ഇന്ത്യയില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഷവോമി ലക്ഷ്യമിടുന്നു

ഇന്ത്യയില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഷവോമി ലക്ഷ്യമിടുന്നു

ആറ് മാസത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കും

ന്യൂഡെല്‍ഹി: 2020ഓടെ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമി. കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട് രാജ്യത്ത് സാന്നിധ്യം ശക്തമാക്കുമെന്നും ഷവോമി അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ കമ്പനിയാണ് ഷവോമി.

നാളിതുവരെ ഇന്ത്യയില്‍ 7,500ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷവോമി സ്ഥാപകന്‍ ലേ ജുന്‍ പറഞ്ഞു. ന്യൂഡെല്‍ഹിയില്‍ ഇക്ക്‌ണോമിക് ടൈംസ് സംഘടിപ്പിച്ച ദ്വിദിന ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷവോമിയുടെ മൊത്ത വരുമാനത്തില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും ലോ ജുന്‍ പറഞ്ഞു. ഗ്ലോബല്‍ ബിസിനസ് സമ്മിറ്റിലെ മുഖ്യ പ്രഭാഷകനായിരുന്നു ലേ ജുന്‍. ചൈനയുടെ സ്റ്റീവ് ജോബ്‌സ് എന്നാണ് ലേ ജുന്‍ അറിയപ്പെടുന്നത്.

പരസ്യങ്ങളുടെ പിന്‍ബലമില്ലാതെ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് മൊബീല്‍ ഫോണ്‍ ബിസിനസ് വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് ഷവോമി. അടുത്ത ആറ് മാസത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇന്റര്‍നെറ്റ് അധിഷ്ഠിത ഇന്നൊവേഷന്റെ ഫലമാണ് പുതിയ പ്രൊഡക്‌റ്റെന്നും, ഇന്ത്യ പോലുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്ക് ഇത്തരം ഇന്നൊവേഷനുകള്‍ അനിവാര്യമാണെന്നും ലേ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സാന്നിധ്യം ശക്തമാക്കാന്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് പ്ലസ് മോഡല്‍ ഉപയോക്കേണ്ട സമയമാണിതെന്നും, മിതമായ നിരക്കില്‍ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഏത് കമ്പനിക്കും വിപണിയില്‍ വിജയിക്കാനാകുമെന്നും ലേ ജുന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നു മാത്രം ഒരു ബില്യണ്‍ ഡോളറിലധികം വരുമാനമാണ് ഷവോമി നേടിയിട്ടുള്ളത്.

ഇന്ത്യയില്‍, പ്രധാനമായും 4ജി മൊബീല്‍ നെറ്റ്‌വര്‍ക്കുകള്‍ വികസിപ്പക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗം എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഇന്റര്‍നെറ്റ് സംവിധാനം വിവരങ്ങള്‍ കൂടുതല്‍ സുതാര്യതയോടെ ലഭിക്കുന്നതിനും വാങ്ങാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും ഉപഭോക്താവിനെ സഹായിക്കുമെന്നും ലേ ജുന്‍ പറയുന്നു. ഇന്റര്‍നെറ്റ് പ്ലസ് മോഡല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും എന്നതു സംബന്ധിച്ച് ലേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തി.

Comments

comments