സ്‌നാപ്ഡീല്‍ ഫ്‌ളിപ്കാര്‍ട്ടിന് വിറ്റൊഴിയാന്‍ സാധ്യത

സ്‌നാപ്ഡീല്‍ ഫ്‌ളിപ്കാര്‍ട്ടിന് വിറ്റൊഴിയാന്‍ സാധ്യത

പ്രഖ്യാപനം ഏപ്രില്‍ അവസാനത്തോടെയുണ്ടാകും

മുംബൈ: ആഭ്യന്തര ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ സ്‌നാപ്ഡീലും മുഖ്യ എതിരാളിയായ ഫ്‌ളിപ്കാര്‍ട്ടും തമ്മിലുള്ള ലയനത്തിന് സ്‌നാപ്ഡീലിലെ പ്രധാന നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ആസൂത്രണം ചെയ്യുന്നതായി സൂചന. സ്‌നാപ്ഡീലില്‍ നിലവിലുള്ള പ്രതിസന്ധി കണക്കിലെടുത്താണ് ഫ്‌ളിപ്കാര്‍ട്ടുമായുള്ള ലയന സാധ്യതകള്‍ സോഫ്റ്റ്ബാങ്ക് ആരായുന്നത്. ഇരു കമ്പനികളും കൂടിച്ചേരുന്നത് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

സ്‌നാപ്ഡീല്‍ വിറ്റൊഴിയുന്നതിന് കമ്പനിയുടെ ഉടമകളായ ജാസ്പര്‍ ഇന്‍ഫൊടെക് ഫ്‌ളിപ്കാര്‍ട്ടുമായും പേടിഎമ്മുമായും ചര്‍ച്ചകള്‍ ആരംഭിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം, ഓഹരി വില്‍പ്പന സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു സോഫ്റ്റ്ബാങ്കിന്റെ പ്രതികരണം. ഫ്‌ളിപ്കാര്‍ട്ടുമായോ, പേടിഎമ്മുമായോ ലയിക്കുക, അല്ലെങ്കില്‍ തങ്ങളുടെ നിക്ഷേപ മൂല്യം കുറയ്ക്കുക തുടങ്ങിയ സാധ്യതകളാണ് സ്‌നാപ്ഡീല്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് സോഫ്റ്റ്ബാങ്കിന്റെ മുന്നിലുള്ളത്.

സ്‌നാപ്ഡീല്‍ ഏറ്റെടുക്കാന്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് ആലിബാബ പിന്തുണയ്ക്കുന്ന പേടിഎം ആയിരുന്നുവെങ്കിലും ഫ്‌ളിപ്കാര്‍ട്ടുമായുള്ള ഏകീകരണമാണ് സോഫ്റ്റ്ബാങ്ക് പ്രോത്സാഹിപ്പിക്കുന്നതെന്നാണ് വിവരം. നിലവില്‍ സ്‌നാപ്ഡീലില്‍ 90 കോടി ഡോളറിന്റെ മൂലധന നിക്ഷേപമാണ് ജാപ്പനീസ് ടെലികോം, ഇന്റര്‍നെറ്റ് കമ്പനിയായ സോഫ്റ്റ്ബാങ്ക് നടത്തിയിട്ടുള്ളത്. 30ശതമാനത്തിനേക്കാള്‍ അല്‍പ്പം ഉയര്‍ന്ന പങ്കാളിത്തമാണ് സ്‌നാപ്ഡീലില്‍ സോഫ്റ്റ്ബാങ്കിനുള്ളത്.

ഫ്‌ളിപ്കാര്‍ട്ടുമായുള്ള ലയനം നടന്നാല്‍, ഫ്‌ളിപ്കാര്‍ട്ട്-സ്‌നാപ്ഡീല്‍ സംയുക്ത സംരംഭത്തില്‍ 15 ശതമാനത്തോളം പ്രൈമറി, സെക്കന്‍ഡറി ഓഹരികള്‍ സ്വന്തമാക്കികൊണ്ട് സോഫ്റ്റ്ബാങ്ക് 1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയേക്കും. ഫ്‌ളിപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബലിന്റെ 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളുടെ വില്‍പ്പനയും ലയന കരാറില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ടൈഗര്‍ ഗ്ലോബല്‍ ഫ്‌ളിപ്കാര്‍ട്ടിലെ തങ്ങളുടെ 30 ശതമാനം ഓഹരികളുടെ 10 ശതമാനം വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലയന സംരംഭം സംബന്ധിച്ച ധാരണകളും സോഫ്റ്റ്ബാങ്കും ഫ്‌ളിപ്കാര്‍ട്ടും തമ്മിലുള്ള ചര്‍ച്ചകളില്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇപ്പോഴുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ ലയനം സാധ്യമാകും. എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്തകളോട് സ്‌നാപ്ഡീലും സോഫ്റ്റ്ബാങ്കും പ്രതികരിച്ചിട്ടില്ല. ഇത്തരം ഊഹാപോഹങ്ങളോട് പ്രതികരിക്കുന്നില്ലെന്നുമാണ് സോഫ്റ്റ്ബാങ്ക് നേരത്തേ പ്രതികരിച്ചിരുന്നത്.

Comments

comments

Categories: Business & Economy