ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പാക്കിയ കാര്‍ബണ്‍ രഹിത ഊര്‍ജ പദ്ധതി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച റദ്ദാക്കി. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ളതായിരുന്നു പദ്ധതി. പദ്ധതിയില്‍നിന്നുള്ള പിന്മാറ്റം ഉറപ്പിച്ചത്, പാരീസ് ഉടമ്പടി നിന്നുള്ള യുഎസിന്റെ പിന്മാറ്റമായിട്ടാണു കരുതപ്പെടുന്നത്. കാര്‍ബണ്‍ രഹിത ഊര്‍ജ പദ്ധതി റദ്ദാക്കിയ ട്രംപിന്റെ നടപടിക്കെതിരേ യുഎസില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുമുണ്ട്. കാര്‍ബണ്‍ രഹിത ഊര്‍ജപദ്ധതി റദ്ദാക്കിയതിനെതിരേ വൈറ്റ് ഹൌസിന് മുന്നില്‍ ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.
എന്വയണ്മെന്റല് പ്രൊട്ടക്ഷന്‍ ഏജന്‍സി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത്. കല്‍ക്കരിക്ക് വേണ്ടിയുള്ള യുദ്ധം അവസാനിപ്പിക്കുകയാണെന്നു പദ്ധതി പിന്‍വലിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് പറഞ്ഞു. കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജ പദ്ധതികളില്‍നിന്നും പുറന്തള്ളുന്ന കാര്‍ബണിന്റെ തോത് കുറയ്ക്കുകയായിരുന്നു പദ്ധതിയിലൂടെ ഒബാമ ലക്ഷ്യമിട്ടത്.
എന്നാല്‍ ക്ലീന്‍ എനര്‍ജി പദ്ധതിയില്‍നിന്നുള്ള പിന്മാറ്റം കല്‍ക്കരി മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ വികസനക്കുതിപ്പിനേറ്റ ആഘാതമാണ് ഒബാമയുടെ ക്ലീന്‍ എനര്‍ജി പദ്ധതിയെന്ന് ട്രംപ് ആരോപിച്ചു. പുതിയ ഉത്തരവ് വൈദ്യുതി ചാര്‍ജ് കുറയ്ക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.