നോയ്ഡ ആക്രമണം : നൈജീരിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിപ്പിച്ചു

നോയ്ഡ ആക്രമണം : നൈജീരിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിപ്പിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച യുപിയിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ വിദ്യാര്‍ഥികളായ നൈജീരിയന്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നൈജീരിയ രംഗത്ത്. അഞ്ച് നൈജീരിയന്‍ വിദ്യാര്‍ഥികള്‍ക്കാണ് ആക്രമണമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷറെ വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. നൈജീരിയന്‍ വിദേശകാര്യ സെക്രട്ടറി ഒലുഷോല ഇനികനോലെയ്യയാണു നടപടി ആവശ്യപ്പെട്ടത്.

ആഫ്രിക്കന്‍ വംശജര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം ഇന്നലെ പാര്‍ലമെന്റില്‍ ഉന്നയിക്കുകയുണ്ടായി. സംഭവത്തെ രാജ്യസഭാംഗങ്ങള്‍ അപലപിക്കുകയും ചെയ്തു. നോയ്ഡയിലേത് ആദ്യ സംഭവമല്ലെന്നും ഇതിനു മുമ്പും നൈജീരിയന്‍ വംശജര്‍ക്കെതിരേ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും നൈജീരിയന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. നോയ്ഡ വിഷയത്തില്‍ അക്രമികള്‍ അറസ്റ്റിലാവുന്നത് കാണണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

നൈജീരിയന്‍ പൗരന്മാരെ ഉപദ്രവിക്കുകയും മര്‍ദിക്കുകയും ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്തത് ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം പരിഗണിക്കുമ്പോള്‍ ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകരുത്. അക്രമികള്‍ക്കെതിരെ സ്വീകരിക്കുന്ന പ്രോസിക്യൂഷന്‍ നടപടികള്‍ ഭാവിയിലുണ്ടാകാനിടയുള്ള അതിക്രമങ്ങളെ തടയുന്ന തരത്തിലുള്ളതായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഗ്രേറ്റര്‍ നോയ്ഡയില്‍ 17 വയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥി മനീഷ് മരണപ്പെട്ടതോടെയാണ് ആക്രമണം അരങ്ങേറിയത്. ലഹരി ഉപയോഗത്തിന് കാരണം പ്രദേശത്ത് താമസിക്കുന്ന നൈജീരിയക്കാരാണെന്ന് ആരോപിച്ച് ജനക്കൂട്ടം നടത്തിയ അക്രമത്തില്‍ മൂന്ന് നൈജീരിയന്‍ വിദ്യാര്‍ഥികള്‍ അടക്കം അഞ്ച് പേര്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു.

Comments

comments

Categories: Top Stories, World