ജനഹിതപരിശോധന ആവശ്യമുന്നയിച്ച് വീണ്ടും സ്‌കോട്ട്‌ലാന്‍ഡ്

ജനഹിതപരിശോധന  ആവശ്യമുന്നയിച്ച് വീണ്ടും സ്‌കോട്ട്‌ലാന്‍ഡ്

പല ഘട്ടങ്ങളിലായി സ്‌കോട്ടിഷ് ജനത സ്വാതന്ത്ര്യമെന്ന മോഹം സഫലമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 2014-ല്‍ സ്‌കോട്ട്‌ലാന്‍ഡില്‍ ജനഹിതാ പരിശോധന നടത്തുകയുണ്ടായെങ്കിലും ഫലം അനുകൂലമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ ഈ മോഹത്തിനു വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. സ്‌കോട്ടിഷ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ജനഹിതപരിശോധനാ നീക്കങ്ങള്‍ക്കു സ്‌കോട്ടിഷ് പാര്‍ലമെന്റ് ഈ മാസം 27-)o തീയതി ചൊവ്വാഴ്ച അനുമതി നല്‍കിയതോടെയാണു സ്വാതന്ത്ര്യമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

സ്‌കോട്ട്‌ലാന്‍ഡിന്റെ സ്വാതന്ത്രമോഹത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല ഘട്ടങ്ങളിലായി സ്‌കോട്ടിഷ് ജനത സ്വാതന്ത്ര്യമെന്ന മോഹം സഫലമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 2014-ല്‍ സ്‌കോട്ട്‌ലാന്‍ഡില്‍ ജനഹിതാ പരിശോധന നടത്തുകയുണ്ടായെങ്കിലും ഫലം അനുകൂലമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ ഈ മോഹത്തിനു വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. സ്‌കോട്ടിഷ് സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ജനഹിതപരിശോധനാ നീക്കങ്ങള്‍ക്കു സ്‌കോട്ടിഷ് പാര്‍ലമെന്റ് ഈ മാസം 27-)o തീയതി ചൊവ്വാഴ്ച അനുമതി നല്‍കിയതോടെയാണു സ്വാതന്ത്ര്യമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിരിക്കുന്നത്.

ചൊവ്വാഴ്ച സ്‌കോട്ട്‌ലാന്‍ഡ് പാര്‍ലമെന്റ് ഉന്നയിച്ച ആവശ്യം ബ്രിട്ടീഷ് ഭരണകൂടം നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 29നു യൂറോപ്യന്‍ യൂണിയനില്‍നിന്നും ചരിത്രപരമായ വിടവാങ്ങലിനൊരുങ്ങവേയായിരുന്നു ബ്രിട്ടനു ഭാവിയില്‍ തിരിച്ചടി സമ്മാനിച്ചേക്കാവുന്ന തീരുമാനം സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും ഉണ്ടായത്. 128 അംഗങ്ങളാണ് എഡിന്‍ബറോയിലെ ഹോളിറൂഡിലുള്ള സ്‌കോട്ടിഷ് പാര്‍ലമെന്റിലുള്ളത്. ഇതില്‍ 69 പേര്‍ സ്‌കോട്ടലാന്‍ഡില്‍ വീണ്ടും ജനഹിതപരിശോധന നടത്തണമെന്ന തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ 59 പേര്‍ എതിര്‍ത്തു.

2018 സെപ്റ്റംബറിനും 2019 മാര്‍ച്ച് മാസത്തിനുമിടയില്‍ സ്‌കോട്ട്‌ലാന്‍ഡില്‍ ജനഹിതം നടത്തണമെന്നാണു പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുകെയില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 2014-ല്‍ സ്‌കോട്ട്‌ലാന്‍ഡില്‍ ജനഹിതം നടന്നിരുന്നു. പക്ഷേ അന്ന് ജനഹിതം പരാജയപ്പെട്ടു. 44 ശതമാനം പേര്‍ സ്വാതന്ത്രമോഹത്തെ അനുകൂലിച്ചപ്പോള്‍ 55 ശതമാനം പേര്‍ എതിര്‍ക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം ബ്രെക്‌സിറ്റ് ജനഹിത ഫലം പുറത്തുവന്നത് സ്‌കോട്ട്‌ലാന്‍ഡ് ജനതയുടെ മനംമാറ്റത്തിനു കാരണമായി തീര്‍ന്നു.

