സാമൂതിരിനാടിന്റെ രുചിപ്പെരുമ

സാമൂതിരിനാടിന്റെ രുചിപ്പെരുമ

കേരളത്തിന്റെ രുചിപ്പെരുമയുടെ കവാടമാണ് കോഴിക്കോട്. ഭക്ഷണപ്രേമികളുടെ മനസില്‍ മുദ്രണം ചെയ്യപ്പെട്ടവയാണ് കോഴിക്കോടന്‍ ബിരിയാണിയും ഹല്‍വയും. കടല്‍ വിഭവങ്ങളായ കല്ലുമ്മേക്കായയും മീന്‍ രുചികളും ആതിഥ്യമര്യാദയ്ക്കു പേരുകേട്ട കോഴിക്കോട്ടുകാര്‍ വെച്ചുവിളമ്പുമ്പോള്‍ അതു മറക്കാനാകാത്ത അനുഭവമാകുന്നു. മലബാര്‍ വിഭവങ്ങളുടെ രുചി അനുഭവിക്കാന്‍ കോഴിക്കോട്ടെത്തുന്നവര്‍ മറക്കാതെ കയറേണ്ട ഹോട്ടലുകള്‍ ഇതാ…

ഷാലുജ സോമന്‍

സ്‌നേഹത്തില്‍ ചാലിച്ച ഭക്ഷണമാണ് ഹൃദയത്തിലേക്ക് പ്രവേശിക്കുവാനുള്ള എളുപ്പമാര്‍ഗം എന്ന് കേട്ടിട്ടില്ലേ? എങ്കില്‍ അതിന് ഉത്തമോദാഹരണമാണ് കോഴിക്കോട്. പൊതുവെ ഭക്ഷണപ്രിയരാണ് കോഴിക്കോട്ടുകാര്‍…. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല കേട്ടോ, അതിഥി സല്‍ക്കാരത്തിലും വ്യത്യസ്തരീതിയില്‍ ഭക്ഷണം ഉണ്ടാക്കുന്ന കാര്യത്തിലും ഇവര്‍ ഒട്ടും പിന്നിലല്ല. അതുകൊണ്ട് തന്നെ അതിഥികളുടെയും ഭക്ഷണപ്രിയരുടെയും മനസ് കീഴടക്കാന്‍ ഇവര്‍ക്കെന്നും സാധിക്കുന്നു.

കോഴിക്കോടന്‍ ഭക്ഷണരീതിയെക്കുറിച്ച്പറയുമ്പോള്‍ത്തന്നെ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളാണ് മനസില്‍ തെളിഞ്ഞുവരുന്നത്. ദം ബിരിയാണി, കോഴിക്കോടന്‍ ഹല്‍വ, കല്ലുമ്മക്കായ, കായവറുത്തത്, സ്‌പെഷ്യല്‍ നോമ്പുതുറവിഭവങ്ങള്‍, മില്‍ക്ക് സര്‍ബത്ത് പിന്നെ കോഴിക്കോടിന്റെ മാത്രം ‘ഐസൊരതിയും’ കോഴിക്കോടന്‍ ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇവിടെ വന്ന് ഭക്ഷണം കഴിച്ചാല്‍ നമ്മുടെ വയറും മനസും ഒരുപോലെ നിറയുന്നു എന്നതാണ്.

നാട്ടുമൊഴിവഴക്കത്തില്‍ പറഞ്ഞാല്‍ ”രുചിഭേദങ്ങളും പുത്തന്‍ രുചിയും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വന്നിറങ്ങേണ്ട ഒരു നഗരമേ ഇന്ന് കേരളത്തിലുള്ളൂ.., അത് ഞമ്മളെ സാമൂതിരീന്റെ കോഴിക്കോടാണ്. കോഴിക്കോട്ടുകാര്‍ സായാഹ്നം ആസ്വദിക്കാന്‍ കൂടുതലായും തെരഞ്ഞടുക്കുന്നത് ഞമ്മളെ സ്വന്തം മാനാഞ്ചിറയും കോഴിക്കോട്ടെ കടപ്പുറവും ആണ്. ഇവിടെയും ഉണ്ട് നിങ്ങള്‍ക്ക് തരാന്‍ ചൂടന്‍ കട്ടന്‍ചായയും ഒത്തിരി സ്‌നേഹത്തില്‍ ചാലിച്ച നല്ല തറവാടന്‍ എണ്ണപ്പലഹാരങ്ങളും.

