ഹുരുന്‍ ഇമിഗ്രന്റ് ബില്യണേഴ്‌സ് ലിസ്റ്റ് പുറത്ത് : കുടിയേറി നേടിയ കോടികള്‍

ഹുരുന്‍ ഇമിഗ്രന്റ് ബില്യണേഴ്‌സ് ലിസ്റ്റ് പുറത്ത് : കുടിയേറി നേടിയ കോടികള്‍

36 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുള്ള ഗൂഗിള്‍ സ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ കുടിയേറ്റക്കാരന്‍

  • ലോകത്തിലെ 300 (31 ശതമാനം) ശതകോടീശ്വരന്‍മാരും കുടിയേറ്റക്കാര്‍
  • കുടിയേറ്റത്തിനായി 73 പേര്‍ തെരഞ്ഞെടുത്തത് അമേരിക്ക
  • ലോകത്തിലെ കുടിയേറ്റ ശതകോടീശ്വരന്‍മാരുടെ ആസ്ഥാനമായി ലണ്ടന്‍
  • ശതകോടീശ്വരന്‍മാരില്‍ ഇന്ത്യയില്‍ ജനിച്ചവും ഏറെ
  • ഇന്ത്യക്കാരായ കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം നേടി എംഎ യൂസഫലിയും രവി പിള്ളയും

2017ലെ ഹുരുന്‍ ഇമിഗ്രന്റ് ബില്യണേഴ്‌സ് ലിസ്റ്റ് പുറത്ത്. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരായ ശതകോടീശ്വരന്‍മാരെയാണ് ഹുരുന്‍ റാങ്ക് അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയിട്ടുള്ളത്. 2017ലെ ഹുരുന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ്, കുടിയേറ്റക്കാര്‍ എന്നിവ സമഗ്രമായി മനസിലാക്കിയതിന് ശേഷമാണ് ഹുരുന്‍ ടീമിലെ ഗവേഷകര്‍ ഇത്തരത്തിലുള്ള ഒരു പട്ടിക തയാറാക്കിയിരിക്കുന്നത്. ജനിച്ച രാജ്യം വിട്ട് മറ്റുരാജ്യങ്ങളിലേക്കെത്തി അവിടെ വിജയം നേടിയെടുത്തവരാണ് ഇവരെല്ലാം. മാര്‍ച്ച് 7ന് പ്രസിദ്ധീകരിച്ച ഹുരുന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2017ന്റെ ഉപപട്ടികയായാണ് പുതിയ ലിസ്റ്റ് ഹുരുന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തിലെ കുടിയേറ്റക്കാരുടെ സ്റ്റാറ്റസ് വിലയിരുത്താനുള്ള ആദ്യത്തെ ശ്രമമായാണ് ഹുരുന്‍ റിപ്പോര്‍ട്ടിന്റെ പ്രസാധകരായ റൂപെര്‍ട് ഹൂഗെവെര്‍ഫ് പട്ടികയെ വിശേഷിപ്പിച്ചത്.

67 രാജ്യങ്ങളില്‍ നിന്നായി കുടിയേറിയ 300 ശതകോടീശ്വരന്‍മാരാണ് പട്ടികയില്‍ ഇടംനേടിയത്. 3.8 ബില്യണ്‍ യുഎസ് ഡോളറാണ് ഇവരുടെ ശരാശരി സമ്പത്ത്. ഹുരുന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2017ന്റെ ശരാശരിയേക്കാള്‍ ആറ് ശതമാനം കൂടുതലാണിത്. ശരാശരി പ്രായം 65 വയസാണ്. ഇതും ഗ്ലോബല്‍ ലിസ്റ്റിനേക്കാള്‍ കൂടുതലാണ്. ലിസ്റ്റിലുള്ള 300 പേരില്‍ 30 പേര്‍ വനിതകളാണ്.

