ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു

9.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം ഹിമാലയത്തിനകത്തു കൂടെ കടന്നു പോകുന്നു

ന്യൂഡെല്‍ഹി: ഹിമാലയത്തിന്റെ ഹൃദയത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഉധംപൂര്‍ ജില്ലയിലെ ചെനാനിയില്‍ നിന്നാരംഭിച്ച് റംബാന്‍ ജില്ലയിലെ നശ്രിയില്‍ അവസാനിക്കുന്ന തുരങ്കത്തിന്റെ ദൈര്‍ഘ്യം 9.2 കിലോ മീറ്ററാണ്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കുള്ള എന്‍എച്ച് 44ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന തുരങ്ക പാത അടുത്ത മാസം രണ്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.

3,720 കോടി രൂപയാണ് തുരങ്ക പാതയുടെ നിര്‍മാണ ചെലവ്. 2011 മെയ് 23നാണ് തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് അഞ്ചര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നതിലും ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും 1,200 മീറ്റര്‍ ഉയരത്തിലാണ് തുരങ്ക പാത സ്ഥിതി ചെയ്യുന്നത്. ഈ പാത തുറക്കുന്നതോടെ കുദ്, പറ്റ്‌നിടോപ് എന്നിവിടങ്ങള്‍ വഴിയുള്ള ദുര്‍ഘടമായ യാത്രയ്ക്ക് പരിഹാരമാകും. പുതിയ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ 30 കിലോമീറ്ററും രണ്ടര മണിക്കൂര്‍ യാത്രാസമയവും ലാഭിക്കാനാകും.

അതീവ സുരക്ഷ ഉറപ്പുവരുത്തി നിര്‍മിച്ചിരിക്കുന്ന തുരങ്കത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി അത്യാധൂനിക സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്. ലോകമെമ്പാടും പുതിയ തുരങ്കങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിച്ചുവരുന്ന ന്യൂ ഓസ്‌ട്രേലിയന്‍ ടണലിംഗ് മെത്തേഡ് (എന്‍എടിഎം) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കത്തിന്റെ നിര്‍മാണം. സമാന്തരമായ രണ്ട് തുരങ്കങ്ങളുടെ സമുച്ചയമാണ് ഈ പാത. പ്രധാന പാതയില്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ ഉപയോഗിക്കുന്നതിനാണ് സമാന്തര സുരക്ഷാ പാത നിര്‍മിച്ചിട്ടുള്ളത്. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന 29 ചെറു പാതകളുമുണ്ട്. രണ്ടു പാതകളുടെയുമടക്കം നിര്‍മാണം പൂര്‍ത്തീകരിച്ച ആകെ ദൂരം 19 കിലോ മീറ്ററാണ്. 100 ശതമാനം വാട്ടര്‍പ്രൂഫാണ് രണ്ട് തുരങ്കങ്ങളും

വായു സഞ്ചാരം ക്രമീകരിച്ച് നിര്‍മിച്ച രാജ്യത്തെ ആദ്യ തുരങ്ക പാത കൂടിയാണ് ചെനാനി-നസ്രി പാത. പുറത്തെ വെളിച്ചത്തില്‍ നിന്നും പെട്ടെന്ന് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ കാഴ്ചയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പ്രത്യേക സജ്ജീകരണങ്ങളുണ്ട്. പുറത്തുനിന്നുകൊണ്ട് പാതയ്ക്കുള്ളിലെ സാഹചര്യങ്ങള്‍ നിയന്ത്രിക്കാനാകുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. ഇതിനായി ടണല്‍ കണ്‍ട്രോള്‍ റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് തുരങ്കത്തിനുള്ളിലും മൊബീല്‍ ഫോണുകള്‍ ഉപയോഗിക്കാനാകും. യാത്രികര്‍ക്ക് തടസം നേരിട്ടാല്‍ സഹായം തേടുന്നതിന് ഓരോ 150 മീറ്റര്‍ ഇടവിട്ട് ഫോണ്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Comments

comments

Categories: Top Stories