കോഴിക്കോടിന്റെ മണ്ണില്‍ ജനിച്ച ഒത്തിരി കൗതുകം നിറച്ച ഐസ്‌പൊരിച്ചതും. ഒരുനാടിനെ രുചിയോടെ ഓര്‍മ്മിക്കുക എന്നത് ആ നാടിന്റെ പാരമ്പര്യത്തിന്റെ മേന്മയും വിഭവസമൃദ്ധിയുടെ മഹിമയും വിളിച്ചോതുന്നതാണ്. കോഴിക്കോട്ടുകാര്‍ അനുഗ്രഹമായി എന്നും കൈവിടാതെ സൂക്ഷിക്കുന്ന പൈതൃക സ്വത്താണ് ഇവിടുത്തെ രുചിഭേദങ്ങള്‍. കാലം എത്ര കഴിഞ്ഞാലും ആളുകള്‍ എത്ര ന്യൂജെന്‍ ആയാലും ‘മ്മ്‌ടെ കോഴിക്കോട്ടെ ഭക്ഷണപ്പെരുമ’ പറഞ്ഞുകൊണ്ടേ ഇരിക്കും….”

കോഴിക്കോട് നഗരത്തില്‍ ചെറുതും വലുതുമായി നൂറില്‍പ്പരം ഹോട്ടലുകള്‍ ഇന്നുണ്ട്. ഓരോ ഹോട്ടലുകളിലെയും ഭക്ഷണത്തിന് വ്യത്യസ്തരുചികളാണുള്ളത്. ഇതില്‍ ആളുകള്‍ എന്നും ഓര്‍മ്മിക്കുന്ന ചില ഹോട്ടലുകളെ പരിചയപ്പെടാം

ഹോട്ടല്‍ റഹ്മത്ത്

കോഴിക്കോട്ടെ ഹോട്ടലുകളിലേറ്റവും തിരക്കുള്ള ഒരു ഹോട്ടലാണിത്. ഇവിടേക്ക് ആളുകള്‍ കൂടുതലായും എത്തുന്നത് ബീഫ് ബിരിയാണിയും അയ്ക്കൂറ പൊരിച്ചതും കഴിക്കാനാണ്. ഇവിടുന്ന് ബിരിയാണി കഴിച്ച് അതിനൊപ്പം കോഴിക്കോടിന്റെ മുഹബത്ത് കലര്‍ന്ന സുലൈമാനിയും കുടിക്കുമ്പോള്‍ ഭക്ഷണപ്രിയരുടെ വയറും മനസ്സും നിറയും. കോഴിക്കോട് മാതൃഭൂമി ഓഫീസിനടുത്താണ് ഈ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.

ഹോട്ടല്‍ പാരഗണ്‍

കോഴിക്കോട് വന്നാല്‍ പാരഗണിലെ ബിരിയാണി കഴിക്കാത്തവരായി ആരും ഉണ്ടാകില്ല. അത്രക്ക് പ്രശസ്തമാണ് ഇവിടുത്തെബിരിയാണി.

1939ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ഹോട്ടല്‍ 75 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. 2000 ത്തിലധികം വിഭവങ്ങളാണ് ഇവിടെയുള്ളത്. പാരഗണിന്റെ മറ്റൊരു പ്രത്യേകത ഇവരുടെ കലവറയാണ്. മാസത്തില്‍ മുപ്പത് ദിവസവും മുപ്പത് വിശേഷ വിഭവങ്ങാണ് ഇവിടെ ഒരുക്കുന്നത്. കോഴിക്കോട് മാനാഞ്ചിറ മേല്‍പ്പാലത്തിനു താഴെയാണ് ഈ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.

