അമുലിനെതിരായ കേസില്‍ എച്ച്‌യുഎല്ലിനൊപ്പം വാദിലാല്‍ ഗ്രൂപ്പും ഫ്രഷ് ആന്റ് ന്യൂട്രല്ലയും

അമുലിനെതിരായ കേസില്‍ എച്ച്‌യുഎല്ലിനൊപ്പം വാദിലാല്‍ ഗ്രൂപ്പും ഫ്രഷ് ആന്റ് ന്യൂട്രല്ലയും

ഫ്രോസണ്‍ ഡെസര്‍ട്ട് കമ്പനികളെ കുറിച്ച് അമുലിന്റെ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: പരസ്യത്തെച്ചൊല്ലി ഐസ്‌ക്രീം കമ്പനികളായ അമുലും ഹിന്ദുസ്ഥാന്‍ യൂണിലിവറും (എച്ച്‌യുഎല്‍) തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. ഫ്രോസണ്‍ ഡെസേര്‍ട്ടുകളെ താഴ്ത്തിക്കെട്ടുന്നതാണ് പുതിയ പരസ്യമെന്ന് ആരോപിച്ച് അമൂലിന്റെ നിര്‍മാതാക്കളായ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് (ജിസിഎംഎംഎഫ്) എതിരെ എച്ച്‌യുഎല്‍ കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

സസ്യ എണ്ണകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഐസ്‌ക്രീമുകളെ ഫ്രോസണ്‍ ഡെസെര്‍ട്ട്‌സ് എന്നാണ് വിളിക്കേണ്ടതെന്നും പാല്‍ കൊഴുപ്പ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഐസ്‌ക്രീമുകളെ മാത്രമേ നിയമപരമായി ഐസ്‌ക്രീം എന്ന് വിളിക്കാന്‍ സാധിക്കൂവെന്നുമാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാര്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത്. യഥാര്‍ത്ഥ പാല്‍, യഥാര്‍ത്ഥ ഐസ്‌ക്രീം എന്നാണ് അമുല്‍ ഐസ്‌ക്രീമിന്റെ ടാഗ്‌ലൈന്‍. ഐസ്‌ക്രീം നിര്‍മിച്ചിരിക്കുന്നത് പാല്‍ കൊഴുപ്പ് കൊണ്ടാണെന്നും ഗുണനിലവാരമുള്ളതാണെന്നുമാണ് അമുല്‍ സൂചിപ്പിക്കുന്നത്.

വേനല്‍ക്കാലത്തെ തങ്ങളുടെ ബിസിനസ്സിനെ അമുലിന്റെ പരസ്യം ബാധിച്ചുവെന്നാണ് ക്വാളിറ്റി വാള്‍സ് ഐസ്‌ക്രീം നിര്‍മ്മാതാക്കളായ എച്ച്‌യുഎല്ലിന്റെ ആരോപണം. ഫ്രോസണ്‍ ഡെസര്‍ട്ട് നിര്‍മ്മാതാക്കളായ വാദിലാല്‍ ഗ്രൂപ്പ് എച്ച്‌യുഎല്ലിനൊപ്പം ചേര്‍ന്നിട്ടുണ്ട്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്രൈസ് ഫ്രഷ് ആന്റ് ന്യൂട്രല്ല ഐസ്‌ക്രീം പരാതിയില്‍ കക്ഷി ചേരുന്നത് സംബന്ധിച്ച് ആലോചനയിലാണെന്ന് സ്ഥാപകന്‍ അനുവ്രത് പബ്രൈ പറഞ്ഞു.

ഇന്ത്യന്‍ ഐസ്‌ക്രീം മാനുഫാക്‌ചേഴ്‌സ് അസോസിയേഷനില്‍ പബ്രൈയുടെ കമ്പനിക്ക് അംഗത്വുമുണ്ട്. ചില കമ്പനികള്‍ ഐസ്‌ക്രീം മാത്രം നിര്‍മിക്കുന്നു. ചിലര്‍ ഫ്രോസണ്‍ ഡെസര്‍ട്ടുകള്‍ മാത്രം നിര്‍മിക്കുന്നു. മറ്റ് ചിലര്‍ ഇത് രണ്ടും നിര്‍മിക്കുന്നു. അമുലിന്റെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യം ഫ്രോസണ്‍ ഡെസര്‍ട്ട് നിര്‍മ്മാതാക്കളായ കമ്പനികള്‍ക്ക് ആശങ്ക സൃഷ്ടിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സംഘടനയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഒരു ഉപഗ്രൂപ്പ് തങ്ങള്‍ ഉണ്ടാക്കിയെന്നും പബ്രൈ പറഞ്ഞു. അമൂല്‍ നിര്‍മ്മാതാക്കളും എച്ച്‌യുഎല്ലും അസോസിയേഷനില്‍ അംഗങ്ങളാണ്.

ഈ മാസമാണ് അമൂലിന്റെ വിവാദ പരസ്യം പുറത്ത് വന്നത്. ഫ്രോസണ്‍ ഡെസര്‍ട്ട് ഉപഭോക്താക്കളില്‍ ആശങ്ക നിറയ്ക്കുന്ന തെറ്റായ പ്രസ്താവനകളാണ് പരസ്യത്തിലുള്ളതെന്ന് എച്ച്‌യുഎല്‍ ഇ മെയില്‍ പ്രസ്താവനയിലൂടെ വെള്ളിയാഴ്ച പറഞ്ഞിരുന്നു. 2011 ല്‍ ഐസ്‌ക്രീം, ഫ്രോസണ്‍ ഡെസര്‍ട്ട് നിര്‍മ്മാതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഇരുവിഭാഗത്തിനും വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്.

സമാനമായ പരസ്യത്തിന്റെ പേരില്‍ എച്ച്‌യുഎല്‍ 2016 ഒക്‌റ്റോബറിലും അമുലിനെതിരേ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അമുലിന് അനൂകൂലമായ വിധിയാണ് ഉണ്ടായതെന്ന് ജിസിഎംഎംഎഫ് മാനേജിങ് ഡയറക്റ്റര്‍ ആര്‍ എസ് സോധി പറഞ്ഞു. ‘ഫ്രോസണ്‍ ഡെസര്‍ട്ട് മോശമാണെന്നോ സസ്യ എണ്ണകള്‍ നല്ലതാണെന്നോ നല്ലതല്ലെന്നോ ഞങ്ങള്‍ ഉപഭോക്താക്കളോട് പറയുന്നില്ല. ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കല്‍ നടത്താനുള്ള അവബോധം നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഉപഭോക്താക്കളെ ഉല്‍പ്പന്നത്തെ കുറിച്ച് അറിയിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്, ‘ സോധി കൂട്ടിച്ചേര്‍ത്തു.

2016ല്‍ 17 ശതമാനം വിപണി വിഹിതവുമായി ഫ്രോസണ്‍ ഡെസര്‍ട്ട്, ഐസ്‌ക്രീം വിപണിയില്‍ ഒന്നാമതായിരുന്നു ജിസിഎംഎംഎഫ്. എന്നാല്‍ ചെറിയ കമ്പനികളുടെ വികാസം അവര്‍ക്ക് തിരിച്ചടിയായെന്ന് യൂറോമോണിറ്റര്‍ റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: Business & Economy