ബ്രെക്‌സിറ്റ് ജനഹിതത്തില്‍ സ്‌കോട്ടിഷ് ജനസംഖ്യയില്‍ ഭൂരിഭാഗം പേരും അനുകൂലിച്ചത് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കണമെന്നായിരുന്നു. പക്ഷേ ജനഹിതത്തില്‍ പങ്കെടുത്തവര്‍ ഭൂരിഭാഗവും അനുകൂലിച്ചത് യൂറോപ്യന്‍ യൂണിയനിലെ അംഗത്വം യുകെ ഉപേക്ഷിക്കുന്ന തീരുമാനത്തെയായിരുന്നു. ഈ സാഹചര്യത്തിലാണു സ്‌കോട്ട്‌ലാന്‍ഡില്‍ യുകെ വിട്ടു പോകണമെന്ന വികാരം വീണ്ടും പുനര്‍ജ്ജനിച്ചത്. സ്‌കോട്ട്‌ലാന്‍ഡില്‍ ജനഹിതം നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഈ മാസം 27നു പാര്‍ലമെന്റെടുത്ത തീരുമാനം സ്‌കോട്ട്‌ലാന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററും സ്വാതന്ത്ര്യ നീക്കത്തെ അനുകൂലിക്കുകയും ചെയ്യുന്ന നിക്കോള സ്റ്റര്‍ജനു കൂടുതല്‍ കരുത്തേകിയിട്ടുണ്ട്.

യുകെയെ നിയന്ത്രിക്കുന്ന ബ്രിട്ടനു മുന്‍പില്‍ സ്‌കോട്ട്‌ലാന്‍ഡില്‍ ജനഹിതം നടത്തണമെന്ന് ഔദ്യോഗികമായി അഭ്യര്‍ഥിക്കാനും നിക്കോള സ്റ്റര്‍ജന് പ്രചോദനമാകും. പക്ഷേ യൂറോപ്യന്‍ യൂണിയനില്‍നിന്നും ബ്രിട്ടന്റെ പിന്മാറ്റം പൂര്‍ണമാകുന്ന 2019 മാര്‍ച്ച് വരെ സ്‌കോട്ട്‌ലാന്‍ഡില്‍ ജനഹിതം നടത്താന്‍ അനുവദിക്കില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി കൊണ്ട് രാഷ്ട്രീയം കളിക്കുകയാണു നിക്കോള സ്റ്റര്‍ജനെന്നും മേ ആരോപിച്ചു.

ബ്രിട്ടന്‍ ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കുന്ന ദിവസം മുതല്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തില്‍ കാതലായ മാറ്റം പ്രകടമാവും. ഈ മാറ്റം ബ്രിട്ടനെ മാത്രമല്ല സ്‌കോട്ട്‌ലാന്‍ഡിന്റെ സമ്പദ്‌രംഗത്തും വ്യാപാര ഇടപാടിലും നിക്ഷേപത്തിലും ജീവിത നിലവാരത്തിലും പ്രകടമാവും. ഈ സാഹചര്യത്തില്‍ സ്‌കോട്ട്‌ലാന്‍ഡിനും മാറ്റം ആവശ്യമാണ്. അത് ഒഴിച്ചുകൂടാനാവില്ലെന്നാണു നിക്കോള സ്റ്റര്‍ജന്റെ നിലപാട്. ബ്രിട്ടന്റെ തീരുമാനം ഒരിക്കലും സ്‌കോട്ട്‌ലാന്‍ഡിനെ അടിച്ചേല്‍പ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും നിക്കോള സ്റ്റര്‍ജന്‍ അഭിപ്രായപ്പെടുകയുണ്ടായി.

ജനഹിത പരിശോധനയ്ക്ക് ബ്രിട്ടന്‍ അനുകൂല തീരുമാനം കൈക്കൊള്ളുന്നില്ലെങ്കില്‍ ഈസ്റ്ററിനു ശേഷം തുടര്‍നടപടികളിലേക്ക് പ്രവേശിക്കുമെന്ന മുന്നറിയിപ്പ് നിക്കോള സ്റ്റര്‍ജന്‍ നല്‍കിയിട്ടുണ്ട്. സ്‌കോട്ടിഷ് പാര്‍ലമെന്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനെ കുറിച്ചു സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുമെന്നും സ്‌കോട്ട്‌ലാന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പറയുകയുണ്ടായി. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള അംഗത്വം ഉപേക്ഷിക്കുന്നതിന്റെ ആദ്യ ഔദ്യോഗിക നടപടിയാണ് ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കല്‍. ഈ ഉടമ്പടി മാര്‍ച്ച് 29ന് പ്രയോഗിക്കാന്‍ ബ്രിട്ടന്‍ തയാറെടുക്കുന്നതിനു മുന്‍പ് 27-)o തീയതിയാണു സ്‌കോട്ടിഷ് പാര്‍ലമെന്റ് രാജ്യത്തു ജനഹിതപരിശോധന വീണ്ടും നടത്തണമെന്ന ആവശ്യത്തെ അനുകൂലിച്ചു വോട്ട് ചെയ്തത്.

ഇത് ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നതും തീര്‍ച്ചയാണ്. യുകെയുടെ ഭരണഘടന പ്രകാരം സ്വാതന്ത്ര്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ബ്രിട്ടീഷ് സര്‍ക്കാരിനാണുള്ളത്. എന്നാല്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവസാനിക്കാതെ സ്‌കോട്ടിഷ് പാര്‍ലമെന്റിന്റെ ആവശ്യം അംഗീകരിക്കാന്‍ ബ്രിട്ടനിലെ തെരേസ മേ സര്‍ക്കാര്‍ തയാറാവില്ലെന്നതും ഏറെക്കുറെ ഉറപ്പാണ്.

Comments

comments

Categories: Politics, World