ഹോട്ടല്‍ പാരഗണിനെക്കുറിച്ച് പറയുമ്പോള്‍ ഏവരും ഓര്‍മ്മിക്കുന്ന മറ്റൊരു പേരാണ് ഭാസ്‌ക്കരേട്ടന്റെ സര്‍ബത്ത് കട. 63 വര്‍ഷക്കാലമായി പാരഗണ്‍ ഹോട്ടലിന് സമീപത്തായി ഈ സര്‍ബത്ത് കട സ്ഥിതിചെയ്യുന്നു ഈ സര്‍ബത്ത് കടയില്‍ ബെവറിജ് കോര്‍പ്പറേഷനു മുമ്പിലുള്ളതിനേക്കാള്‍ വലിയ ക്യൂവാണ്. അത്രയ്ക്ക് രുചിയാണ് ഇവിടത്തെ മില്‍ക്ക് സര്‍ബത്തിന്. എം.എസ് എന്നറിയപ്പെടുന്ന മില്‍ക്ക് സര്‍ബത്താണ് ഇവിടുത്തെ ആകര്‍ഷണം. കൂടാതെ സര്‍ബത്ത്, സോഡാ സര്‍ബത്ത്, ലൈം സോഡ മസാല എന്നിവയും ഇവിടെ ലഭ്യമാണ്.

ബോംബെ ഹോട്ടല്‍

 കോഴിക്കോട്ടുകാരുടെയും കോഴിക്കോടന്‍ ബിരിയാണിയുടെയും പേരും പെരുമയും ഉയര്‍ത്തുന്നതില്‍ ഏറ്റവും സുപ്രധാന പങ്ക്‌വഹിക്കുന്നത് ബോംബെ ഹോട്ടലാണ്. പാരമ്പര്യത്തനിമയൂറുന്ന വിഭവങ്ങളാണ് ഇവിടെയുള്ളത്. വൈകുന്നേരങ്ങളില്‍ എണ്ണപ്പലഹാരങ്ങള്‍ കഴിക്കാന്‍ ഇവിടെ എത്തുന്നവര്‍ അനവധിയാണ്. ഈ ഹോട്ടലിന്റെ മറ്റൊരു പ്രത്യേകത ഇന്നും വിറകടുപ്പില്‍ പാകം ചെയ്യുന്നു എന്നുള്ളതാണ്.

കോഴിക്കോട് ബീച്ച് റോഡിനടുത്താണ് ബോംബെ ഹോട്ടല്‍.

ഹോട്ടല്‍ സാഗര്‍

കോഴിക്കോട്ടെ ഹോട്ടലുകളെക്കുറിച്ച് പറയുമ്പോള്‍ ഹോട്ടല്‍ സാഗറിന്റെ സ്ഥാനം വളരെ വലുതാണ്. ചെത്തിമിനുക്കിയ ചെങ്കല്ലുകൊണ്ട് പാരമ്പര്യത്തനിമയോടെയാണ് ഈ ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. നല്ല ഭക്ഷണം നല്‍കുന്നതോടൊപ്പം അതിഥികളെ സല്‍ക്കരിക്കുന്ന കാര്യത്തിലും ഇവര്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ഇവിടെ ഏതുതരം ഭക്ഷണവും ലഭ്യമാണ്. കോഴിക്കോട് മാവൂര്‍ റോഡിലാണ് ഹോട്ടല്‍ സാഗര്‍ സ്ഥിതിചെയ്യുന്നത്.

ടോപ് ഫോം റസ്റ്റോറന്റ്

സ്വാദിഷ്ടമായ ഫിഷ് ബിരിയാണി കഴിക്കണമെങ്കില്‍ കോഴിക്കോട് മിഠായിത്തെരുവിലുള്ള ടോപ് ഫോമില്‍ പോകണം. ഇവിടെ ഫിഷ് ബിരിയാണി മാത്രമല്ല കേട്ടോ നല്ല ചിക്കന്‍ ബിരിയാണിയും നാടന്‍ഊണും എല്ലാം ലഭ്യമാണ്.

അമ്മ മെസ്സ് ഹൗസ്

കോഴിക്കോട്ടുകാരുടെ ‘അമ്മക്കട’. പാരമ്പര്യഭക്ഷണരീതികളാണ് ഈ അമ്മക്കടയുടെ പ്രത്യേകത. ഇവിടെ ചോറിനൊപ്പം കുടിക്കാനായി നല്‍കുന്നത് കഞ്ഞിവെള്ളമാണ്. ഇവിടുത്തെ മീന്‍പൊരിച്ചത് വളരെ പ്രസിദ്ധമാണ്. പുതിയറ ഓട്ടുകമ്പനിക്ക് സമീപത്തുള്ള അമ്മ മെസ്സ് ഹൗസിലേക്ക് ദിനംപ്രതി എത്തുന്നത് ധാരാളം പേരാണ്.