നെതര്‍ലന്‍ഡ്‌സില്‍ ജനിച്ച് ഇപ്പോള്‍ ലണ്ടനില്‍ കര്‍ലിന്‍ കര്‍വലോ ആണ് പട്ടികയിലെ പ്രധാനി. വിജയം കൊയ്ത ശതകോടീശ്വരി ചൈനീസ് റസ്റ്ററന്റ് രാജ്ഞിയായ പെഗ്ഗി ചെര്‍ങ് ആണ്. മ്യാന്‍മറില്‍ ജനിച്ച അവര്‍ ഇപ്പോള്‍ കാലിഫോര്‍ണിയയിലാണ് ജീവിക്കുന്നത്. പട്ടികയിലെ 130 പേരും യുഎസിനെ മികച്ച ബിസിനസ് കേന്ദ്രമായി തെരഞ്ഞെടുത്തുകഴിഞ്ഞു.

കുടിയേറ്റം ഒരു രാഷ്ട്രത്തെ ധ്രുവീകരിക്കുകയാണ് ചെയ്യുന്നതെന്നും, ബ്രെക്‌സിറ്റിന്റെ കാര്യത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നത് ഇതുതന്നെയാണെന്നും ഹുരുന്‍ റിപ്പോര്‍ട്ടിന്റെ ചെയര്‍മാനും മുഖ്യഗവേഷകനും കൂടിയായ ഹൂഗെവെര്‍ഫ് പറയുന്നു. യുഎസ് തെരഞ്ഞെടുപ്പിലും ഇപ്പോഴത്തെ ഡച്ച്, ഫ്രഞ്ച്, ജര്‍മന്‍ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആഗോള ആസ്തി രൂപീകരണത്തിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കുടിയേറ്റക്കാരുടെ സംഭാവനയിലേക്ക് വെളിച്ചം വിതറുന്ന തരത്തിലുള്ളതാണ് ഈ റിപ്പോര്‍ട്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ വെയ്‌ലിയന്‍ ഗ്രൂപ്പിന്റെ പങ്കും അദ്ദേഹം അടിവരയിടുന്നു.

സര്‍ജി ബ്രിന്‍

റിപ്പോര്‍ട്ടില്‍ പ്രഥമസ്ഥാനത്ത് വന്ന 43കാരനായ സര്‍ജി ബ്രിന്‍ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ പ്രസിഡന്റാണ്. വിപണിയില്‍ 600 ബില്യണ്‍ യുഎസ് ഡോളറിന്റെ മൂല്യമാണിന്ന് ഈ സ്ഥാപനത്തിനുള്ളത്. മോസ്‌കോയില്‍ ജനിച്ച അദ്ദേഹം 1979കളിലെ ജൂതപീഡനങ്ങളെ തുടര്‍ന്ന് അമേരിക്കയിലേക്ക് രക്ഷപെട്ട കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ്.

മറ്റു കമ്പനികളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ കുടിയേറ്റ ശതകോടീശ്വരന്‍മാരെ സൃഷ്ടിച്ച കമ്പനിയാണ് ഗൂഗിള്‍ എന്ന് ഹൂഗെവെര്‍ഫ് അടിവരയിടുന്നു. സോറോസ് ഫണ്ട് മാനേജ്‌മെന്റിന്റെ മേധാവിയായ 86കാരന്‍ ജോര്‍ജ് സോറോസ് ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. ഹംഗറിയില്‍ നിന്ന് യുകെ വഴി യുഎസിലേക്കാണ് അദ്ദേഹം കുടിയേറിയത്. 27 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ജോര്‍ജ് പൗലോ ലെമാന്‍ എന്ന 77 കാരനാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 3ജി കാപ്പിറ്റലിന്റെ സഹസ്ഥാപകനാണ് അദ്ദേഹം. റിയോഡി ജെനീറോയില്‍ ജനിച്ച് ഹാര്‍വാര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം നേടി, സ്വിറ്റ്‌സര്‍ലന്റിലേക്ക് കുടിയേറിയ വ്യക്തിയാണ് അദ്ദേഹം. 19 ബില്യണ്‍ ഡോളറിന്റെ ആസ്തി സ്വന്തമായുള്ള ഗാലണ്‍ വെസ്റ്റണ്‍ ആണ് പട്ടികയില്‍ നാലാമത്. ബ്രിട്ടീഷ്- കനേഡിയന്‍ ബിസിനസുകാരനായ അദ്ദേഹം ജോര്‍ജ് വെസ്റ്റണ്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനാണ്.

