ഇ-കൊമേഴ്‌സ് പ്രചാരത്തിനിടയിലും പിന്നിലാകാതെ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍

ഇ-കൊമേഴ്‌സ് പ്രചാരത്തിനിടയിലും  പിന്നിലാകാതെ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍

91 ശതമാനം വില്‍പ്പന നേടിയെന്ന് പഠനം

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് ബിസിനസിന്റെ പ്രചാരത്തിനിടയിലും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ ആഗോളതലത്തില്‍ 91 ശതമാനം വില്‍പ്പന നേടിയെന്ന് യുഎസ് ആസ്ഥാനമാക്കിയ സീബ്ര ടെക്‌നോളജീസിന്റെ വിലയിരുത്തല്‍.

ഇ-കൊമേഴ്‌സിന്റെ മുന്നേറ്റമുണ്ടായെങ്കിലും ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഇപ്പോഴും കാര്യമായ ഷോപ്പിംഗ് തിരക്കുണ്ട്. റീട്ടെയ്ല്‍ വില്‍പ്പനയിലെ നല്ലൊരു ശതമാനവും വഴിയോര വ്യാപാരത്തിന്റെ സംഭാവനയാണെന്ന് സീബ്ര ടെക്‌നോളജീസിന്റെ പഠനത്തില്‍ പറയുന്നു. ആഗോളതലത്തില്‍ സ്‌പെഷാലിറ്റി സ്റ്റോറുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകള്‍, അപ്പാരല്‍ വ്യാപാരികള്‍, സൂപ്പര്‍മാര്‍ക്കറ്റ്, ഇലക്ട്രോണിക്‌സ്, ഹോം ഇംപ്രൂവ്‌മെന്റ്, മരുന്നുവില്‍പ്പന ശൃംഖല ഉള്‍പ്പെടെ വിവിധ റീട്ടെയ്ല്‍ വിഭാഗങ്ങളിലെ 1,7000 ഓളം വക്താക്കളുമായി അഭിമുഖം നടത്തിയാണ് സീബ്ര റിപ്പോര്‍ട്ട് തയാറാക്കിയത്.

ഏഷ്യ- പസഫിക്കില്‍ നിന്നാണ് ഏകദേശം 28 ശതമാനം വിവരങ്ങളും ശേഖരിച്ചത്. ഏഷ്യ-പസഫിക്ക് മേഖലയിലെ കണ്ടെത്തലുകള്‍ ഇന്ത്യയിലെ ട്രെന്‍ഡുകളുടെ പ്രതിഫലനമാണ്- സീബ്രയുടെ ഇന്ത്യയിലെ സെയില്‍സ് ഡയറക്റ്ററായ ദീപ് അഗര്‍വാള്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന തരത്തില്‍ ഓണ്‍ലൈന്‍- ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ പരസ്പരം പോരടിക്കാത്ത വിധത്തിലെ സംവിധാനമാണ് റീട്ടെയ്‌ലര്‍മാര്‍ നടപ്പിലാക്കുന്നത്. സ്റ്റോറുകളിലെ അതിയന്ത്രവല്‍ക്കരണം, സെന്‍സര്‍, അവലോകനം എന്നിവ വഴി 73 ശതമാനം റീട്ടെയ്‌ലര്‍മാരും തങ്ങളുടെ വിതരണ ശൃംഖലയെ അടിമുടി മാറ്റത്തിന് വിധേയമാക്കുന്നു.

ഏഷ്യ പസഫിക്കില്‍ തടസ്സങ്ങളില്ലാത്ത ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാനാണ് റീട്ടെയ്‌ലര്‍മാര്‍ ശ്രമിക്കുന്നത്. ഇ-കൊമേഴ്‌സ്, ഇന്‍- സ്‌റ്റോര്‍ അനുഭവങ്ങള്‍ സംയോജിപ്പിക്കേണ്ടത് പ്രധാനവും ബിസിനസിന് നിര്‍ണ്ണായകവുമാണെന്ന് ഈ മേഖലയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. 2021 ല്‍ ഏഷ്യ- പസഫിക്കിലെ 76 ശതമാനത്തിനടുത്ത് റീട്ടെയ്‌ലര്‍മാരും ഉപഭോക്താക്കളുടെ സ്‌റ്റോര്‍ സന്ദര്‍ശനം വിലയിരുത്തുന്നതിന് കഴിവുള്ളവരാകും. മൈക്രോ- ലൊക്കേഷണിംഗ് പോലുള്ള സാങ്കേതികവിദ്യയിലൂടെയാണ് ഇത് ഉറപ്പാക്കുകയെന്നും സീബ്ര ടെക്‌നോളജീസ് വ്യക്തമാക്കി.

Comments

comments

Categories: Business & Economy