ഇന്ത്യ മാറുന്നു മൊബീല്‍ കറന്‍സികളിലേക്ക്

ഇന്ത്യ മാറുന്നു മൊബീല്‍ കറന്‍സികളിലേക്ക്

ഇന്ത്യയുടെ മഹത്തായ യാത്രക്ക് നേതൃത്വം നല്‍കുന്ന ബിസിനസ് നേതാക്കന്‍മാരെ അനുമോദിക്കുന്ന സിഎന്‍ബിസി ടിവി18-ന്റെ ഇന്ത്യന്‍ ബിസിനസ് ലീഡര്‍ എന്ന പുരസ്‌കാരദാന ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയനേതാക്കളും, ബിസിനസ് തലവന്‍മാരും പങ്കെടുത്തു

ഡിജിറ്റല്‍ ഇന്ത്യയിലേക്ക് എളുപ്പം എത്താന്‍ ഉള്ള മാര്‍ഗമാണ് മൊബീല്‍ കറന്‍സിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സാക്ഷ്യപ്പെടുത്തി. മൊബീല്‍ കറന്‍സികളിലേക്കുള്ള മാറ്റത്തിന്റെ ചെലവ് എന്തുകൊണ്ടും കറന്‍സി നോട്ടുകളേക്കാള്‍ കുറവാണ് എന്നും അദ്ദേഹം പറഞ്ഞു. സിഎന്‍ബിസി ടിവി ഡെല്‍ഹിയില്‍ സംഘടിപ്പിച്ച 12-)o ഇന്ത്യന്‍ ബിസിനസ് ലീഡര്‍ അവാര്‍ഡ് എന്ന ചടങ്ങില്‍ ടീം ഇന്ത്യക്ക് മികച്ച പ്രകടനത്തിലുള്ള വളര്‍ച്ച എങ്ങനെ കാഴ്ച്ചവെക്കാം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ പല തലങ്ങളില്‍ നിന്നും എത്തി മഹത്തായ വീക്ഷണങ്ങളിലൂടെ ഭാരതത്തിന്റെ സുന്ദരമായ യാത്രയ്ക്ക് വഴി തെളിച്ചവരെല്ലാം അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുള്ളവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേന്ദ്രമന്ത്രിസഭയില്‍ നിന്നു ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ടെല്‍കോം മന്ത്രി മനോജ് സിന്‍ഹ, സിവില്‍ ഏവിയേഷന്‍ മന്ത്രിമാരായ പി അശോക് ഗജപതി രാജു, വാര്‍ത്താവിതരണമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ഡെല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരായിരുന്നു ചടങ്ങില്‍ പങ്കെടുത്ത മറ്റു വിശിഷ്ടവ്യക്തികള്‍.

സംസ്ഥാന സര്‍ക്കാരുകളും, കേന്ദ്രസര്‍ക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ രാജ്യം മഹത്തായ വളര്‍ച്ച കൈവരിക്കുകയുള്ളൂ. കേന്ദ്രം കൈവരിക്കുന്ന നടപടികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന മനോഭാവം ഒഴിവാക്കണം എന്നും ഹര്‍സിമ്രത് പറഞ്ഞു. എന്നാല്‍ സിസോദിയ ചൂണ്ടികാണിച്ചത് ഇവിടെ ടീം ഇന്ത്യ എന്ന ആശയം നിലവില്ല എന്നാണ്. അതൂകൂടാതെ സര്‍ക്കാര്‍ നടപ്പാക്കുന്ന ജിഎസ്ടി രാജ്യത്തിന്റെ മൊത്തം ഘടനയിലും പ്രതിഫലനം സൃഷ്ടിക്കാന്‍ പോകുന്ന നടപടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ നീണ്ട ചര്‍ച്ച രാജ്യത്തിന് കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ നിലവില്‍ ഇവിടെയുള്ള സാധ്യതകളും, വെല്ലുവിളികളും എന്തെല്ലാം എന്നതിനെക്കുറിച്ചുമായിരുന്നു. നോട്ടു നിരോധനം പ്രാബല്യത്തില്‍ വന്നതിനു ശേഷവും ഇന്ത്യയുടെ ജിഡിപി വര്‍ധനസൂചിക ഏഴു ശതമാനത്തില്‍ത്തന്നെയാണ് നിലകൊള്ളുന്നത്. ഗജപതി രാജുവും, സിന്‍ഹയും കേന്ദ്ര-സംസ്ഥാന ഐക്യത്തെക്കുറിച്ചു തന്നെയാണ് ചടങ്ങില്‍ സംസാരിച്ചത്.

