സിയാസ് നാളെ മുതല്‍ നെക്‌സ വഴി

സിയാസ് നാളെ മുതല്‍ നെക്‌സ വഴി

നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലയ്ക്ക് 250 ഔട്ട്‌ലെറ്റുകളാണുള്ളത്

ന്യൂ ഡെല്‍ഹി : മാരുതി സുസുകി നാളെ മുതല്‍ തങ്ങളുടെ പ്രീമിയം സെയ്ല്‍സ് ഷോറൂം ശൃംഖലയായ നെക്‌സ വഴി മിഡ്-സൈസ് സെഡാന്‍ സിയാസിന്റെ വില്‍പ്പന തുടങ്ങും. ഈ സെഡാന്റെ 90-95 ശതമാനം സെയ്ല്‍സ് ടെറിട്ടറികളിലായി നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലയ്ക്ക് 250 ഔട്ട്‌ലെറ്റുകളാണുള്ളത്.

2017-18 അവസാനത്തോടെ മാരുതി സുസുകിയുടെ ആകെ വില്‍പ്പനയുടെ പതിനഞ്ച് ശതമാനത്തിലധികം നെക്‌സയിലൂടെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി പറഞ്ഞു.

ഇന്നലെ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴി മാരുതി സുസുകി ഒന്നര ലക്ഷത്തിലധികം കാറുകളാണ് വിറ്റത്. മാരുതി സുസുകിയുടെ ആഭ്യന്തര വിപണിയിലെ ആകെ വില്‍പ്പനയുടെ പന്ത്രണ്ട് ശതമാനത്തോളം വരുമിത്.

2014 ഒക്‌റ്റോബറിലാണ് സിയാസ് വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം വരെ കമ്പനിക്ക് ഒന്നര ലക്ഷത്തിലധികം സിയാസ് കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. മിഡ്-സൈസ് സെഡാന്‍ സെഗ് മെന്റില്‍ സിയാസ് ടോപ്പ് സെല്ലറാണ്. 2016 ഏപ്രില്‍ മുതല്‍ 2017 ഫെബ്രുവരി വരെ 60,000 സിയാസ് കാറുകള്‍ വിറ്റഴിച്ച് വില്‍പ്പനയില്‍ 22 ശതമാനം വളര്‍ച്ചയാണ് കൈവരിക്കാനും മാരുതി സുസുകിക്ക് കഴിഞ്ഞു. 2015-16 സാമ്പത്തിക വര്‍ഷം കമ്പനി 54,233 സിയാസ് കാറുകളാണ് വിറ്റഴിച്ചത്. ആകെ സിയാസ് വില്‍പ്പനയുടെ അറുപത് ശതമാനത്തിലധികം ഡീസല്‍ സ്മാര്‍ട്ട് ഹൈബ്രിഡ് വേരിയന്റായിരുന്നു.

പ്രീമിയം കാറുകളുടെ വില്‍പ്പനയ്ക്കായി 2015 ലാണ് മാരുതി സുസുകി നെക്‌സ ആരംഭിച്ചത്. ബലേനോ, എസ്-ക്രോസ്, ഇഗ്നിസ് എന്നീ മോഡലുകള്‍ നിലവില്‍ നെക്‌സ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് മാരുതി സുസുകി വില്‍ക്കുന്നത്.

Comments

comments

Categories: Auto