ഇന്ന് ലോക ഇഡ്ഡലി ദിനം

ഇന്ന് ലോക ഇഡ്ഡലി ദിനം

ജോലിക്കു പുറമെ അല്‍പ്പം കൂടി വരുമാനം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്ന സാധാരണ വീട്ടമ്മയായിരുന്നു റെനിത. 2005ലെ ഓണക്കാലത്ത് അതിന് നിമിത്തമായതാകട്ടെ ഇഡ്ഡലിയും. ഇന്ന് 36 വനിതകള്‍ ജോലി ചെയ്യുന്ന ഒരു സംരംഭം വിജയകരമായി നടത്തുന്നു റെനിത. ഇഡ്ഡലി ദിനത്തില്‍ റെനിതയുടെ ഇഡ്ഡലി വിശേഷങ്ങളിലേക്ക്…

രാജീവ് ലക്ഷ്മണ്‍

ഒരു വീട്ടമ്മയെ സംരംഭകയാക്കാന്‍ ഇഡ്ഡലി കാരണമായെന്നു പറഞ്ഞാല്‍ സംശയിക്കേണ്ടതില്ല. ഇത് സംഭവിച്ചതാണ്. അതും ഇഡ്ഡലിക്കായി ദിനാചരണം തുടങ്ങുന്ന കാലത്തിനും മുമ്പേ. ജോലിക്കു പുറമെ അല്‍പ്പം കൂടി വരുമാനം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്ന സാധാരണ വീട്ടമ്മയായിരുന്നു റെനിത. അതിനായി എന്തെങ്കിലും ചെയ്യുന്നതിന് ഏറെ കണക്കുകൂട്ടിയിരുന്നു. ഒടുവില്‍ അതിന് അവസരമൊരുങ്ങിയത് 2005ലെ ഓണക്കാലത്ത്. വീടിനടുത്തുള്ള ക്ലബ്ബിലെ അംഗങ്ങള്‍ വിനോദയാത്ര പോകുന്നു. യാത്രാവേളയിലെ ഭക്ഷണത്തിന ഇഡ്ഡലി ഉണ്ടാക്കിക്കൊടുക്കാമോയെന്ന് അവര്‍ റെനിതയോട് ചോദിച്ചു. അത് ഏറ്റെടുത്ത് ഇഡ്ഡലി തയ്യാറാക്കി നല്‍കുകയും ചെയ്തു. വിഭവം നല്ലതായെന്ന് വിനോദയാത്ര കഴിഞ്ഞെത്തിയവരുടെ പ്രതികരണം സ്വന്തം സംരംഭം തുടങ്ങുന്നതിനു റെനിതയ്ക്കു പ്രചോദനമായി.

ഇഡ്ഡലി തയ്യാറാക്കി വില്‍പ്പന തുടങ്ങിയാല്‍ അതില്‍ നിന്ന് സ്ഥിര വരുമാനം ഉണ്ടാക്കാന്‍ കഴിയുമോയെന്നു ചിന്തിച്ചു. അങ്ങനെ ഇഡ്ഡലി ആശയമായി. പിന്നെ വൈകിയില്ല. അടുത്ത ദിവസങ്ങളില്‍ത്തന്നെ ഒരുക്കങ്ങള്‍ തുടങ്ങി. ആരോടും അഭിപ്രായവും ചോദിച്ചില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സംരംഭം തുടങ്ങാനുള്ള ആഗ്രഹത്തെ തടസ്സപ്പെടുത്തുമോയെന്നായിരുന്നു പേടി. വിജയിക്കുമമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഏതായാലും ചെയ്തിരുന്ന ജോലി ഉപേക്ഷിക്കാതെതന്നെ പരിശ്രമിക്കാന്‍ തീരുമാനിച്ചു. ഭര്‍ത്താവ് ഷാബുവും മകന്‍ ഗോകുലും സഹായവും പിന്തുണയും നല്‍കി.

വീടിനു സമീപത്തെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും കടകളില്‍ ഇഡ്ഡലി ഉണ്ടാക്കി നല്‍കിയാല്‍ എടുക്കുമോയെന്ന അന്വേഷണമായിരുന്നു ആദ്യം. ഓര്‍ഡര്‍ ലഭിച്ചതോടെ വീട്ടിലെ പരിമിത സൗകര്യങ്ങളില്‍ നിന്നു തന്നെ അഞ്ചു കിലോ അരിക്കുള്ള ഇഡ്ഡലി ഉണ്ടാക്കിത്തുടങ്ങി. മെഷീനായി ആകെയുണ്ടായിരുന്നത് ഒരു ടേബിള്‍ ടോപ്പ് ഗ്രൈന്‍ഡര്‍ മാത്രം.

65 ഇഡ്ഡലിയില്‍നിന്നായിരുന്നു തുടക്കം. രുചികരമായ ഇഡ്ഡലി നല്‍കിയതോടെ വിതരണം ചെയ്യുന്ന ഇഡ്ഡലിയുടെ എണ്ണം നൂറും നൂറില്‍നിന്ന് എഴുന്നൂറും ആയിരവുമായി കൂടിവന്നു.

