റിലയന്‍സ് ജിയോയില്‍ ഇതുവരെ പ്രൈം അംഗത്വം നേടിയത് 13% വരിക്കാര്‍ മാത്രം

റിലയന്‍സ് ജിയോയില്‍ ഇതുവരെ പ്രൈം അംഗത്വം നേടിയത് 13% വരിക്കാര്‍ മാത്രം

പ്രൈം അംഗത്വം നേടാനുള്ള പ്രഖ്യാപിത സമയം അവസാനിക്കുന്നത് നാളെ

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയില്‍ പ്രൈം അംഗത്വം നേടി ഓഫറുകള്‍ ഉപയോഗപ്പെടുത്താന്‍ ജിയോ വരിക്കാര്‍ക്ക് ആവേശം കുറയുന്നു. മാര്‍ച്ച് 31 ഓടെ റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറുകള്‍ അവസാനിക്കും. നിയന്ത്രണമില്ലാത്ത ഫോണ്‍ വിളിയും മാസത്തില്‍ 30 ജിബി ഡാറ്റയും തുടര്‍ന്നും ലഭിക്കണമെങ്കില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വം നേടണമെന്നും പ്രതിമാസം 303 രൂപ റീച്ചാര്‍ജ്ജ് ചെയ്യണമെന്നുമായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. മാര്‍ച്ച് 31 വരെയാണ് പ്രൈം അംഗമാകാനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങാനണ് ജിയോയുടെ പദ്ധതി.

എന്നാല്‍, ജിയോ സൗജന്യ ഓഫറുകള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 13 ശതമാനം ഉപയോക്താക്കള്‍ മാത്രമാണ് 99 രൂപാ റീചാര്‍ജിലൂടെ പ്രൈം അംഗത്വം നേടിയിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജിയോ സൗജന്യ ഓഫറുകള്‍ അവസാനിപ്പിക്കുന്നതോടെ ഇപ്പോഴുള്ള വരിക്കാരെ നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിക്കുമോ എന്നതു സംബന്ധിച്ച് നേരത്തെ തന്നെ ചര്‍ച്ചകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും വമ്പന്‍ ഓഫറുകളുമായി മറ്റ് കമ്പനികള്‍ രംഗത്ത് വന്നതോടെ ഇന്ത്യന്‍ ടെലികോം ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും മോശം പ്രതികരണമാണ് ജിയോ സര്‍വീസിന് ലഭിച്ചിരിക്കുന്നത്.

ജിയോ സൗജന്യ സേവനം ആരംഭിച്ച് 170 ദിവസത്തിനുള്ളില്‍ കമ്പനിക്ക് 100 മില്യണിലധികം വരിക്കാരെയാണ് നേടാനായത്. പക്ഷെ, സൗജന്യ ഓഫറുകള്‍ അവസാനിക്കാറായതോടെ ജിയോ നെറ്റ്‌വര്‍ക്കിന് പ്രഥമ പ്രാധാന്യം നല്‍കുന്നതില്‍ കൂടുതല്‍ വരിക്കാര്‍ക്കും താല്‍പ്പര്യമില്ലെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ചുരുക്കം വരിക്കാര്‍ മാത്രമെ ജിയോ പ്രൈം ഓഫര്‍ തെരഞ്ഞെടുത്തിട്ടുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളില്‍ റിലയന്‍സ് ജിയോ 20 മില്യണ്‍ പുതിയ വരിക്കാരെ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 170 ദിവസത്തിനുള്ളില്‍ 100 മില്യണിലധികം വരിക്കാരെ നേടിയതായി മുകേഷ് അംബാനി പ്രഖ്യാപിച്ചതിനു ശേഷമാണിത്.

എന്നാല്‍, വെറും 16 മില്യണ്‍ വരിക്കാരെ മാത്രമാണ് പ്രൈം അംഗത്വത്തിലേക്ക് ആകര്‍ഷിക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗജന്യ ഓഫറുകള്‍ അവസാനിക്കുന്നതോടെ ജിയോ കുറഞ്ഞ സമയത്തിനുള്ളില്‍ നേടിയെടുത്ത വരിക്കാരില്‍ വലിയൊരു വിഭാഗം ജിയോ സര്‍വീസുകളില്‍ നിന്നും മുഖം തിരിക്കുമെന്ന സൂചനയാണ് റിപ്പോര്‍ട്ട് തരുന്നത്. ജിയോ ഓഫറുകള്‍ അവസാനിപ്പിക്കുന്നതോടെ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ കമ്പനികളുമായുള്ള കടുത്ത താരിഫ് യുദ്ധത്തിനും തിരശ്ശീല വീഴുമെന്നും നിരീക്ഷണമുണ്ട്. കമ്പനി പ്രതീക്ഷിച്ചതില്‍ നിന്നും വളരെ അകലെയാണ് പ്രൈം അംഗത്വം നേടിയ വരിക്കാരുടെ എണ്ണം എന്നാണ് റിലയന്‍സ് ജിയോ പ്രതികരിച്ചത്.

Comments

comments

Categories: Tech, Top Stories