ആര്യഭവന്‍

വെജിറ്റേറിയന്‍ ഭക്ഷണപ്രിയര്‍ക്ക് ഏറ്റവും പരിചിതമായ പേരാണ് ആര്യഭവന്‍. കേരളത്തനിമയുളള നാടന്‍ രുചിക്കൂട്ടുകളാണ് ഈ ഹോട്ടലിന്റെ പ്രത്യേകത.

ആര്യഭവനില്‍ ഉച്ചയൂണിനൊപ്പം വിളമ്പുന്ന സ്വാദിഷ്ടമായ പായസം കഴിക്കാനായി എത്തുന്നവര്‍ ഒട്ടനവധിയാണ്. മസാലദോശ, പനീര്‍മസാല, ചീസ് മസാല, അട, പൂരി, ഉഴുന്ന് വട എന്നിങ്ങനെ ധാരാളം പലഹാരങ്ങളാണ് ഇവിടെ ഒരുക്കുന്നത്. കോഴിക്കോട് മിഠായിത്തെരുവിന്റെ മധ്യഭാഗത്താണ് ഹോട്ടല്‍ ആര്യഭവന്‍ സ്ഥിതിചെയ്യുന്നത്.

ഹൈസണ്‍ ഹെറിറ്റേജ്

നാടന്‍ രുചികളില്‍ നിന്ന് ഫാസ്റ്റ് ഫുഡിലേക്ക് ഏറെ ദൂരമില്ലെന്ന് തെളിയിച്ച ഒരു ഹോട്ടലാണ് മാവൂര്‍ റോഡിലുള്ള ഹൈസണ്‍ ഹെറിറ്റേജ്. ഇന്ത്യന്‍സംസ്‌ക്കാരത്തിന്റെയും വിദേശസംസ്‌ക്കാരത്തിന്റെയും മിശ്രണമാണ് തികച്ചും ആധുനികരീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഹൈസണ്‍. വിദേശികളെ ആകര്‍ഷിക്കുന്നരീതിയിലുള്ള ഭക്ഷണമാണ് ഇവിടെ ഒരുക്കുന്നത്. ഈ ഹോട്ടലിന്റെ മറ്റൊരു പ്രത്യേകത ശുചിത്വപൂര്‍ണമായ അന്തരീക്ഷമാണ്.

ഹോട്ടല്‍ ജയ

കോഴിക്കോട് കണ്ടംകുളം റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഹോട്ടല്‍ ജയ അഥവാ മേ ഫഌവര്‍. ഒരു കൂരയ്ക്കുകീഴില്‍ വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. കുടുംബസമേതം വന്നിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഒരു റസ്റ്റോറന്റാണിത്. വ്യത്യസ്ത ശൈലിയിലുള്ള ഭക്ഷണം ഭക്ഷണപ്രിയര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ഇവര്‍ എന്നും ഒന്നാമതാണ്. ഇതിനായി ധാരാളം ഫുഡ്‌ഫെസ്റ്റുകള്‍ ഇവര്‍ സംഘടിപ്പിക്കാറുണ്ട്.

സ്വാദിഷ്ടമായ പാരമ്പര്യ രുചിക്കൂട്ടുകളുടെ നാടായ കോഴിക്കോടിനെ കേരളത്തിന്റെ ഭക്ഷ്യതലസ്ഥാനം എന്ന് പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ലെന്നാണ് ഈ നാടിനെ അറിഞ്ഞ ഓരോ ഭക്ഷണപ്രേമിയും പറയുന്നത്. ഒരു കോഴിക്കോട്ടുകാരന്റെ ഭാഷയില്‍ ‘ ഈ ദുനിയാവില്‍ ഇത്തിരി മധുരവും ശകലം എരിവും’ ഒരുക്കുന്ന ഒരിടമേയുള്ളൂ അത് ഞമ്മളെ കോഴിക്കോട് മാത്രമാണ്….

Comments

comments

Categories: FK Special