ഇപ്പോള്‍ ശരാശരി രണ്ടായിരം ഇഡ്ഡലി ദിവസവും വിതരണം ചെയ്യുന്നു. വിശേഷാവസരങ്ങളില്‍ വിഭവമായി ഉള്‍പ്പെടുത്തുന്നതിനാല്‍ ഇഡ്ഡലിയോട് താല്‍പ്പര്യം കൂടിവരുന്നുണ്ടെന്ന് റെനിത പറയുന്നു. എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്ത് മൂക്കന്നൂരില്‍ വീട്ടില്‍ തന്നെയാണ് ഈ വീട്ടമയുടെ ഗോകുല്‍സണ്‍ ഫുഡ് പ്രോസസിംഗ് യൂണിറ്റ് എന്ന സംരംഭം.

ഇഡ്ഡലിയുടെ എണ്ണം കൂട്ടേണ്ടി വന്നപ്പോള്‍ കൂട്ടു ശരിയാവാതെ പല പ്രാവശ്യം അരച്ച മാവ് കളയേണ്ടി വന്ന അനുഭവവുമുണ്ട്. അരിയുടെ വ്യത്യാസം മനസ്സിലാക്കുകയും ഒരേ ബ്രാന്‍ഡ് അരി തന്നെ ഉപയോഗിക്കുകയും ചെയ്തപ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അരിയും ഇതര ചേരുവകളും ഗുണമേന്മയുള്ളതാവണമെന്ന് റെനിതയ്ക്ക് നിഷ്‌കര്‍ഷതയുണ്ട്.

റെനിതയെ സഹായിക്കാന്‍ വിവിധ ഷിഫ്റ്റുകളിലായി 36 വനിതകളും ജോലിക്കുണ്ട്. അവരുടെ ആത്മാര്‍ത്ഥത റെനിതയുടെ ബുദ്ധിമുട്ടുകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ആശ്വാസം പകരുന്നുണ്ട്. ജോലിക്കാരെ കൃത്യമായി അതത് കാര്യങ്ങളില്‍ വിന്യസിക്കാനാവുന്നതിനാല്‍ പറയുന്ന സമയത്തിനുള്ളിലോ അതിനു മുമ്പോ തന്നെ വിഭവങ്ങള്‍ വിതരണത്തിനു നല്‍കുന്നതിനു കഴിയുന്നു.

എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് വിതരണം. കടകളില്‍ നല്‍കുന്നതിനു പുറമെ പ്രത്യേക ഓര്‍ഡറുകളും ഏറ്റെടുക്കുന്നു. വിതരണത്തിന് ഏജന്‍സികളുണ്ട്. പുറമെ ഷാബുവും വിതരണത്തിനു സഹായിക്കുന്നു. കടകളില്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള എണ്ണം മാത്രം നല്‍കുകയെന്ന രീതിയാണ് തുടക്കം മുതല്‍ സ്വീകരിച്ചുപോരുന്നത്. ഇന്ന് ഇഡ്ഡലിക്കു പുറമെ ഇടിയപ്പം, പത്തിരി, വട്ടയപ്പം, നെയ്യപ്പം, പായസം, ഇല അട, കൊഴുക്കട്ട എന്നിങ്ങനെ പതിന്നാലോളം വിഭവങ്ങള്‍ ദിവസവും തയ്യാറാക്കുന്നു.

പിന്നീട് ഇന്‍സ്റ്റന്റ് വെറ്റ് ഗ്രൈന്‍ഡര്‍, ബോയിലര്‍, സ്റ്റീമര്‍, പൊടിക്കുന്നതിനുള്ള യന്ത്രം എന്നിവയുമായി യൂണിറ്റ് വിപുലപ്പെടുത്തുകയായിരുന്നു. വിറകും ഗ്യാസും ഇന്ധനമായി ഉപയോഗിക്കുന്നു, പാചകത്തിനു ശേഷമുള്ള അടുക്കള മാലിന്യം ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പും പ്രവര്‍ത്തിപ്പിക്കുന്നു. സ്വയം നേടിയ അറിവും പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച അനുഭവസമ്പത്തും പരിശ്രമിക്കാനുള്ള മനസ്സുമാണ് റെനിതയുടെ കൈമുതല്‍.

വ്യവസായ വകുപ്പിലെ ഉദ്യഗസ്ഥനായ പി എസ് ചന്ദ്രന്റെ ഉപദേശവും പ്രോല്‍സാഹനവും സംരംഭത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഏറെ സഹായിച്ചിട്ടുണ്ടെന്ന് റെനിത പറയുന്നു. പാലിശ്ശേരിയിലെ യൂണിയന്‍ ബാങ്ക് ശാഖയുടെ സഹായവുമുണ്ട്. ഭര്‍ത്താവ് ഷാബുവും ബികോം വിദ്യാര്‍ത്ഥിയായ ഗോകുലും ചേര്‍ന്നതാണ് റെനിതയുടെ കുടുംബം.

Comments

comments

Categories: FK Special, Life