ലിയോണാര്‍ഡ് ബ്ലവാട്‌നിക് എന്ന 59കാരനായ ബിസിനസുകാരനാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. 19 ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് അദ്ദേഹത്തിന്റേത്. തോമസ് പീറ്റര്‍ഫീയാണ് ആറാം സ്ഥാനത്തുള്ളത്.

14 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയോടെ ടെസ്ലയുടെ എലോണ്‍ മസ്‌ക് ആറാം സ്ഥാനത്ത് ഇടംനേടിയപ്പോള്‍, ഇതേ ആസ്തിയുള്ള എസ്പി ഹിന്ദുജ ഏഴാം സ്ഥാനത്തായി. വിക്റ്റര്‍ വിക്‌സെല്‍ബര്‍ഗ്, ഗെന്നഡി ടിംടെന്‍കോ, ജോസഫ് സഫ്‌റ എന്നിവരാണ് ആദ്യ പത്തില്‍ ഇടംനേടിയ മറ്റുപ്രമുഖര്‍.

ശതകോടീശ്വരന്‍മാര്‍ക്ക് പ്രിയം ഈ നാടുകള്‍

അമേരിക്കയാണ് കുടിയേറ്റക്കാരായ ശതകോടീശ്വരന്‍മാര്‍ക്ക് ഏറെ പ്രിയങ്കരമായ നാട്. 73 ശതകോടീശ്വരന്‍മാരാണ് ഇവിടെയുള്ളത്. 42 ശതകോടീശ്വരന്‍മാരുമായി സ്വിറ്റ്‌സര്‍ലന്‍ഡും 39 ശതകോടീശ്വരന്‍മാരുമായി യുകെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളതെന്ന് ഹൂഗെവെര്‍ഫ് വ്യക്തമാക്കുന്നു. സ്വിറ്റസര്‍ലന്റ്, യുകെ, യുഎഇ, സിംഗപ്പുര്‍, ഇസ്രയേല്‍, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ പകുതിയും. ഈ 300 ശതകോടീശ്വരന്‍മാരില്‍ 67 രാജ്യങ്ങളില്‍ നിന്നായി 44 രാജ്യങ്ങളിലേക്ക് കുടിയേറിയവരുണ്ട്.

ആഗോള പൗരന്‍മാര്‍ എന്നാണ് ഹൂഗെവെര്‍ഫ് ഈ കോടീശ്വരന്‍മാരെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ അവര്‍ എവിടെ ജീവിക്കുന്നവരാണെന്ന് വ്യക്തമായി പറയാന്‍ വിഷമമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാര്‍ക്ക് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കാനുള്ള രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രധാന മാനദണ്ഡമായി പ്രവര്‍ത്തിക്കുന്നത് നികുതിയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ജര്‍മ്മനിയും ഇന്ത്യയുമാണ് ഈ കോടീശ്വരന്‍മാരുടെ മുഖ്യ ഉല്‍ഭവരാജ്യങ്ങള്‍. ചൈനയിലും യുകെയിലും ജനിച്ചവര്‍ ഇക്കൂട്ടത്തില്‍ ഏറെയുണ്ടെന്ന് ഹൂഗെവെര്‍ഫ് കൂട്ടിച്ചേര്‍ക്കുന്നു. കോടീശ്വരന്‍മാരുടെ പിറവിയില്‍ അല്‍ഭുതപ്പെടുത്തുന്ന രാജ്യമാണു ജര്‍മ്മനി. ഉയര്‍ന്ന പ്രാദേശിക നികുതിയാണ് ഇവരെ സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയ പ്രധാന ഘടകം. യുകെ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കും ശതകോടീശ്വരന്‍മാരെ കുടിയേറ്റത്തിലൂടെ നഷ്ടപ്പെടാനുണ്ടായ കാരണവും ഇതുതന്നെ.

ലണ്ടനാണ് കുടിയേറ്റ ശതകോടീശ്വരന്‍മാരുടെ ആസ്ഥാന നഗരമായി വിശേഷിപ്പിക്കപ്പെടുന്നത്. മോസ്‌കോ, ജനീവ, സിംഗപ്പൂര്‍ എന്നിവയാണ് ഇവര്‍ക്ക് പ്രിയപ്പെട്ട മറ്റുനഗരങ്ങള്‍.

