അബുദാബിയില്‍ ഓട്ടോഹബ്ബ് ആരംഭിക്കാന്‍ സോണ്‍സ്‌കോര്‍പ്പ്

അബുദാബിയില്‍ ഓട്ടോഹബ്ബ് ആരംഭിക്കാന്‍ സോണ്‍സ്‌കോര്‍പ്പ്

അബുദാബിയിലെ വാഹന നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സേവനദാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും മുഖ്യ ആകര്‍ഷക കേന്ദ്രമായിരിക്കും റഹായേല്‍ സിറ്റി

അബുദാബി: അബുദാബിയിലെ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബോഡിയായ ഹയര്‍ കോര്‍പ്പറേഷന്‍ ഫോര്‍ സ്‌പെഷലൈസ്ഡ് ഇക്കണോമിക് സോണ്‍ (സോണ്‍സ്‌കോര്‍പ്പ്) സംയോജിത ഓട്ടോ ഹബ്ബ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. അബുദാബിയിലെ വാഹന നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും സേവനദാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും മുഖ്യ ആകര്‍ഷക കേന്ദ്രമായിരിക്കും ഇതെന്ന് സോണ്‍സ്‌കോര്‍പ്പ് പറഞ്ഞു. ഗ്ലോബല്‍ മാനുഫാക്ചറിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയലൈസേഷന്‍ സമ്മിറ്റിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്.

റഹായെല്‍ സിറ്റി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇന്‍ഡസ്ട്രി സ്‌പെഷലിസ്റ്റുകളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 12.3 സ്‌ക്വയര്‍ കിലോമീറ്ററിലാണ് ഓട്ടോ ഹബ്ബ് ഒരുങ്ങുന്നതെന്നും പത്രക്കുറിപ്പിലൂടെ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മാണം ഈ വര്‍ഷം ആദ്യം തന്നെ ആരംഭിക്കുമെന്നും ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം 2017 അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1.6 മില്യണ്‍ ദിര്‍ഹമാണ് നിക്ഷേപത്തിലാണ് പദ്ധതി ഒരുങ്ങുന്നത്.

വാഹനവുമായി ബന്ധപ്പെട്ട എല്ലാ വ്യവസായത്തേയും ഉള്‍ക്കൊള്ളിക്കുന്ന തരത്തിലാണ് റഹായേല്‍ സിറ്റി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഷോ റൂം, സര്‍വീസ് സെന്ററുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ലേലം വിളിക്കുന്ന സ്ഥലങ്ങള്‍, ഗോഡൗണുകള്‍, ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ എരിയകള്‍, പൊതുജനങ്ങള്‍ക്കായി വിനോദ കേന്ദ്രങ്ങള്‍ എന്നിവ 1800 പ്ലോട്ടുകളിലുണ്ടാകും.

അബുദാബി ദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്തു നിന്ന് 12 കിലോമീറ്റര്‍ മാറിയാണ് റഹായെല്‍ സിറ്റി ഒരുങ്ങുന്നത്. അബുദാബിയേയും അല്‍ അയ്‌നേയും ദുബായിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകളും വെസ്‌റ്റേണ്‍ റീജിയനും സൗദി അറേബ്യയും ഓട്ടോ ഹബ്ബിന്റെ സമീപത്തുണ്ട്.

റഹായെല്‍, അബുദാബിയുടെ 2030 വിഷന്റെ ഭാഗമാണെന്നും ഇതിലൂടെ സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാവുമെന്നും സോണ്‍സ്‌കോര്‍പ്പിന്റെ ഡയറക്റ്റര്‍ ജനറല്‍ സയീദ് എയ്‌സ അല്‍ ഖയേലി പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഓട്ടോമോട്ടീവ് മേഖലയ്ക്ക് യുഎഇയിലുണ്ടായ വളര്‍ച്ച കണക്കിലെടുത്താണ് പദ്ധതി തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

റഹായേലിലൂടെ രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന് മികച്ച സംഭാവന നല്‍കാന്‍ റഹായേലിന് കഴിയുമെന്ന് റഹായേല്‍ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അഹമ്മദ് അദീഖ് അല്‍ മസ്‌റോയ് പറഞ്ഞു. പ്രാദേശിക നിക്ഷേപ കേന്ദ്രം എന്ന നിലയില്‍ മാത്രമല്ല ഓട്ടോമോട്ടീവ് വ്യവസായവുമായി ബന്ധപ്പെട്ടവര്‍ക്ക് നിരവധി ജോലി സാധ്യതയും ഇതിലൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto, Business & Economy