നളിനി നെറ്റോ ചീഫ് സെക്രട്ടറി

നളിനി നെറ്റോ ചീഫ് സെക്രട്ടറി

സുബ്രതോ ബിശ്വാസ്‌ ആഭ്യന്തര വിജിലന്‍സ്‌സെക്രട്ടറി

തിരുവന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. എസ് എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവില്‍ പിഡബ്ല്യൂഡി. അഡിഷണല്‍ ചീഫ് സെക്രട്ടറിയായ സുബ്രതോ ബിശ്വാസിനെ ആഭ്യന്തര വിജിലന്‍സ് സെക്രട്ടറിയായി നിയമിക്കും. പ്ലാനിംഗ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി എസ് സെന്തിലിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും.

ആശ തോമസാണ് പുതിയ പിഡബ്ല്യൂഡി. പ്രിന്‍സിപ്പല്‍ സെക്രട്ടറി. റോഡ്‌സ് & ബ്രിഡ്ജ്‌സ്, കോര്‍പ്പറേഷന്‍ എംഡിയായും അവര്‍ തുടരും. ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസിന് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി. സത്യജിത് രാജന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും. ഷീലാ തോമസ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം. ഇപ്പോള്‍ സത്യജിത് രാജന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഹരിത വി.കുമാറിനെ പഞ്ചായത്ത് ഡയറക്റ്ററായി നിയമിക്കും. ഇപ്പോള്‍ പഞ്ചായത്ത് ഡയറക്റ്ററായ ബാലകിരണിനെ ടൂറിസം ഡയറക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു. 1986 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ പിഎച്ച് കുര്യന്‍ (റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി), ജെയിംസ് വര്‍ഗീസ് (ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) എന്നിവരെ അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായി പ്രൊമോട്ട് ചെയ്യാന്‍ തീരുമാനിച്ചു. കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചും കമ്മീഷന്‍ പുനഃസംഘടിപ്പിച്ചും പുറപ്പെടുവിച്ച വിജ്ഞാപനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

റബ്‌കോയ്ക്ക് എതിരായ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കായി റബ്‌കോയ്ക്ക് 76.76 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്.ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അസാപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് പൂള്‍ സൃഷ്ടിക്കും. ഭീകരവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ കമാന്‍ഡോ വിഭാഗത്തില്‍ 210 കമാന്‍ഡോ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഖാദിഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

1989ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആനുകൂല്യത്തിനുളള പട്ടിക വര്‍ഷംതോറും പുതുക്കുന്നതിന് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. യഥാസമയം പദ്ധതിയില്‍ ചേരുന്നതിന് ഉടമകള്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്കുളള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്.

മംഗളം ടിവി ചാനലില്‍ മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റേതെന്ന് പറഞ്ഞ് സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് മുന്‍ ജില്ലാ ജഡ്ജ് പി എസ് ആന്റണിയെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Comments

comments

Categories: Top Stories