ആഫ്രിക്കന്‍ വംശജര്‍ക്കു നേരേ ആക്രമണം സേന ഫ്‌ളാഗ്‌ മാര്‍ച്ച് നടത്തി, 44 പേര്‍ക്കെതിരേ കേസെടുത്തു

ആഫ്രിക്കന്‍ വംശജര്‍ക്കു നേരേ ആക്രമണം സേന ഫ്‌ളാഗ്‌ മാര്‍ച്ച് നടത്തി, 44 പേര്‍ക്കെതിരേ കേസെടുത്തു

നോയ്ഡ(യുപി): ഗ്രേറ്റര്‍ നോയ്ഡയില്‍ തിങ്കളാഴ്ച ആഫ്രിക്കന്‍ വംശജരെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് 44 പേര്‍ക്കെതിരേ ചൊവ്വാഴ്ച കേസെടുത്തു. ഇവര്‍ക്കെതിരേ വധശ്രമത്തിനാണു കേസെടുത്തത്. കലാപത്തിന് ശ്രമിച്ചതിന് 600 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ അഞ്ച് പേരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഗ്രേറ്റര്‍ നോയ്ഡയില്‍ കൗമാരപ്രായക്കാരനായ മനീഷ് ഖാരി അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്നു മരിച്ചതിന്റെ പേരിലാണ് ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ പ്രദേശവാസികള്‍ അക്രമം അഴിച്ചുവിട്ടത്. പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ വംശരായ അഞ്ച് പേര്‍ മനീഷ് ഖാരിയുടെ സമീപവാസികളായിരുന്നു. ഇവര്‍ മനീഷിനു മയക്കുമരുന്ന് നല്‍കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടത്. സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ നോയ്ഡയില്‍ ചൊവ്വാഴ്ച പൊലീസ് ഫ്‌ളാഗ്‌ മാര്‍ച്ച് നടത്തി. ഇവിടെ 200ഓളം പൊലീസ് സേനയെ വിന്യസിച്ചിട്ടുമുണ്ട്.

സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആഫ്രിക്കന്‍ വംശജരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഗ്രേറ്റര്‍ നോയ്ഡയില്‍ ഏകദേശം നാലായിരത്തോളം ആഫ്രിക്കന്‍ വംശജര്‍ താമസിക്കുന്നതായിട്ടാണു കണക്ക്. ഇവരില്‍ ഭൂരിഭാഗവും ഉന്നത പഠനത്തിനെത്തിയവരാണ്. മയക്കുമരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയും പര്യായമാണ് ഇവരെന്നാണ് പ്രദേശവാസികളില്‍ ഭൂരിഭാഗവും ഇവരെ മുദ്രകുത്തിയിരിക്കുന്നത്. ഇതാണ് ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ ആക്രമണം നടത്താന്‍ പ്രദേശവാസികളെ പ്രേരിപ്പിക്കുന്ന ഘടകം.

സമീപകാലത്ത് ആഫ്രിക്കന്‍ വംശജര്‍ക്കെതിരേയുള്ള ആക്രമണം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗളുരുവില്‍ ടാന്‍സാനിയന്‍ വംശജര്‍ക്കെതിരേ ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടിരുന്നു. നോയ്ഡ സംഭവത്തെ കുറിച്ചു വിശദീകരിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ നൈജീരിയയുടെ ആക്ടിംഗ് ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടു. നൈജീരിയന്‍ വംശജരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രാദേശിക ഭരണകൂടത്തിനു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Top Stories

Related Articles