ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കാന്‍ തയാറെന്ന് വാള്‍മാര്‍ട്ട്

ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍  മാത്രം വില്‍ക്കാന്‍ തയാറെന്ന് വാള്‍മാര്‍ട്ട്

രാജ്യത്ത് 21 ബെസ്റ്റ് പ്രൈസ് ഹോള്‍സെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വാള്‍മാര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കാന്‍ തയാറാണെന്ന് ആഗോള റീട്ടെയ്ല്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട്. ഇതിലേക്കായി ഓണ്‍ലൈനിനെ ഉപയോഗപ്പെടുത്താനും ഔട്ട്‌ലെറ്റുകള്‍ തുറക്കാനും സന്നദ്ധമാണെന്ന് വാള്‍മാര്‍ട്ട് ഇന്ത്യ സിഇഒ ക്രിഷ് അയ്യര്‍ വ്യക്തമാക്കി.

മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കാന്‍ കമ്പനി തയാറാണ്. വാള്‍മാര്‍ട്ടിന്റെ കാഷ് ആന്‍ഡ് കാരി സ്റ്റോറുകളില്‍പ്പോലും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍ അഞ്ചു ശതമാനം മാത്രമേയുള്ളു- അയ്യര്‍ പറഞ്ഞു. ഉയര്‍ന്ന കസ്റ്റംസ് തീരുവകള്‍ വിലയില്‍ വര്‍ധനവുണ്ടാക്കുന്നുവെന്നതിനാല്‍ വാള്‍മാര്‍ട്ടിനെപ്പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഇറക്കുമതി അത്ര അനുയോജ്യമല്ല. 95 ശതമാനത്തിലധികം വിഭവങ്ങളും ഇന്ത്യയില്‍ നിന്നാണ് വാള്‍മാര്‍ട്ട് സമാഹരിക്കുന്നത്. അതിനാല്‍ തന്നെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കമ്പനി ഇതിനകം ഭാഗഭാക്കായിക്കഴിഞ്ഞു- അയ്യര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ 21 ബെസ്റ്റ് പ്രൈസ് ഹോള്‍സെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വാള്‍മാര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കാഷ് ആന്‍ഡ് കാരി സ്റ്റോറുകളുടെ സംയുക്ത സംരംഭത്തിലെ അമ്പതു ശതമാനം ഓഹരികള്‍ 2013ല്‍ ഭാരതി എന്റര്‍പ്രൈസസില്‍ നിന്ന് വാള്‍മാര്‍ട്ട് വാങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്ന് ശേഖരിക്കുന്നതോ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നതോ ആയ പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വിദേശ റീട്ടെയ്‌ലര്‍മാര്‍ക്ക് സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കമിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഓണ്‍ലൈന്‍ വഴിയും സ്‌റ്റോറുകള്‍ വഴിയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സംരംഭത്തിന് 515 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനി ആമസോണ്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കുകയെന്ന തന്ത്രവുമായി മുന്നോട്ടുപോകാന്‍ വാള്‍മാര്‍ട്ട് നിര്‍ബന്ധിതരായെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്ന ബാങ്കുകള്‍ വാള്‍മാര്‍ട്ടിന് മുന്നില്‍ പദ്ധതികള്‍ അവതരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്ല്‍ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയാല്‍ ചില ഏറ്റെടുക്കലുകള്‍ നടത്തുക ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഏറ്റെടുക്കലുകളെ കുറിച്ച് പ്രതികരിക്കാന്‍ ക്രിഷ് അയ്യര്‍ തയാറായില്ല.

Comments

comments

Categories: Business & Economy