ടെസ്‌ലയേക്കാള്‍ റേഞ്ചുമായി സ്‌കോഡയുടെ ഇലക്ട്രിക് എസ്‌യുവി വരുന്നു

ടെസ്‌ലയേക്കാള്‍ റേഞ്ചുമായി സ്‌കോഡയുടെ ഇലക്ട്രിക് എസ്‌യുവി വരുന്നു

വിഷന്‍ E കോണ്‍സെപ്റ്റ് എന്ന ഇലക്ട്രിക് എസ്‌യുവി ഷാങ്ഹായ് ഓട്ടോ ഷോയില്‍ അനാവരണം ചെയ്യും

ന്യൂ ഡെല്‍ഹി : ആഗോളതലത്തില്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് കമ്പം. ലോകമാകെ വര്‍ധിച്ചുവരുന്ന മലിനീകരണ പ്രശ്‌നത്തിന് പരിഹാരമെന്ന നിലയിലാണ് കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നത്. ഏപ്രില്‍ 21 ന് തുടങ്ങുന്ന ഷാങ്ഹായ് ഓട്ടോ ഷോയില്‍ ഒരു കൈ നോക്കാനൊരുങ്ങുകയാണ് ചെക്ക് റിപ്പബ്ലിക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ. വിഷന്‍ E കോണ്‍സെപ്റ്റ് എന്ന ഇലക്ട്രിക് എസ്‌യുവി ഷാങ്ഹായ് ഓട്ടോ ഷോയില്‍ അനാവരണം ചെയ്യാനാണ് സ്‌കോഡ ഒരുങ്ങുന്നത്. ഇലക്ട്രിക് കാറിന് 482 കിലോമീറ്റര്‍ റേഞ്ചാണ് സ്‌കോഡ അവകാശപ്പെടുന്നത്. 2025 ഓടെ അഞ്ച് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഷാങ്ഹായില്‍ അനാവരണം ചെയ്യുന്ന ഇലക്ട്രിക് എസ്‌യുവിയുടെ രൂപരേഖാ ചിത്രങ്ങള്‍ സ്‌കോഡ പുറത്തുവിട്ടു.

4,645 മില്ലിമീറ്റര്‍ നീളവും 1,917 മില്ലിമീറ്റര്‍ വീതിയും 1,550 മില്ലിമീറ്റര്‍ ഉയരവുമാണ് സ്‌കോഡയുടെ ഈ ഇലക്ട്രിക് എസ്‌യുവിക്ക് കരുതിവെച്ചിരിക്കുന്നത്. വീല്‍ബേസ് 2,850 എംഎം. കാറിന്റെ ഉള്‍വശത്ത് ധാരാളം സ്ഥലമൊരുക്കും. ഫ്രണ്ട്, റിയര്‍ ആക്‌സിലുകള്‍ക്ക് സമീപത്തെ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ക്ക് പുതിയ ലിഥിയം-ഇയോണ്‍ ബാറ്ററി 304 കുതിരശക്തി കരുത്ത് പകരും. മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. ആക്‌സലറേഷന്‍ സംബന്ധിച്ച കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഡീസല്‍ എന്‍ജിന്‍, പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡ് എന്‍ജിന്‍ എസ്‌യുവിയേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോഡയുടെ എംഇബി പ്ലാറ്റ്‌ഫോമിലാണ് വിഷന്‍ ഇ കോണ്‍സെപ്റ്റ് നിര്‍മ്മിച്ചെടുക്കുന്നത്.

ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്‌കോഡ ഈ കാര്‍ പുറത്തിറക്കുമോയെന്ന് വ്യക്തമല്ല. എന്നാല്‍ തങ്ങളുടെ മോഡല്‍ 3 ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് ടെസ്‌ല സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്‌കോഡ തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തും. 2019 ല്‍ സ്‌കോഡ പ്ലഗ്-ഇന്‍ ഹൈബ്രിഡ് ‘സൂപ്പര്‍ബ്’ പുറത്തിറക്കും. 2020 ലായിരിക്കും ഈ ആദ്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാറിന്റെ രംഗപ്രവേശം. ചിലപ്പോള്‍ ഇത് ഡ്രൈവറില്ലാ കാറാകാനും മതി.

Comments

comments

Categories: Auto