ഇന്ത്യയുടെ കോടിപതികള്‍

ഹുരുനിന്റെ ആഗോള സമ്പന്നരുടെ പട്ടികയില്‍ 30 കോടീശ്വരന്‍മാരാണ് ഇന്ത്യന്‍വംശജര്‍. യുഎഇ, യുകെ എന്നിവിടങ്ങളാണ് ഇവര്‍ ഇപ്പോള്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. യുകെയിലേക്ക് കുടിയേറുന്നതിന് മുമ്പ് തന്റെ 26-)o വയസിലാണ് ലക്ഷ്മി മിത്തല്‍ ഇന്ത്യ വിട്ടത്. ഇന്തോനേഷ്യയില്‍ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായിരുന്നു ഇത്. മുംബൈയില്‍ ജനിച്ച റൂബന്‍ ബ്രദേഴ്‌സ് ഇറാഖിലേക്കും പിന്നീട് യുകെയിലേക്കും കുടിയേറി. മലയാളിയായ എംഎ യൂസഫലി അബുദാബിയിലേക്കാണ് കുടിയേറിയത്.

ലക്ഷ്മി മിത്തല്‍

ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ലക്ഷ്മി മിത്തല്‍ ആണ്. 12 ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് ലക്ഷ്മി നിവാസ് മിത്തല്‍. രാജസ്ഥാനിലെ ചുരു എന്ന ഗ്രാമത്തിലാണ് ജനനം. ഇപ്പോള്‍ താമസിക്കുന്നത് ലണ്ടനിലെ കെന്‍സിംഗ്ടണിലാണ്. മിത്തല്‍ സ്റ്റീല്‍ കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. ആഴ്‌സെലര്‍ മിത്തല്‍ എന്ന കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നു. 2009 ലെ കണക്കനുസരിച്ച് ലക്ഷ്മി മിത്തല്‍ ലോകത്തിലെ ധനികരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

രണ്ടാം സ്ഥാനത്തുള്ളത് സൈമണ്‍ റൂബന്‍ ആണ്. 6.7 ബില്യണ്‍ ആണ് അദ്ദേഹത്തിന്റെ ആസ്തി. 69കാരനായ അദ്ദേഹം തന്റെ ഗ്ലോബല്‍ സ്വിച്ച് എന്ന കമ്പനിയിലൂടെയാണ് ശ്രദ്ധേയനായത്. യുകെ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ സഹോദരനായ ഡേവിഡ് റൂബന്‍ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 6.7 ബില്യണ്‍ തന്നെയാണ് അദ്ദേഹത്തിന്റെയും ആസ്തി. 74കാരനായ അദ്ദേഹവും ഗ്ലോബല്‍ സ്വിച്ച് എന്ന സ്ഥാപനത്തില്‍ പങ്കാളിയാണ്. യുകെ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.

എം.എ യൂസഫലി

എംഎ യൂസഫലിയാണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. 6.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 64കാരനായ അദ്ദേഹം 26,000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000ത്തോളം പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാരസ്ഥാപനമായ എംകെ ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്റ്ററാണ്. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. കൊച്ചിയില്‍ സ്മാര്‍ട്‌സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു.

യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ മേധാവി മിക്കി ജഗ്ടിയാനി, യുകെയിലെ വേദാന്ത റിസോഴ്‌സിന്റെ അനില്‍ അഗര്‍വാള്‍, യുഎസ്എയിലെ സിംഫണി ടെക്‌നോളജീസിന്റെ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎഫ്എഫ്‌സിഒയുടെ റൊമേഷ് ടി വദ്വാനി, ഇന്‍ഡോരമാ വെഞ്ച്വേഴ്‌സിന്റെ പ്രകാശ് ലോഹ്യ എന്നിവരാണ് പട്ടികയിലുള്ള മറ്റു പ്രമുഖര്‍. രവി പിള്ള പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 64കാരനായ അദ്ദേഹത്തിന്റെ ആസ്തി 2.2 ബില്യണ്‍ യുഎസ് ഡോളറാണ്. ആര്‍പി ഗ്രൂപ്പിന്റെ സ്ഥാപകനായ അദ്ദേഹം യുഎഇ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

 

Comments

comments

Categories: FK Special, World