ലോക സമ്പദ്‌വ്യവസ്ഥയില്‍ ശക്തമായ ബിസിനസ് രീതികള്‍ കൊണ്ട് മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും, നേട്ടങ്ങള്‍ കൊയ്യാനും സാധിച്ചിട്ടുള്ള വ്യക്തികളെ ലോകജനത തിരിച്ചറിയുന്നതിനായി സിഎന്‍ബിസി ഒരുക്കിയിരിക്കുന്ന അവാര്‍ഡാണ് ഏഷ്യ ബിസിനസ് ലീഡര്‍ അവാര്‍ഡ്. ബിസിനസ് രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് പുരസ്‌കാരം ഒരുക്കുന്നതില്‍ സിഎന്‍ബിസിയാണ് തുടക്കം കുറിച്ചത്. അതിനാല്‍ തന്നെ ഈ അവാര്‍ഡിനെയാണ് മേഖലയിലെ മികച്ച പുരസ്‌കാരമായി കണക്കാക്കുന്നത്. ഏഷ്യ ബിസിനസ് ലീഡര്‍ അവാര്‍ഡിന്റെ ചുവടുപിടിച്ചാണ് സിഎന്‍ബിസി ടിവി ഇന്ത്യയില്‍ ഇത്തരത്തിലുള്ള പരിപാടിക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് രംഗത്തെ പ്രമുഖ വ്യക്തികളെല്ലാം ഇന്ന് ഈ ചടങ്ങില്‍ പങ്കെടുത്തു വരുന്നു.

ഈ വര്‍ഷത്തെ യുവതുര്‍ക്കി സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോണ്‍ബോ ഇമേജിങ്ങ് എന്ന സ്ഥാപനത്തിനാണ്. യുവതുര്‍ക്കി പുരസ്‌കാരം ലഭിച്ചിരിക്കുന്നത് തിങ്ക് ആന്‍ഡ് ലേണ്‍ എന്ന എജ്യുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന ബൈജുവിനുമാണ്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അമര രാജ ബാറ്ററീസ് എന്ന സ്ഥാപനത്തിനാണ് ഈ വര്‍ഷത്തെ ഏറ്റവും വിശ്വാസജനകമായ സ്ഥാപനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

ബിസിനസ് മേഖലയില്‍ നിന്നുള്ളവര്‍ക്കു മാത്രമല്ല ഇവിടെ പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. ഭാരതത്തിന് മികച്ച സംഭാവനകള്‍ നല്‍കി വരുന്നവരെയെല്ലാം സിഎന്‍ബിസി ആദരിക്കാറുണ്ട്. ആസ്വാദനരംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പ്രശസ്ത നടി ദീപിക പദുകോണിനെയാണ് തിരഞ്ഞെടുത്തത്, അതുപോലെ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും, ഇന്ത്യ എന്ന ബ്രാന്‍ഡിന് മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്തതിന് കായികതാരം ദിപ കര്‍മാകറിനേയും തെരഞ്ഞെടുത്തു.

വിപണിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ മാഗിയാണ് ഈ വര്‍ഷത്തെ മികച്ച ബ്രാന്‍ഡിനുളള പുരസ്‌കാരത്തിന് അര്‍ഹരായത്. ആസിഡ് ആക്രമണത്തിന് ഇരയായിട്ടുള്ളവരെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുള്ള എന്‍ജിഒ മേക്ക് ലവ് നോട്ട് സ്‌കാര്‍സ് എന്ന പ്രസ്ഥാനത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു.

ഗതാഗത രംഗത്തെ പ്രമുഖരായ ഒല ക്യാബ്‌സാണ് ഈ കൊല്ലത്തെ മികച്ച ഡിസ്‌റപ്റ്റര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. ക്യാപിറ്റല്‍ ഫസ്റ്റ് ലിമിറ്റഡ്, ആര്‍ബിഎല്‍ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ഏഷ്യന്‍ പെയിന്റ് എന്നിവരും മറ്റു പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്.

Comments

comments

Categories: FK Special, Tech