ഹൈദരാബാദിലെ 19 ഏക്കര്‍ പുറവന്‍കര 475 കോടി രൂപയ്ക്ക് വിറ്റു

ഹൈദരാബാദിലെ 19 ഏക്കര്‍ പുറവന്‍കര 475 കോടി രൂപയ്ക്ക് വിറ്റു

മൂന്ന് അനുബന്ധ കമ്പനികളുടെ മുഴുവന്‍ ഓഹരികളും പുറവന്‍കര പ്രോജക്റ്റ്‌സ് വിറ്റഴിച്ചു

ന്യൂ ഡെല്‍ഹി : റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പുറവന്‍കര പ്രോജക്റ്റ്‌സ് ഹൈദരാബാദിലെ ഇരുപത് ഏക്കര്‍ സ്ഥലം 475 കോടി രൂപയ്ക്ക് ഹൈദരാബാദ് ആസ്ഥാനമായ ഹെറ്ററോ ഗ്രൂപ്പ് എന്ന ജനറിക് മരുന്ന് നിര്‍മ്മാണ കമ്പനിക്ക് വിറ്റു. സ്ഥലം കൈവശം വെച്ചിരുന്ന മൂന്ന് അനുബന്ധ കമ്പനികളുടെ മുഴുവന്‍ ഓഹരികളും പുറവന്‍കര പ്രോജക്റ്റ്‌സ് വിറ്റഴിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിനെ കമ്പനി അറിയിച്ചു.

റായ്ദുര്‍ഗ്ഗ് പനമക്ത വില്ലേജിലെ 403 കോടി രൂപയുടെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറുന്നതിന് കമ്പനി ബോര്‍ഡ് കഴിഞ്ഞയാഴ്ച്ച അനുമതി നല്‍കിയിരുന്നു. പൂര്‍വ്വ ലാന്‍ഡ്, പൂര്‍വ്വ മറൈന്‍, പൂര്‍വ്വ ഹോട്ടല്‍സ് എന്നീ മൂന്ന് പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനികളുടെ മുഴുവന്‍ ഓഹരികളാണ് കൈമാറിയത്.

വായ്പാബാധ്യത തീര്‍ക്കുന്നതിനാണ് പുറവന്‍കര പ്രോജക്റ്റ്‌സ് ആസ്തികള്‍ വില്‍ക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ കമ്പനി 2007-08 ല്‍ 403 കോടി രൂപയ്ക്ക് ആന്ധ്രാ പ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോര്‍പ്പറേഷനില്‍നിന്നാണ് സ്ഥലം വാങ്ങിയത്. ഇവിടെ ഹോട്ടല്‍ പടുത്തുയര്‍ത്താനാണ് പുറവന്‍കര പദ്ധതിയിട്ടിരുന്നത്.

ഉപകമ്പനികളുടേതായ 19.19 ഏക്കര്‍ സ്ഥലത്തിന്റെ വില്‍പ്പന പൂര്‍ത്തീകരിച്ചതായി പുറവന്‍കര എംഡി ആശിഷ് പുറവന്‍കര പറഞ്ഞു. 2,350 കോടി രൂപയുടെ അറ്റ വായ്പാ ബാധ്യതയാണ് കമ്പനി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. സ്ഥലം വിറ്റുകിട്ടുന്ന പണം വായ്പാബാധ്യത കുറച്ചുകൊണ്ടുവരുന്നതിന് വിനിയോഗിക്കും.

ഹൈദരാബാദില്‍ 20 ഏക്കര്‍ സ്ഥലത്ത് പുറവന്‍കര ഭവന പദ്ധതികള്‍ നടപ്പാക്കിയിരുന്നു. മൂന്ന് ഏക്കര്‍ സ്ഥലത്ത് കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. സംയുക്ത സംരംഭങ്ങളിലൂടെയും സംയുക്ത വികസന കരാറുകളിലൂടെയും മറ്റൊരു 50-100 ഏക്കര്‍ സ്ഥലത്ത് പ്രോജക്റ്റുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ആശിഷ് പുറവന്‍കര പറഞ്ഞു.

ആകെ 23.7 മില്യണ്‍ ചതുരശ്ര അടി റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 6 മില്യണ്‍ ചതുരശ്ര അടി ഈ വര്‍ഷം മധ്യത്തോടെ കൈമാറാനാകും. ആകെ 75 മില്യണ്‍ ചതുരശ്ര അടി ഭൂബാങ്കിന്റെ ഉടമയാണ് പുറവന്‍കര പ്രോജക്റ്റ്‌സ്. ബെംഗളൂരു, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മൈസൂരു എന്നിവിടങ്ങളിലാണ് പുറവന്‍കര പ്രോജക്റ്റ്‌സിന് സാന്നിധ്യമുള്ളത്.

Comments

comments

Categories: Business & Economy