക്‌സ് 13 തവണ റോക്കറ്റിനെ തിരികെ ലാന്‍ഡ് ചെയ്യിക്കാന്‍ പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്തിയിരുന്നു. പലപ്പോഴും പൊട്ടിത്തെറിയിലാണ് പരീക്ഷണങ്ങള്‍ കലാശിച്ചത്. സ്‌പേസ് ടൂറിസം പോലുള്ള മേഖലകളില്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് റോക്കറ്റ് തിരികെ എത്തിക്കാനുള്ള ഗവേഷണങ്ങളില്‍ കമ്പനി സജീവമായിരിക്കുന്നത്.

യാത്രക്കാരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാനുള്ള സ്‌പേസ് ഷിപ്പുകള്‍ നിര്‍മ്മിക്കാനും സ്‌പേസ് എക്‌സിന് പദ്ധതിയുണ്ട്. ചൊവ്വയില്‍ കോളനി സ്ഥാനിച്ച് സഞ്ചാരികളെ കൊണ്ടുപോകുകയാണ് ലക്ഷ്യം. സ്‌പേസ് ടൂറിസ്റ്റുകളാകാന്‍ രണ്ടുപേര്‍ ഇതിനകം സ്‌പേസ് എക്‌സുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

Comments

comments

Categories: Top Stories