പേയ്മാന്‍ കാര്‍ഗര്‍ നിസ്സാന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേധാവി

പേയ്മാന്‍ കാര്‍ഗര്‍ നിസ്സാന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേധാവി

കല്യാണ ശിവജ്ഞാനമാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് വിഭാഗം വൈസ് പ്രസിഡന്റ്

മുംബൈ : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍ തങ്ങളുടെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ (എഎംഐ) മേഖലയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ആന്‍ഡ് ചെയര്‍മാനായി പേയ്മാന്‍ കാര്‍ഗറെ നിയമിച്ചു. കല്യാണ ശിവജ്ഞാനമാണ് ഈ വിപണികളിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് വിഭാഗത്തിന്റെ പുതിയ വൈസ് പ്രസിഡന്റ്. നിസ്സാന്‍ മിഡില്‍ ഈസ്റ്റിന്റെ പ്രസിഡന്റ് ചുമതലയും കല്യാണ ശിവജ്ഞാനത്തിന് നല്‍കി.

ഇരുവരും ഏപ്രില്‍ ഒന്നിന് പുതിയ ചുമതലയേല്‍ക്കുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ ആഗോള ബിസ്സിനസ്സില്‍ ഈ മേഖലയ്ക്കുള്ള പ്രാധാന്യം പുതിയ നിയമനങ്ങളില്‍ പ്രതിഫലിക്കുന്നതായി നിസ്സാന്‍ വ്യക്തമാക്കി.

റീജ്യണല്‍ മാനേജ്‌മെന്റ് കമ്മിറ്റിയെ നയിക്കുകയെന്നതാണ് പേയ്മാന്‍ കാര്‍ഗറുടെ പുതിയ ഉത്തരവാദിത്തങ്ങളില്‍ പ്രധാനം. ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നിസ്സാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകളുടെ വളര്‍ച്ച ഉറപ്പുവരുത്തുകയും വേണം.

അലയന്‍സ് പാര്‍ട്ണറായ റെനോയില്‍നിന്നാണ് പേയ്മാന്‍ കാര്‍ഗര്‍ (49) നിസ്സാനില്‍ ചേര്‍ന്നത്. റെനോയില്‍ 1996 മുതല്‍ എന്‍ജിനീയറിംഗ്, ക്വാളിറ്റി, സര്‍വീസ്, വിവിധ പ്രോജക്റ്റുകള്‍, ആഫ്റ്റര്‍സെയ്ല്‍സ് ചുമതലകളില്‍ വിവിധ സീനിയര്‍ മാനേജ്‌മെന്റ് തസ്തികകളില്‍ പ്രവര്‍ത്തിച്ചു. 2014 മുതല്‍ റെനോയുടെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേഖലയുടെ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആയിരുന്നു. റെനോയിലെ പേയ്മാന്‍ കാര്‍ഗറുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുമെന്ന് നിസ്സാന്‍ ഗ്ലോബല്‍ ചീഫ് പെര്‍ഫോമന്‍സ് ഓഫീസര്‍ ജോസ് മുനോസ് പറഞ്ഞു.

നിസ്സാന്‍ മോട്ടോര്‍ കമ്പനിയുടെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ക്രിസ്ത്യന്‍ മാര്‍ഡ്രസിന് പകരക്കാരനായാണ് കാര്‍ഗര്‍ ചുമതലയേല്‍ക്കുന്നത്. വാഹന വ്യവസായ രംഗത്ത് ശിവജ്ഞാനത്തിന് പതിനെട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. ഫോര്‍ഡില്‍നിന്നാണ് അദ്ദേഹം നിസ്സാനില്‍ ചേരുന്നത്. ഫോര്‍ഡിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക മേഖലയുടെ മാര്‍ക്കറ്റിംഗ്, സെയ്ല്‍സ് ആന്‍ഡ് സര്‍വീസ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കേ ലിങ്കണ്‍, ഫോര്‍ഡ് ബ്രാന്‍ഡുകളുടെ പ്രചാരത്തില്‍ മുഖ്യ പങ്ക് വഹിച്ചു.

Comments

comments

Categories: Auto