നാഷണല്‍ ഹൗസിംഗ് ബാങ്ക് ‘റെസിഡെക്‌സ്’ പരിഷ്‌കരിക്കും

നാഷണല്‍ ഹൗസിംഗ് ബാങ്ക് ‘റെസിഡെക്‌സ്’ പരിഷ്‌കരിക്കും

വാടക സൂചിക, കെട്ടിട നിര്‍മ്മാണ സാമഗ്രി സൂചിക എന്നിവ തയ്യാറാക്കും

മുംബൈ : ഭവന വായ്പാ നിയന്ത്രണ ഏജന്‍സിയായ നാഷണല്‍ ഹൗസിംഗ് ബാങ്ക് റസിഡന്‍ഷ്യല്‍ ഹൗസിംഗ് ഇന്‍ഡക്‌സ് ആയ ‘റെസിഡെക്‌സ്’ ല്‍ കാലോചിതമാറ്റങ്ങള്‍ വരുത്തും. വാടക സൂചിക, കെട്ടിട നിര്‍മ്മാണ സാമഗ്രി സൂചിക എന്നീ പുതിയ സൂചികകള്‍ കൊണ്ടുവരാനും എന്‍എച്ച്ബി ആലോചിക്കുന്നു.

റെസിഡെക്‌സ് പൂര്‍ണ്ണമായും അഴിച്ചുപണിയാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നാഷണല്‍ ഹൗസിംഗ് ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ശ്രീറാം കല്യാണരാമന്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ റെസിഡെക്‌സ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളുടെ യഥാര്‍ത്ഥമൂല്യവും (മൂല്യനിര്‍ണ്ണയം നടത്തും) രജിസ്റ്റേഡ് മൂല്യവും ഉള്‍പ്പെടുന്നതായിരിക്കും പുതിയ റെസിഡെക്‌സ്.

പുതുതായി വാടക സൂചികയും കെട്ടിട നിര്‍മ്മാണ സാമഗ്രി സൂചികയും തയ്യാറാക്കും. നാഷണല്‍ ഹൗസിംഗ് ബാങ്കിനെ സഹായിക്കുന്നതിന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഗവേഷണ കമ്പനിയായ ലിയാസസ് ഫോറാസിനെ നിയോഗിച്ചതായി ശ്രീറാം കല്യാണരാമന്‍ അറിയിച്ചു.

നിലവില്‍ 26 നഗരങ്ങളുടെ റെസിഡെക്‌സ് ലഭ്യമാണ്. രണ്ട് നഗരങ്ങളെകൂടി വൈകാതെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആകെ 45 നഗരങ്ങളുടെ റെസിഡെക്‌സ് തയ്യാറാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ ഇടപാടുകാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വീണ്ടും വായ്പ അനുവദിക്കുന്ന കാര്യം ആലോചിക്കുന്നതായി ശ്രീറാം കല്യാണരാമന്‍ പറഞ്ഞു. സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചുകൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ എന്‍എച്ച്ബി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. നിലവിലെ പത്ത് ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനമായി സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചുകൊണ്ടുവരാനാണ് ആവശ്യപ്പെടുന്നത്.

നിലവിലെ പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് സംവിധാനം ഉപയോക്താക്കള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുന്നുണ്ടെന്ന കാര്യം എന്‍എച്ച്ബി പരിശോധിച്ചുവരികയാണ്. ഹൈദരാബാദ് ആസ്ഥാനമായ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളജ് ഓഫ് ഇന്ത്യയാണ് പഠനം നടത്തുന്നത്. അഞ്ച് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Comments

comments

Categories: Business & Economy