‘എന്നെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കൂ’ സുപ്രീം കോടതിയെ വെല്ലുവിളിച്ച് ജസ്റ്റിസ് കര്‍ണന്‍

‘എന്നെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കൂ’ സുപ്രീം കോടതിയെ വെല്ലുവിളിച്ച് ജസ്റ്റിസ് കര്‍ണന്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് അറസ്റ്റ് ചെയ്ത് തുറങ്കിലടക്കൂ എന്നു സുപ്രീം കോടതിയിലെ ഏഴംഗ ജഡ്ജുമാരുടെ ബെഞ്ചിന് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എസ്. കര്‍ണന്റെ വെല്ലുവിളി. വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതയില്ലാത്ത സംഭവത്തിനു സുപ്രീം കോടതിയിലെ വിചാരണ മുറി സാക്ഷ്യം വഹിച്ചത്.

സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനു ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരേ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനാണു കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

സുപ്രീം കോടതി ജഡ്ജിമാരില്‍ അഴിമതിക്കാരുണ്ടെന്ന ആരോപണത്തില്‍ മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നു കോടതി വ്യക്തമാക്കി. എന്നാല്‍ ആരോപണം ആവര്‍ത്തിച്ച കര്‍ണന്‍ തന്റെ ആരോപണത്തിന്മേല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നു കോടതിയലക്ഷ്യ കേസില്‍ ഹാജരാകണമെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു.

ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീം കോടതി കഴിഞ്ഞ 10ന് ജാമ്യം നല്‍കാന്‍ വ്യവസ്ഥകളോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയില്‍ നേരിട്ടു ഹാജകരാകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ച് വിധിച്ചിരുന്നു.

Comments

comments

Categories: Top Stories